25 October Sunday

തട്ടിപ്പ്‌ പ്രതി ഷൗക്കത്തിന്റെ മുഖ്യസ്‌പോൺസർ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


സ്വന്തം ലേഖകൻ
മെഡിക്കൽ സീറ്റ് വാഗ്‌ദാനം നൽകി വിദ്യാർഥികളിൽനിന്ന്‌ കോടികൾ തട്ടിയ കേസിലെ പ്രതി സിബി വയലിലുമായി കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്തിന്‌ അടുത്ത ബന്ധം. ഷൗക്കത്ത്‌ നിലമ്പൂർ നഗരസഭാ അധ്യക്ഷനായതുമുതൽ ആരംഭിച്ച പാട്ടുത്സവത്തിന്റെ മുഖ്യ സ്‌പോൺസർ സിബി വയലിലിന്റെ മേരിമാത ഹയർ എഡ്യുക്കേഷൻ ട്രസ്‌റ്റാണ്‌‌. ഇയാളുമായി വലിയ സാമ്പത്തിക ഇടപാടുകളുമുണ്ട്‌‌‌.

സിബി വയലിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ബുധനാഴ്‌ച എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിനെ ചോദ്യം ചെയ്‌തത്‌. ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയുടെ ബോർഡ്‌ അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചുകൊടുക്കാൻ മൂന്നുകോടി രൂപ ഷൗക്കത്ത്‌ കൈപ്പറ്റിയെന്നാണ്‌ സിബി ഇഡിക്ക്‌‌ നൽകിയ മൊഴി. ഇതിന്റെ രേഖകൾ ഇഡിക്ക്‌ കൈ മാറിയിട്ടുണ്ട്‌. കേന്ദ്ര മന്ത്രിസഭയിലെ സഖ്യകക്ഷിയായ പാർടിയുടെ കേരളത്തിലെ നേതാവ്‌ വഴിയാണ്‌ സിബി വയലിലിനെ‌ എഫ്‌സിഐയുടെ ആന്ധ്രാപ്രദേശിൽനിന്നുള്ള ബോർഡ്‌ അംഗമാക്കാൻ ശ്രമം നടന്നത്‌. പ്രാദേശിക നേതാവിന്‌‌ 25 ലക്ഷം രൂപ‌ നൽകി‌. ഒരു പത്രത്തിന്റെ നിലമ്പൂരിലെ പ്രാദേശിക ലേഖകൻ എം പി വിനോദും ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്‌. നിലമ്പൂരിൽ പാട്ടുത്സവം 2010 മുതലാണ്‌ മേരിമാതാ ഹയർ എഡ്യുക്കേഷൻ ട്രസ്‌റ്റ്‌ സ്‌പോൺസർചെയ്‌തത്‌. ലക്ഷങ്ങളാണ്‌ ഒഴുക്കിയത്‌. അതേപ്പറ്റി കൂടുതൽ അന്വേഷണത്തിന്‌ ഒരുങ്ങുകയാണ്‌ എൻഫോഴ്‌സ്‌മെന്റ്‌. നിലമ്പൂർ പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപമായിരുന്നു മേരിമാതാ എഡ്യുക്കേഷൻ ട്രസ്റ്റ് ഓഫീസ്‌. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മെഡിക്കൽ സീറ്റ് വാഗ്‌ദാനംചെയ്ത് 17 കോടി രൂപ  തട്ടിയെടുത്തതായാണ്‌ കണക്കാക്കുന്നത്‌. സിബിയിൽനിന്ന്‌ കണ്ടെടുത്ത ഡയറിയിൽ സാമ്പത്തിക ഇടപാടിന്റെ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ചോദ്യം ചെയ്യൽ പട്ടിക തയ്യാറാക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top