12 December Thursday

ബിജെപി വോട്ടുകച്ചവടം നേതൃത്വത്തിന്റെ അറിവോടെ ; ഇടനിലക്കാരൻ കേരള കോൺഗ്രസ്‌ നേതാവ്‌

കെ ടി രാജീവ്‌Updated: Thursday Oct 3, 2019


പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ വോട്ട്‌ വിൽപന സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ. ഇടനിലക്കാരനായി പ്രവർത്തിച്ചത്‌ പാലായിലെ കേരള കോൺഗ്രസ്‌ മാണി വിഭാഗം സംസ്ഥാന നേതാവ്‌. ജോസ്‌ ടോം വിജയിക്കുമെന്ന ഉറപ്പ്‌  എല്ലാ കോൺഗ്രസ്‌ നേതാക്കൾക്കും ഇദ്ദേഹം  നൽകി.  പതിനായിരത്തിൽപരം വോട്ടാണ്‌ ബിജെപി യുഡിഎഫിന്‌ മറിച്ചത്‌.  

കൊട്ടിക്കലാശം നടന്ന സെപ്‌തം. 20ന്‌ രാത്രി ബിജെപിയുടെ ചില നേതാക്കൾ കേരള കോൺഗ്രസ്‌ നേതാവിന്റെ വീട്ടിലെത്തിയാണ്‌ ഉറപ്പ്‌ നൽകിയത്‌. ഇക്കാര്യം കോൺഗ്രസ്‌ നേതാക്കൾക്കും അറിയാമായിരുന്നു. ഇക്കാര്യമാണ്‌ ബിജെപി പാലാ നിയോജകണ്ഡലം പ്രസിഡന്റായിരുന്ന അഡ്വ. ബിനു പുളിക്കകണ്ടം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടൻ വ്യക്തമാക്കിയത്‌. ബിജെപിക്ക്‌ വോട്ട്‌ കുറഞ്ഞ ബൂത്തുകളിൽ മാത്രമാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ ലീഡെന്നത്‌ വോട്ട്‌ കച്ചവടം അടിവരയിടുന്നു.

ബിജെപി സ്ഥാനാർഥിയും ജില്ലാ പ്രസിന്റുമായ എൻ ഹരി 2016ൽ കെ എം മാണിയോട്‌ തോറ്റതാണെന്നും പാലാ മണ്ഡലത്തിൽതന്നെയുള്ള സംസ്ഥാന നേതാക്കളിലൊരാളെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ട്‌ പാലായിലെ ഭാരവാഹികൾ സംസ്ഥാന നേതൃത്വത്തിന്‌  കത്തുകളയച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്ത്‌ സംസ്ഥാനപ്രസിഡന്റും എൻ ഹരിയും ചില നേതാക്കളും ആലോചിച്ചാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. ഇത്‌ പാലായിലെ ചില ഭാരവാഹികൾ അംഗീകരിച്ചില്ല. രണ്ട്‌ തവണ കൺവൻഷൻ വിളിച്ചിട്ടും എതിർപ്പുകളെതുടർന്ന്‌ നടന്നില്ല. പ്രചാരണങ്ങളിൽ യുഡിഎഫിനെതിരെ ഒന്നും പറയാതെ എൽഡിഎഫ്‌ ആണ്‌ പ്രധാന ശത്രുവെന്നും ഏതുവിധേനയും എൽഡിഎഫിനെ തോൽപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപിക്കായി വോട്ടുചോദിച്ചുമില്ല.  ബൂത്തുകളെല്ലാം നിർജീവമായിരുന്നു.

ബിജെപി തോൽപ്പിച്ച മൂന്നാം വാർഡിൽ
ജോസ്‌ ടോമിന്‌ 196 വോട്ട്‌ ലീഡ്‌
യുഡിഎഫ്‌ സ്ഥാനാർഥി ജോസ്‌ ടോമിന്‌ വോട്ട്‌കൂടിയ ബൂത്തുകളിലെല്ലാം ബിജെപിക്ക്‌ വോട്ട്‌ ഗണ്യമായി കുറഞ്ഞു. മുമ്പുനടന്ന  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മീനച്ചിൽ മൂന്നാംവാർഡായ ഇടമറ്റത്ത്‌ ബിജെപി സ്ഥാനാർഥിയോട്‌ 40 വോട്ടിന്‌ പരാജയപ്പെട്ട ജോസ്‌ ടോമിന്‌ ഇത്തവണ 196 വോട്ട്‌ അധികം ലഭിച്ചു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 324 വോട്ട്‌ കിട്ടിയ ബിജെപിക്ക്‌ ഇക്കുറി കിട്ടിയത്‌ 40 വോട്ടുമാത്രം.  ജോസ്‌ ടോമിന്റെ വോട്ട്‌ 284 ൽനിന്ന്‌   465 ആയി കൂടി.
ബിജെപിക്ക്‌ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിനേക്കാളും 129 വോട്ടും കുറവാണ്‌. 

ജോസ്‌ ടോമിന്റെ വീടിരിക്കുന്ന 146ാം ബൂത്തിൽ 250ലേറെ വോട്ടുള്ള ബിജെപിക്ക്‌ ലഭിച്ചത്‌ വെറും 97. ഇവിടെ യുഡിഎഫിന്‌ 357 വോട്ട്‌. യുഡിഎഫ്‌ സ്ഥാനാർഥി മേൽകൈനേടിയ   മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലും ബിജെപിയുടെ വോട്ട്‌ ഗണ്യമായി കുറഞ്ഞു.  ഇവിടെ പഞ്ചായത്ത്‌ അംഗങ്ങളും ബിജെപിക്കുണ്ട്‌. മീനച്ചിലിൽമാത്രം 1000ലധികം വോട്ടിന്റെ കുറവുണ്ട്‌. രാമപുരത്തും വൻതോതിൽ ബിജെപി വോട്ട്‌ മറിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,825 വോട്ടും ഇക്കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 33472 വോട്ടും ലഭിച്ച ബിജെപിക്ക്‌ ഉപതെരഞ്ഞെടുപ്പിൽ 18,044 വോട്ട്‌ മാത്രം.
പി സി ജോർജിന്റെയും പി സി തോമസിന്റെയും സ്വാധീനം കൂടിയാവുമ്പോൾ  കുറേക്കൂടി വോട്ട്‌ ലഭിക്കണം. 15,428 വോട്ടിന്റെ കുറവുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top