08 August Saturday

‘അനുഭവങ്ങൾ പാളിച്ചകളി’ൽ ജീവിച്ച പുഷ‌്പാകരൻ

സ്വന്തം ലേഖകൻUpdated: Monday Jun 3, 2019

കൊച്ചി
അനശ്വര നടൻ സത്യനെ മുഖ്യകഥാപാത്രമാക്കി കെ എസ‌് സേതുമാധവൻ സംവിധാനം ചെയ‌്ത‌് 1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ തൊഴിലാളിപ്രകടനത്തിന്റെയും തുടർന്നുള്ള സംഘർഷത്തിന്റെയും രംഗങ്ങളുണ്ട‌്. പ്രകടനത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളേന്തിയ പതാകകളിൽ ഇസിടിയു എന്ന‌് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. ഞായറാഴ‌്ച അന്തരിച്ച സിഐടിയു നേതാവ‌് കെ എ പുഷ‌്പാകരൻ രൂപംനൽകിയ എറണാകുളം ചുമട്ടുതൊഴിലാളി യൂണിയന്റെ ചുരുക്കെഴുത്താണ‌് ഇസിടിയു എന്നറിയുമ്പോൾ അമ്പരപ്പ‌് തോന്നുന്നവർ, ആ പ്രകടനം സംഘടിപ്പിച്ചതും നയിച്ചതും കെ എ പുഷ‌്പാകരനായിരുന്നു എന്നുകൂടി അറിയുക.

ചിത്രത്തിന്റെ നിർമാതാക്കളായ മഞ്ഞിലാസ‌് എം ഒ ജോസഫ‌് സിഐടിയു നേതാവ‌് എം എം ലോറൻസിനെ സമീപിച്ചാണ‌് ആവശ്യം ഉന്നയിച്ചത‌്. സിനിമയിൽ ചിത്രീകരിക്കാൻ ഒരു തൊഴിലാളിപ്രകടനം വേണം. തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി പ്രതിഷേധവും പ്രകടനങ്ങളും പതിവായി സംഘടിപ്പിക്കുന്ന കെ എ പുഷ‌്പാകരനെ നിർദേശിച്ചതും എം എം ലോറൻസാണ‌്. തുടർന്ന‌് കെ എ പുഷ‌്പാകരന്റെയും അലി അക‌്ബറിന്റെയും നേതൃത്വത്തിൽ ഹൈക്കോടതി ജങ‌്ഷനുസമീപത്തെ പൊക്കുപാലത്തിലൂടെ സംഘടിപ്പിച്ച പ്രകടനത്തിൽ സത്യൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ അണിനിരന്നു.സിനിമയിലെ രംഗത്തിൽ  ജൂനിയർ ആർട്ടിസ‌്റ്റുകളുടെ യാന്ത്രികചലനങ്ങൾക്കപ്പുറം ജീവൻ നൽകിയത‌് അതിൽ തൊഴിലാളികളുടെ ആവേശമായിരുന്നു. ആവശ്യങ്ങൾക്കുവേണ്ടി പൊരുതുന്ന തൊഴിലാളികൾക്ക‌് സിനിമയിലെ രംഗത്തോട‌് താദാത്മ്യംപ്രാപിക്കാൻ കഴിഞ്ഞു.

തൊഴിലാളികളുടെ പ്രകടനം എവിടെയുണ്ടെങ്കിലും പുഷ‌്പാകരൻ മുന്നിലുണ്ടാകുമെന്ന‌് എറണാകുളത്തുകാർ പറഞ്ഞിരുന്ന കാലമുണ്ട‌്. അതിൽ തരിപോലും തമാശയില്ല എന്നതാണ‌് യാഥാർഥ്യം. ചുമട്ടുതൊഴിലാളികളോ ഹോട്ടൽതൊഴിലാളികളോ ഓട്ടോറിക്ഷത്തൊഴിലാളികളോ എന്നുവേണ്ട പണിയെടുക്കുന്ന ആരുടെയും ന്യായമായ ആവശ്യങ്ങൾക്കുമുന്നിൽ എന്നും കെ എ പുഷ‌്പാകരൻ ഉണ്ടായിരുന്നു. എല്ലാ പ്രകടനങ്ങൾക്കും മുന്നിൽ നിൽക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന‌് അടുപ്പമുള്ളവരോട‌് പുഷ‌്പാകരൻ പറഞ്ഞിരുന്ന മറുപടി ഇതായിരുന്നു–- ‘പ്രകടനം തുടങ്ങുമ്പോൾ ഒരു കൊടിയുമായി ഞാൻ പിന്നിൽ നിൽക്കും. പക്ഷേ എന്റെ പ്രിയപ്പെട്ട തൊഴിലാളികൾ എന്റെ പിന്നിൽ വന്നുനിൽക്കും’. അണികൾക്കിടയിൽനിന്ന‌് വളർന്നുവരുന്നയാളാണ‌് നേതാവ‌് എന്ന വിനയം എക്കാലവും പുഷ‌്പാകരൻ കാത്തുസൂക്ഷിച്ചു‌.

അടുപ്പമുള്ള സഹപ്രവർത്തകരുടെ ‘താവു’ ആയിരുന്നു പുഷ‌്പാകരൻ. വലിപ്പച്ചെറുപ്പമില്ലാതെ തൊഴിലാളികളെ ചേർത്തുനിർത്തിയ പ്രിയനേതാവിനെ വല്യമ്മാവൻ എന്ന അർഥത്തിൽ സ‌്നേഹബഹുമാനങ്ങളോടെ വിളിച്ചിരുന്ന ഓമനപ്പേര‌്. എറണാകുളത്തെ സിഐടിയു, സിപിഐ എം പ്രവർത്തകരും നേതാക്കളും ആ സ‌്നേഹം അടുത്തറിഞ്ഞ‌് വളർന്നുവന്നവരാണ‌്. വ്യാപാരികളെയും അവരുടെ ഗുണ്ടാപ്പടയെയും വകവയ്ക്കാതെ തൊഴിലാളികളെ സംഘടിപ്പിച്ച‌് സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച അദ്ദേഹം, നിർത്താതെ കണ്ണീർവാർത്ത ദിവസം എറണാകുളത്തെ പ്രവർത്തകരുടെ മനസ്സിൽ മായാതെയുണ്ട‌്. ചെറായിയിൽ മുങ്ങിമരിച്ച മകൻ ദീപുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴായിരുന്നു അത‌്. സംഘർഷസ്ഥലങ്ങളിൽ ഒരു നോട്ടംകൊണ്ട‌് തൊഴിലാളികളെ പിടിച്ചുനിർത്തിയിരുന്ന അദ്ദേഹത്തിന‌് താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു ആ സംഭവം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top