30 September Saturday
രണ്ടുദിവസംകൂടി അതിതീവ്ര മഴ

കൂടുതൽ ഡാമുകൾ തുറന്നു , സംസ്ഥാനമാകെ കനത്ത ജാഗ്രത ; ഇന്ന്‌ 10 ജില്ലയിൽ റെഡ്‌ അലെർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്‌ജിലെ മുഴുവൻ ഷട്ടറുകളും ഉയർത്തിയപ്പോൾ


തിരുവനന്തപുരം
അതിശക്തമായി തുടരുന്ന മഴയിൽ സംസ്ഥാനമാകെ കനത്ത ജാഗ്രത. ഇടുക്കിയിൽ  മാത്രം അഞ്ച്‌ ചെറിയ ഡാമുകൾ തുറന്നു. പാലക്കാട്‌ പോത്തുണ്ടി അണക്കെട്ട്‌ തുറന്നു. മംഗലംഡാം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി.  എല്ലാ ജില്ലകളിലും കൂടുതൽ ക്യാമ്പുകൾ തുറന്നു. ചൊവ്വാഴ്‌ചയും വൻ നാശനഷ്‌ടമുണ്ടായി. ആലപ്പുഴ അപ്പർ കുട്ടനാടൻ മേഖലയിൽ വെള്ളം കയറി.  നാടുകാണി ചുരത്തിൽ രാത്രിയാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്‌. പാലക്കാട്‌ മംഗലംഡാം വണ്ടാഴി തളികക്കല്ല്‌ കോളനിയിലും നെല്ലിയാമ്പതി കാരപ്പാറയിലും ഉരുൾപൊട്ടി.   രക്ഷാപ്രവർത്തനത്തിന്‌ മത്സ്യത്തൊഴിലാളികളുടെ മൂന്ന്‌ ബോട്ടിൽ 12 പേരുടെ സംഘത്തോട് പുറപ്പെടാൻ ഫിഷറീസ് വകുപ്പ്‌  നിർദേശിച്ചു.

കോട്ടയത്ത്‌ മഴയുടെ ശക്തി നേരിയതോതിൽ കുറഞ്ഞെങ്കിലും അപകടഭീതി മാറിയിട്ടില്ല.  കൂട്ടിക്കൽ മ്ലാക്കര പാലം ഒലിച്ചുപോയി.  പത്തനംതിട്ടയിൽ കിഴക്കൻ മേഖലയിൽ മഴ ശക്തം. ചൊവ്വ രാവിലെ നേരിയ കുറവുണ്ടായി.  വയനാട്‌ മുത്തങ്ങയിൽ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി മുടങ്ങി. തകരപ്പാടിമുതൽ പൊൻകുഴി കാട്ടുനായ്‌ക്ക കോളനിവരെയുള്ള വനഭാഗത്താണ്‌ വെള്ളം കയറിയത്‌.‌ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.

കൊല്ലം ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്ത്‌ ചൊവ്വാഴ്‌ച പകൽ കുളിക്കാനിറങ്ങിയ അയത്തിൽ സ്വദേശി നൗഫലിനെ  കാണാതായി.  എറണാകുളം കോതമംഗലം കോട്ടപ്പടി പേഴാട് ഭാഗത്ത് പൊട്ടിവീണ കമ്പിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ്‌ കാട്ടാന ചരിഞ്ഞു. മലങ്കര ഡാം തുറന്നത്‌ കിഴക്കൻമേഖലയെ വെള്ളക്കെട്ടിലാക്കി. 547 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് തകരാറിലായി.

ദുരിതപ്പെയ്‌ത്ത്‌
 ; 6 നദിയിൽ പ്രളയമുന്നറിയിപ്പ്
സംസ്ഥാനത്ത്‌ കൊടിയ നാശംവിതച്ച്‌ ദുരിതപ്പെയ്‌ത്ത്‌ തുടരുന്നു. ചൊവ്വാഴ്‌ചമാത്രം ആറു മരണം സ്ഥിരീകരിച്ചു. കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണി വനത്തിൽ പശുവിനെ തീറ്റാൻ പോയ കാവനാക്കുടി പൗലോസ്(65), കോട്ടയം കൂട്ടിക്കൽ ചപ്പാത്തിൽനിന്ന്‌ തിങ്കളാഴ്‌ച ഒലിച്ചുപോയ കുന്നുപറമ്പിൽ റിയാസ്‌(47), നിലമ്പൂർ മൂത്തേടത്തെ മുഹമ്മദ്‌ അദ്‌നാൻ (16), കണ്ണൂർ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), മണ്ണാളി ചന്ദ്രൻ (55), പൂളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസ്സുള്ള മകൾ നൂമ തസ്മീൻ,  എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 13 ആയി. മൂന്നു പേരെ കാണാതായി. തൃശൂരിൽ രണ്ടുപേരെയും പത്തനംതിട്ടയിൽ ഒരാളെയുമാണ്‌ കാണാതായത്‌. മൂന്നു പേർക്ക്‌ പരിക്കേറ്റു. 27 വീട്‌ പൂർണമായും 126 വീട്‌ ഭാഗികമായും തകർന്നു. 102 ക്യാമ്പിലായി 2368 പേരെ മാറ്റിപ്പാർപ്പിച്ചു.

രണ്ടു ദിവസംകൂടി അതിതീവ്ര മഴ തുടരുമെന്നാണ്‌ മുന്നറിയിപ്പ്‌. ബുധനാഴ്‌ച 10 ജില്ലയിൽ റെഡ്‌ അലർട്ടും നാല്‌ ജില്ലയിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു. അച്ചൻകോവിൽ, ഗായത്രിപ്പുഴ, മീനച്ചിലാർ, മണിമലയാർ, നെയ്യാർ, കരമനയാർ നദികളിൽ കേന്ദ്ര ജല കമീഷൻ പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകി.  മണിമലയാർ രണ്ടിടങ്ങളിൽ അപകടനിലയ്‌ക്ക്‌ മുകളിലാണ്‌ വെള്ളം. കോട്ടയത്ത്‌ ഒരിടത്തും കണ്ണൂരിൽ നാലിടത്തും പാലക്കാട്‌ രണ്ടിടത്തും ഉരുൾപൊട്ടി.  പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കടൽക്ഷോഭത്തിൽ തീരമേഖലകളിലും വൻനാശമുണ്ട്‌. കേരളം, ലക്ഷദ്വീപ്‌ തീരങ്ങളിൽ വ്യാഴംവരെയും കർണാടകത്തിൽ ശനി വരെയും മീൻപിടിത്തം നിരോധിച്ചു.

റവന്യു മന്ത്രി കെ രാജൻ കലക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി.  ദേശീയ ദുരന്ത നിവാരണസേനയുടെ ഒമ്പതു സംഘത്തെയും ഡിഫൻസ്‌ സെക്യൂരിറ്റി കോർപ്‌സ്‌ രണ്ട്‌ യൂണിറ്റിനെയും വിവിധ ജില്ലകളിൽ വിന്യസിച്ചു. ശബരിമലയിൽ  സംഘത്തെ വിന്യസിച്ചിട്ടുണ്ട്‌.

സീസണിലെ കൂടിയ മഴ
ഈ കാലവർഷത്തിലെ ഏറ്റവും കൂടിയ മഴയാണ്‌ ചൊവ്വ രാവിലെ 8.30ന്‌ അവസാനിച്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്‌. സംസ്ഥാനത്താകെ ശരാശരി 66.45 മി.മീ മഴ ലഭിച്ചു. ജൂലൈ 11ന്‌ ലഭിച്ച 44 മി.മീ. ആയിരുന്നു മുമ്പത്തെ കൂടിയ മഴ. വെറ്റിലപ്പാറയിൽ 233.1, തീക്കോയ്‌–-213.4, ഭൂതത്താൻകെട്ട്‌–-211.6, തൃപ്രയാർ–-210 മി.മീ. മഴ ലഭിച്ചു.

താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റർ 24 മണിക്കൂറും
സംസ്ഥാനത്തെ എല്ലാ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും 24 മണിക്കൂറും സജ്ജമായിരിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദേശിച്ചു. കലക്ടർമാരുടെയും മറ്റ്‌ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം നൽകിയത്. താലൂക്ക് സെന്ററുകളിൽ ഡെപ്യൂട്ടി തഹസിൽദാർക്ക് ചാർജ്‌ നൽകണം. ആവശ്യമായ സാധനസാമഗ്രികളും രക്ഷാ ഉപകരണങ്ങളും ഉറപ്പാക്കണം. ജില്ലാ, താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ പൊലീസ്, ഫയർഫോഴ്‌സ്, ജലവിഭവം, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ജോലിസ്ഥലത്തിന് സമീപം ക്യാമ്പ് ചെയ്യണം. വരുന്ന നാലു ദിവസവും എല്ലാ ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ലീവ് അനുവദിക്കരുതെന്നും മന്ത്രി നിർദേശിച്ചു.

ശബരിമല 
തീര്‍ഥാടനത്തിന് 
വിലക്കില്ല
പത്തനംതിട്ടയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ശബരിമല തീർഥാടനത്തിന് വിലക്കില്ല. എന്നാൽ പമ്പാസ്നാനം അനുവദിക്കില്ല. നിറപുത്തരി ആഘോഷത്തിന് ബുധൻ വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. തീർഥാടകരെ സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top