20 October Tuesday

മിൽമ നിയമനം അട്ടിമറിക്കാൻ കോൺഗ്രസ് ഗൂഢാലോചന ; വാട്സാപ് സന്ദേശം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


കളമശേരി
മിൽമ റിക്രൂട്ട്മെന്റ്‌ ബോർഡ് വഴി നടക്കുന്ന നിയമനങ്ങൾ അട്ടിമറിക്കണമെന്ന്‌ മിൽമ എംപ്ലോയീസ് ഫെഡറേഷൻ ജോയിന്റ്‌ സെക്രട്ടറി ആവശ്യപ്പെടുന്ന വാട്സാപ് സന്ദേശം പുറത്ത്. 2011ൽ നിയമനം ലഭിച്ചത് തങ്ങളുടെ ആൾക്കാർക്കാണെന്നും പുതിയ രീതിയാണെങ്കിൽ അത്തരത്തിൽ കാര്യങ്ങൾ നടക്കില്ലെന്നുമാണ് കോൺഗ്രസ് എ വിഭാഗം നേതാവും അളഗപ്പനഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ അനിൽ കുനിയത്ത് മേഖലാ യൂണിയൻ ചെയർമാൻമാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. വീണ്ടും യുഡിഎഫ് സർക്കാർ വരുമെന്നും അതിനുശേഷം 2011ലെപ്പോലെ നിയമനം നടത്താമെന്നിരിക്കെ റിക്രൂട്ട്മെന്റ്‌ ബോർഡ് വഴിയുള്ള നിയമനത്തിന് കൂട്ടുനിൽക്കരുതെന്നുമാണ് സന്ദേശത്തിന്റെ കാതൽ.

നിയമനം പൂർണമായും ഇഷ്ടക്കാർക്ക് നൽകാൻ വർക്കേഴ്സ്, ടെക്നിക്കൽ വിഭാഗങ്ങളിലെ ഇന്റർവ്യൂ വലിയ തടസ്സമാണെന്നും ഇതുവഴി എൺപതോളം പോസ്റ്റുകളാണ് നഷ്ടപ്പെട്ടതെന്നും പറയുന്നുണ്ട്. ഇത് പാർടി പ്രവർത്തകരുടെ അവസരം നഷ്ടപ്പെടുത്തലാണെന്നും ഇതിന് കൂട്ടുനിൽക്കരുതെന്നും പാർടി നേതൃത്വം അടിയന്തരനടപടികൾ  സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.

മിൽമയിൽ ഇപ്പോൾ നടക്കുന്ന നിയമനത്തിന് ആറുലക്ഷം രൂപ കോഴ ആവശ്യപ്പെടുന്ന ഫോൺസംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുണ്ടെന്ന് ചിലർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇത് വ്യാജമായിരിക്കാനാണ് സാധ്യതയെന്ന് എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു. കാരണം നിലവിലെ റിക്രൂട്ട്മെന്റ്‌ സംവിധാനത്തിൽ ഇത്തരത്തിൽ അഴിമതിക്ക് സാധ്യതയില്ല.

2011ൽ നടന്നത് ലക്ഷങ്ങൾ കൊള്ളയടിച്ച നിയമനങ്ങളായിരുന്നെന്ന ഇടതുപക്ഷ ആരോപണം ശരിവയ്‌ക്കുന്നതാണ് കഴിഞ്ഞതവണ 10 പോസ്റ്റുകൾ തനിക്ക് ലഭിച്ചെന്ന കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടന്റെ വെളിപ്പെടുത്തലും ഫെഡറേഷൻ ജോയിന്റ്‌ സെക്രട്ടറിയുടെ വാട്സാപ് സന്ദേശവും. കോൺഗ്രസ്‌ ഭരിക്കുന്ന മിൽമ എറണാകുളം യൂണിയനിൽ നിയമനത്തിൽ അഴിമതി ആരോപിച്ച്‌ കഴിഞ്ഞദിവസം ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ മിൽമയിലേക്ക്‌ മാർച്ച്‌ നടത്തിയിരുന്നു.

ആക്ഷേപം അടിസ്ഥാനരഹിതമെന്ന്‌- ചെയർമാൻ
മിൽമ നിയമനങ്ങളെക്കുറിച്ചുള്ള ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ പി എ ബാലൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. കെപിസിസി നിർവാഹക സമിതി അംഗം ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസുകാർ സമരം നടത്തിയ സാഹചര്യത്തിലാണ് ചെയർമാന്റെ പ്രസ്താവന.

മൂന്ന് മേഖലാ ക്ഷീരോൽപ്പാദക യൂണിയനുകളിലെയും നിയമനം സുതാര്യമായി നടത്തുന്നതിന്‌ 2018ൽ  സർക്കാർതലത്തിൽ റിക്രൂട്ട്മെന്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. മേഖലാ യൂണിയനുകളിലെ നിയമനങ്ങൾ ഈ കമ്മിറ്റിയാണ് നടത്തുന്നത്. എറണാകുളം മേഖലാ യൂണിയനിലെ വിവിധ തസ്തികകളിലേക്കുള്ള നിയമന നടപടി  നടത്തിവരികയാണ്. അപേക്ഷ സ്വീകരിക്കുന്നതുമുതലുള്ള നടപടി എൽബിഎസ്, സിഎംഡി തുടങ്ങിയ സർക്കാർ ഏജൻസികളാണ് നടത്തുന്നത്.

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് താഴെത്തട്ടിലുള്ള തസ്തികകൾക്ക് അഭിമുഖമില്ല.  എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവരുടെ നൈപുണ്യം വിലയിരുത്തും. തുടർന്ന്‌ റാങ്ക് പട്ടിക തയ്യാറാക്കും.  ഉയർന്ന തസ്തികകളിലേക്ക്‌ റിക്രൂട്ട്മെന്റ് കമ്മിറ്റി അഭിമുഖം നടത്തും. ചില തസ്തികകളിൽ എഴുത്തുപരീക്ഷയ്‌ക്കുശേഷം ഗ്രൂപ്പ് ഡിസ്കഷനും ഉണ്ടാകും. എഴുത്തുപരീക്ഷയിലും ഗ്രൂപ്പ് ഡിസ്കഷനിലും/അഭിമുഖത്തിലും ലഭിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടിക റിക്രൂട്ട്മെന്റ് കമ്മിറ്റി അംഗീകരിച്ച് അതാത് മേഖലാ യൂണിയനുകൾക്ക് കൈമാറും. ഈ പട്ടികയിൽനിന്ന് നിയമനം നടത്തുന്നതിനുള്ള തീരുമാനം എടുക്കുക എന്നതുമാത്രമാണ് മേഖലാ യൂണിയനുകൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top