03 August Monday
പുതിയ ലോഗോ പ്രകാശനം ചെയ്തു

ദിശ അടിമുടി മാറുന്നു; കാരുണ്യ, ഇ-ഹെൽത്ത് ഹെൽപ് ലൈൻ സേവനങ്ങളും ദിശ വഴി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തിരുവനന്തപുരം > ലോകം കോവിഡിനെതിരെ പൊരുതുമ്പോൾ മലയാളികൾ മനസിൽ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡിനെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയിൽ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ കോവിഡ്-19 ഹെൽത്ത് ഹെൽപ്പ് ലൈനാക്കിയത്. സംശയ നിവാരണം, രോഗലക്ഷണങ്ങൾ, കോവിഡ് മുൻകരുതലുകളും യാത്രകളും, ഭക്ഷണം, മരുന്ന്, കോവിഡ് പരിശോധന എന്നീ വിഭാഗങ്ങളിലായി ആയിരക്കണക്കിന് കോളുകളാണ് ദിവസവും വരുന്നത്. ഇത്രയേറെ ജനങ്ങൾക്ക് സഹായകരമായ ദിശയെ അടിമുടി നവീകരിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ആദ്യപടിയായി ദിശയുടെ പുതിയ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു.

ദിശയുടെ സേവനം പരമാവധി ആൾക്കാരിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ദിശയുടെ സാധ്യത കണ്ട് ഇ-സഞ്ജീവനി ടെലി മെഡിസിൻ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ഇ-ഹെൽത്ത് എന്നിവയുടെ കോൾസെന്ററാക്കി മാറ്റിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളുടെ ഹെൽപ് ലൈൻ സേവനവും ഉടൻ ദിശയിലേക്ക് മാറ്റുന്നതാണ്. കൂടുതൽ സൗകര്യങ്ങൾക്കായി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കേരള ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്നുള്ള സംയുക്ത സംരംഭമായാണ് ടെലി മെഡിക്കൽ ഹെൽത്ത് ഹെൽപ് ലൈനായ ദിശ 1056 ആരംഭിച്ചത്. ദിശ 1056, 0471 2552056 എന്നീ നമ്പരിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ര്മാരുടെയും ഒരു ഏകോപനമാണ് ദിശ. തുടക്കത്തിൽ 15 കൗൺസിലർമാരും 6 ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയിൽ കോൾ പ്രവാഹം കാരണം ഡെസ്‌കുകളുടെ എണ്ണം 6 ൽ നിന്ന് 30 ആക്കി വർദ്ധിപ്പിച്ചു. അതിനാൽ തന്നെ പ്രതിദിനം 4500 മുതൽ 5000 വരെ കോളുകൾ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് കഴിയും. പരിശീലനം സിദ്ധിച്ച 55 പേരാണ് 24 മണിക്കൂറും ഇവിടെ സേവനമനുഷ്ഠിക്കുന്നത്.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങൾക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ജൂൺ 9 മുതൽ ടെലിമെഡിക്കൽ സഹായം നൽകുന്ന ഇ-സഞ്ജീവനിയും ദിശ വഴിയാണ് നടത്തുന്നത്. 6 ഡെസ്‌കുകളിലായി 12 ഡോക്ടർമാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിലായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കോൾ സെന്ററും ജൂലൈ മുതൽ ദിശയിലായി. പദ്ധതിയെ കുറിച്ചുള്ള സംശയ നിവാരണത്തിനായി 3 ഡെസ്‌കുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെയാണ് ഇ-ഹെൽത്തിന്റേയും കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളുടെ ഹെൽപ് ലൈനായും ദിശയെ മാറ്റുന്നത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ എന്നിവർ പങ്കെടുത്തു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top