20 October Tuesday

രംഗപടം മാറി, ബിജുവിന്റെ വേഷവും

പി കെ രവീന്ദ്രൻUpdated: Friday Oct 2, 2020


വൈപ്പിൻ
പള്ളിപ്പുറം വില്ലേജ് ഓഫീസിനു മുന്നിൽ  ഓട്ടോ ടാക്‌സിയുമായി  സവാരിക്കാരെ കാത്തുനിൽക്കുമ്പോൾ   ബിജു ജയാനന്ദന്റെ മുഖത്ത്‌ ചായങ്ങളില്ല.  കൈയടികൾ കിട്ടാത്ത ഈ പുതിയ വേഷവുമായി ഇതിനകം ‌ഇദ്ദേഹം  ‌ ഇണങ്ങിക്കഴിഞ്ഞു.  കുടുംബത്തിന്റെ പട്ടിണി അകറ്റാനുള്ള തത്രപ്പാടിൽ, അരങ്ങിലെ  ത്രസിപ്പിക്കുന്ന ഓർമകൾക്ക്‌ തൽക്കാലം വിട. 

പള്ളിപ്പുറം സ്വദേശിയായ ബിജു കാൽനൂറ്റാണ്ടായി പ്രൊഫഷണൽ നാടകത്തിൽ അഭിനയിക്കുന്നു. അതിഭാവുകത്വമില്ലാതെയുള്ള അഭിനയം  അഖില കേരള പ്രൊഫഷണൽ നാടക മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി അവാർഡുകളും  വാരിക്കൂട്ടി.  മികച്ച  നാടകമാണെങ്കിൽ വർഷം 200 കളിയെങ്കിലും കിട്ടും. ദിവസം 2500 രൂപയാണ്‌  വരുമാനം.  കുടുംബം കരപറ്റുന്നതിനിടെയാണ്‌  ജീവിതത്തിലെ രംഗപടം  മാറിയത്‌. 

മാർച്ച് 12ന്  കൊല്ലത്ത് ഒരു ക്ഷേത്രത്തിൽ  നാടകം കളിച്ചുകൊണ്ടിരിക്കെയാണ്‌   ലോക്ക്‌ഡൗൺ പ്രഖ്യാപനം.    പ്രതീക്ഷകൾക്ക്‌  അതോടെ തിരശ്ശീല വീണു. ആറ്‌ അംഗങ്ങളുള്ള  കുടുംബം പോറ്റാൻ  വഴിയില്ലാതായി.  ഒടുവിൽ, പണയവും കൈവായ്‌പയും എല്ലാം സ്വരുക്കൂട്ടി ഒരു ഓട്ടോ  ടാക്സി വാങ്ങി  നിരത്തിലിറങ്ങി.  250 രൂപയെങ്കിലും ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്‌ ഈ അനുഗ്രഹീത നടൻ.   ആലുവ ശാരികയിലൂടെയായിരുന്നു ബിജുവിന്റെ അരങ്ങേറ്റം. 

അമ്മാവനായ  നടൻ സലിംകുമാർവഴിയാണ്‌ അവസരം കിട്ടിയത്‌. വള്ളുവനാട് ഭീഷ്മയുടെ ‘സാമൂഹ്യപാഠം’, പാല കമ്യൂണിക്കേഷന്റെ ‘ഫെയ്സ് ബുക്കിൽ കണ്ട മുഖം’, വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ ‘ചില നേരങ്ങളിൽ ചിലർ’, ‘വെയിൽ’ എന്നീ നാടകങ്ങളിൽ  പ്രധാനവേഷം ചെയ്തു.  സീ കേരളം ചാനലിനുവേണ്ടി  ഷാജി അസീസ് സംവിധാനം ചെയ്ത ‘അടുത്ത ബെല്ലോടുകൂടി’  സീരിയലിൽ നായകനായിരുന്നു. ചില  സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. 

സ്വപ്‌നങ്ങൾക്ക്‌ ബ്രേക്കിട്ട്‌, യാത്രക്കാരെ  ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാനുള്ള  ഓട്ടത്തിലാണ് ഇന്ന്‌ ബിജു. അച്ഛൻ  ജയാനന്ദൻ, അച്ഛന്റെ സഹോദരി രമണി, ഭാര്യ ഷാലിമ, മക്കളായ ഭരത് കൃഷ്ണ, വേദ എന്നിവർക്കൊപ്പം കോവിലകത്തുംകടവിലെ ചെറിയവീട്ടിൽ  അടുപ്പ്‌ പുകയ്‌ക്കാൻ  ബിജുവിനു മുന്നിൽ മറ്റു വഴികളില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top