16 February Saturday

വീട‌ുനിർമാണം : പിന്തുണയേകി ആർക്കിടെക്ടുകളും സാങ്കേതികവിദഗ‌്ധരും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


തിരുവനന്തപുരം
സഹകരണ സംഘങ്ങളുടെ ചുമതലയിൽ പ്രളയബാധിതർക്കായി സഹകരണവകുപ്പ‌് നടപ്പാക്കുന്ന കെയർഹോം ഭവനപദ്ധതിക്ക‌് പിന്തുണയുമായി ആർക്കിടെക്ടുകളും നിർമാണമേഖലയിലെ വിദഗ‌്ധരും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമേധാവികളും. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുചേർത്ത ആലോചനായോഗത്തിലാണ‌് പദ്ധതിക്ക‌് എല്ലാ പിന്തുണയും സാങ്കേതികസഹായവും ഉറപ്പുനൽകിയത‌്.

ഭൂകമ്പവും വെള്ളപ്പൊക്കവും അതിജീവിക്കുന്നതിനുള്ള നിർമാണരീതിയായിരിക്കണം പദ്ധതിയിൽ ഉപയോഗിക്കേണ്ടതെന്ന‌് അഭിപ്രായം യോഗത്തിൽ ഉയർന്നു. ഇടുക്കി, വയനാട‌് പോലുള്ള ജില്ലകളിൽ വാസയോഗ്യമായ ഭൂമി കണ്ടെത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉറപ്പാക്കണം. പരിസ്ഥിതിക്ക‌് അനുകൂലവും ചെലവ‌് കുറഞ്ഞതും ഊർജസംരക്ഷണം ഉറപ്പാക്കുന്നതുമായ നിർമിതിയായിരിക്കണം. കുട്ടനാട‌് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുഎൻ പ്രോട്ടോകോൾ നടപ്പാക്കണം. സർവേ, വീടിന്റെ പ്ലാൻ, എസ‌്റ്റിമേറ്റ‌് തയ്യാറാക്കൽ, വൈദ്യുതിവൽക്കരണം, ഏകോപനം തുടങ്ങിയ കാര്യങ്ങളിലും സാങ്കേതികസ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തണം. പുതിയ ഭവനനിർമാണ മാതൃക ടികെഎം എൻജിനിയറിങ‌് കോളേജ‌് അവതരിപ്പിച്ചു.

നവംബർ ഒന്നിനകമെങ്കിലും പരമാവധിപേർക്ക‌് വീട‌് ഉറപ്പാക്കുകയാണ‌് ലക്ഷ്യമെന്ന‌് മന്ത്രി പറഞ്ഞു. വീട‌് നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലായതിനാൽ നാടിന്റെയാകെ സഹായമുണ്ടെങ്കിലേ വീട‌് ഉറപ്പാക്കാനാകൂ. കിലയുടെ നേതൃത്വത്തിൽ പദ്ധതി പ്രായോഗികത സംബന്ധിച്ച‌് ശിൽപ്പശാല പത്തിനകം സംഘടിപ്പിക്കും.

പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാനതല യോഗത്തിൽനിന്ന‌് ഉപദേശകസമിതി രൂപീകരിച്ചു. ഊരാളുങ്കൽ ലേബർ സഹകരണ സംഘം ചെയർമാൻ രമേശൻ പാലേരിയാണ‌് സമിതി ചെയർമാൻ. കേപ്പ് ഡയറക്ടർ ഡോ. ആർ ശശികുമാർ കൺവീനറും. സമിതി യോഗം ചേർന്ന‌് പ്രാഥമിക പദ്ധതിക്ക‌് രൂപംനൽകി. പ്രളയബാധിതമായ ഏഴു ജില്ലകളിൽ ജില്ലാതലസമിതികൾ 15നുമുമ്പ് ചേരും. 15നകം ഡിസൈൻ ആശയങ്ങൾ, പ്രൊപ്പോസലുകൾ എന്നിവ സർക്കാരിന് സമർപ്പിക്കണം. പദ്ധതിയിൽ സഹകരിക്കുന്ന വിദ്യാർഥികൾക്ക് അപ്രന്റീസ് ട്രെയിനി ആനുകൂല്യവും സർട്ടിഫിക്കറ്റും നൽകുമെന്നും മന്ത്രി അറിയിച്ചു.

ആർക്കിടെക്ട് ജി ശങ്കർ, കില ഡയറക്ടർ ജോയി ഇളമൺ, തിരുവനന്തപുരം എൻജിനിയറിങ‌് കോളേജ് പ്രിൻസിപ്പൽ ഡോ. സി വി ജിജി, കലിക്കറ്റ് എൻഐടിയിലെ പ്രൊഫ. ശശികല, ടികെഎം എൻജിനിയറിങ‌് കോളേജ് പ്രിൻസിപ്പൽ ഡോ. അയൂബ്, കോസ്റ്റ്‌ഫോഡ് ജോയിന്റ് ഡയറക്ടർ പി ബി സാജൻ, ക്രെഡായ് പ്രതിനിധി അരുൺ, മണ്ണടി അനിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top