18 October Friday

അവർ ഓർക്കുന്നു കുരിശേന്തിയ കുർബാനയും അച്ഛന്റെ മരണവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019


മട്ടാഞ്ചേരി
ആറു പതിറ്റാണ്ടു മുമ്പാണ്‌ സംഭവം. ഫോർട്ടുകൊച്ചി ബസിലിക്കയിൽ പുലർച്ചെ കുർബാന നടക്കുകയാണ്‌. അവിടെ മരക്കുരിശും കൈയിലേന്തി ഒരു ചെറുപ്പക്കാരി. വിശ്വാസികൾ   മന്ത്രിച്ചു: ‘എന്താണ്‌ ഇവൾ ചെയ്‌ത കുറ്റം’? ആരോ പറഞ്ഞു: ‘‘അവൾ നാടകത്തിൽ അഭിനയിച്ചത്രെ’’.

സ്‌ത്രീകൾ നാടകത്തിൽ അഭിനയിക്കുന്നതിന്‌ അക്കാലത്ത്‌ കർശനമായ മതവിലക്കുണ്ട്‌. ഇത്തരം തെറ്റിനുള്ള ശിക്ഷയാണ്‌ കുരിശും പിടിച്ച്‌ കുർബാന കാണൽ. കലാജീവിതത്തിൽ തനിക്കു നേരിടേണ്ടിവന്ന ദുരിതങ്ങൾ ഓർത്തെടുക്കുകയായിരുന്നു പ്രശസ്‌ത നടി കെപിഎസി ബിയാട്രീസ്‌. കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്‌ ലഭിച്ച നാടകനടൻ ഐ ടി ജോസഫിനെ അനുമോദിക്കാൻ തോപ്പുംപടിയിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായിരുന്നു ബിയാട്രീസ്‌ അടക്കം 15 വനിതാ നാടക പ്രവർത്തകർ. സമൂഹത്തിൽനിന്നുള്ള പലതരം വെല്ലുവിളികളെ അതിജീവിച്ച്‌ ലോകമറിയുന്ന കലാകാരികളായി വളർന്ന അനുഭവം എല്ലാവരും പങ്കുവച്ചു.

‘‘ഒരു അരങ്ങിൽനിന്ന് മറ്റൊന്നിലേക്കായിരുന്നു അക്കാലത്ത്‌ നാടകപ്രവർത്തകരുടെ യാത്ര. ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടിൽ എത്തുന്നത്. ഇത്തരത്തിൽ യാത്രയിലായിരുന്ന ഞാൻ അച്ഛന്റെ മരണവിവരം അറിഞ്ഞത്‌ പതിനേഴു ദിവസങ്ങൾക്കു ശേഷമാണ്’’. അമ്മിണി ഏണസ്റ്റ് ഓർമിച്ചു. പുതുതലമുറയ്‌ക്ക്‌ ഇതു വല്ലതും അറിയാമോ എന്നായിരുന്നു പഴയ താരങ്ങളുടെ ചോദ്യം. പൗളി വൽസൺ, ഗ്രേസി ജോൺ, സീതാ വിജയൻ, ആലപ്പി തങ്കം, ലിയാവർമ, ജെസി ജോൺ, വീണ പ്രകാശ് എന്നിവരും കൂട്ടായ്മയിൽ പങ്കെടുത്തു.


 


പ്രധാന വാർത്തകൾ
 Top