13 July Monday

52.85 ലക്ഷം കുടുംബത്തിന്‌ കുടിവെള്ളം ;ജീവൻ മിഷന്‌ ഭരണാനുമതി; 22,720 കോടി ചെലവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ 52.85 ലക്ഷം ഗ്രാമീണ കുടുംബത്തിന്‌ കുടിവെള്ളം എത്തിക്കുന്ന ജൽ ജീവൻ മിഷന്‌ ഭരണാനുമതി. കേന്ദ്രവും സംസ്ഥാനവും തുല്യമായി തുക വകയിരുത്തുന്ന പദ്ധതിക്ക്‌ 22,720 കോടി രൂപയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്‌.  ഈവർഷം 880 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക്‌ മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതിൽ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. 400 കോടി രൂപ കേന്ദ്രസർക്കാരും 80 കോടി രൂപ തദ്ദേശ സ്ഥാപനങ്ങളും വഹിക്കും. 2024ൽ പൂർത്തിയാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗ്രാമപഞ്ചായത്തുകൾക്കാണ്‌ പദ്ധതി നടത്തിപ്പിന്റെ പ്രധാന ചുമതല. ഒന്നിലധികം പഞ്ചായത്തുകളുള്ള പദ്ധതിയിൽ ഗ്രാമ–-ബ്ലോക്ക്–-ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടുത്തി ഏകോപനത്തിനായി വിവിധ കോ–-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. 10 ശതമാനം ഉപഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെയാണ് ഈവർഷം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതെന്ന്‌  മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രത്യേക വിഭാഗങ്ങൾക്ക് ഇളവുകൾ നൽകുന്നകാര്യം പഞ്ചായത്തുകൾക്ക് തീരുമാനിക്കാം.സംസ്ഥാന പദ്ധതികൾകൂടി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top