കിളിമാനൂര്‍ > നാടൊന്നാകെ പ്രളയബാധിതരെ സഹായിക്കാനുള്ള ഉദ്യമങ്ങളില്‍ മുഴുകവെ ഇവിടെ ഒരു കൊച്ചു മിടുക്കിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന കൈമാറി മാതൃകയായി. കിളിമാനൂര്‍ രാജാ രവിവര്മാ സെന്‍ട്രല്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആഫിയാ റിസയാണ് തനിക്ക് കിട്ടിയ സ്കോളര്‍ഷിപ്പ് തുകയായ ആയിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ആള് കേരളാ സഹോദയ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ മൂന്നാം സ്ഥാനമായി ലഭിച്ചതാണ് ഈ കൊച്ചു മിടുക്കിക്ക് സ്കോളര്‍ഷിപ് തുക.
പള്ളിക്കല്‍ റിയാ മന്‍സിലില്‍ റിസ, റീജ ദമ്പതിമാരുടെ മകളാണ് ഈ മിടുക്കി. സ്കോളര്‍ഷിപ്പ് തുക പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാനായി മുഖ്യമന്ത്രിക്ക് നല്‍കാമെന്ന് ആഫിയാ റിസാ തന്നെ മാതാപിതാക്കളെ അറിയിക്കുകയും, സി പി ഐ എം പ്രവര്‍ത്തകരിലൂടെ വിവരം വി ജോയി എം എല്‍ എ അറിയുകയുകയായിരുന്നു. തുടര്‍ന്ന് ആഫിയ തുക വി ജോയി എം എല്‍ എ യെ ഏല്പിക്കുകയുമായിരുന്നു. ഇത്തരത്തില്‍ സഹജീവി സ്നേഹമുള്ള കുരുന്നുകള്‍ നാടിനാകെ മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു.