27 September Sunday
പുതുതായി ചേർന്നതിൽ എംബിഎക്കാരും എൻജിനിയറും

കൈക്കോട്ടും കണ്ടിട്ടുണ്ട്‌; കൈയിൽ തഴമ്പുമുണ്ട്‌ ; തൊഴിലുറപ്പ്‌ പദ്ധതിയിൽ രണ്ടു‌ലക്ഷം യുവാക്കൾ

പി വി ജീജോUpdated: Monday Aug 3, 2020

കോഴിക്കോട്‌ നൊച്ചാട്‌ പഞ്ചായത്തിലെ കളോളിപ്പൊയിലിൽ തൊഴിലുറപ്പിലേർപ്പെട്ട യുവാക്കൾ


കോഴിക്കോട്‌
ഓട്ടോമൊബൈൽ എൻജിനിയറായ കൃഷ്‌ണകുമാർ, മലയാളം ബിരുദവിദ്യാർഥി സുചിത്ര, കെമിക്കൽ എൻജിനിയറിങ്‌‌ ഡിപ്ലോമക്കാരനായ അഖിൽ ഇവർക്കെല്ലാം കോവിഡ്‌ കാലത്തും പണിയുണ്ട്‌. പക്ഷേ, പണിയായുധം കംപ്യൂട്ടറല്ല കൈക്കോട്ടാണെന്നുമാത്രം. എസി മുറിയിൽനിന്ന്‌ മണ്ണിലിറങ്ങി പണിയെടുക്കുന്ന യുവതയുടെ  കാഴ്‌ചയാണ്‌ കോവിഡ്‌കാലത്തും പുതിയ പ്രതീക്ഷയാകുന്നത്‌. രണ്ടു‌ലക്ഷം യുവജനങ്ങളാണ്‌  ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ പുതുതായി അംഗങ്ങളായത്‌. ഇതുവഴി അഭ്യസ്‌തവിദ്യരായ അരലക്ഷംപേർ പാഠത്തുനിന്ന്‌ പാടത്തേക്കിറങ്ങി. മറ്റ്‌ തൊഴിൽമേഖലകൾ ദുർബലമായത്‌ യുവാക്കളെ തൊഴിലുറപ്പിന്റെ സുരക്ഷയിലേക്ക്‌ ആകർഷിക്കുന്നു‌. 

കാസർകോട്ടെ ബേഡകം പഞ്ചായത്തുമുതൽ പത്തനംതിട്ടയിലെ തോട്ടപ്പുഴശേരിയിൽവരെ ഇത്‌ ‌പ്രകടം. തോട്ടപ്പുഴശേരിയിൽ ഓട്ടോമൊബൈൽ എൻജിനിയറായ കെ പി കൃഷ്‌ണകുമാർ തന്റെ അനുഭവം അഭിമാനത്തോടെ പങ്കിട്ടത്‌ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി . കോഴിക്കോട്ടെ നൊച്ചാട്‌ പഞ്ചായത്തിൽ 120  കോളേജ്‌ വിദ്യാർഥികളാണ്‌  തൊഴിലുറപ്പിനിറങ്ങിയത്‌‌‌. 291 രൂപയാണ്‌  ദിവസക്കൂലി. ഈ ദുരിതകാലത്ത്‌ വലിയ സഹായമാണ് ഇതെന്ന്‌ ടൂറിസം അഡ്‌മിനിസ്‌ട്രേഷനിൽ പിജിയുള്ള വിപിൻലാലും അഭിരാമും ദീപക്കും അക്ഷയ്‌ ബാബുവുമെല്ലാം പറയുന്നു.

മേപ്പയ്യൂരിൽ കെമിക്കൽ എൻജിനിയറായ സി എം മിഥുനടക്കം 30 പേരുണ്ട്‌  തൊഴിൽസേനയിൽ. കോട്ടയത്ത്‌ പൂഞ്ഞാറിൽ ഉണ്ണിക്കൃഷ്‌ണനെന്ന ചെറുപ്പക്കാരൻ അമ്മ ഓമനക്കുട്ടിക്കൊപ്പം ചേർന്ന്‌ 60 പ്രവൃത്തിദിനം പൂർത്തിയാക്കി. കണ്ണൂരിലെ ആറളത്തും ഉദയഗിരിയിലുമായി എംബിഎ ബിരുദധാരിയും ഹോട്ടൽ മാനേജ്‌മെന്റിലും ഇന്റീരിയർ ഡിസൈനിങ്ങിലും ഡിപ്ലോമക്കാരുമായ 22 പേർ‌ കലുങ്ക്‌ കെട്ടുകയും പാറപൊട്ടിക്കുകയും ചെയ്യുന്നു.

കോട്ടയം നാരങ്ങേനത്ത്‌ ബിരുദവിദ്യാർഥിയായ സുചിത്ര അമ്മയ്‌ക്കൊപ്പമാണ്‌ തൊഴിലുറപ്പിന്‌ പോകുന്നത്‌.  കോഴിക്കോട്‌ ജില്ലയിൽ പുതിയ രജിസ്‌ട്രേഷനിൽ 18,843 യുവജനങ്ങൾ തൊഴിലുറപ്പിൽ ചേർന്നതായി തൊഴിലുറപ്പ്‌ ജോയിന്റ്‌ പ്രോഗ്രാം കോ–- ഓർഡിനേറ്റർ ടി എം മുഹമ്മദ്‌ ഷാ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top