09 August Sunday

പൊന്നോമന വെന്റിലേറ്ററില്‍ ; ഇടനെഞ്ചുനീറി; അച്ഛൻ താരാട്ടു നിർത്തി

ആർ ശിവപ്രസാദ‌്Updated: Thursday Jul 2, 2020

ചാരുംമൂട് > ആശുപത്രിയിൽ പൊന്നുമോൾ ജീവനുവേണ്ടി പൊരുതുമ്പോൾ പിടച്ചത്‌ അച്ഛന്റെ ഇടനെഞ്ചാണ്‌. പാടിയ താരാട്ടുകൾ, കുഞ്ഞുവായിൽ പകർന്നുനൽകിയ ചോറുരുളകൾ, കൈപിടിച്ച്‌ നടത്തിച്ച വഴികൾ, അണച്ചുപിടിച്ച്‌ നൽകിയ മധുരമുത്തങ്ങൾ.... എല്ലാം ഒരുനിമിഷം മനസിലൂടെ കടന്നുപോയി. അകംപൊള്ളി ഉയർന്ന തേങ്ങൽ മനസ്സിൽ നെരിപ്പോട്‌ തീർക്കവെ ആ അച്ഛൻ ജീവിതം കൈവിട്ടു.   

ന‌ൃത്തംചെയ്‌ത്‌ നവമാധ്യമങ്ങളിൽ തരംഗമായ എട്ടുവയസുകാരി ചന്ദനയുടെ (ദേവു) അച്ഛന്‍  നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കര ചന്ദ്രബാബു (34) വാണ് ജീവനൊടുക്കിയത്‌.  മകള്‍ ചികിത്സയിലുള്ള തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിലെ നേഴ്സിങ് സ്‌കൂളിന്‌ പുറകുവശത്തെ മരത്തിൽ ബുധനാഴ്‌ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി 11.45 വരെ ചന്ദ്രബാബു ബന്ധുക്കളോടൊപ്പമുണ്ടായിരുന്നു.

തലച്ചോറിലുണ്ടായ ഗുരുതര രോഗത്തെത്തുടർന്നാണ്‌ ചന്ദനയെ എസ്എടിയിൽ പ്രവേശിപ്പിച്ചത്‌. 24 മുതല്‍ കുട്ടി വെന്റിലേറ്ററിലാണ്. ഇതിനുശേഷം ചന്ദനയെ കാണാനോ സംസാരിക്കാനോ ചന്ദ്രബാബുവിന് കഴിഞ്ഞിരുന്നില്ല. മകൾ ഇല്ലാത്ത ജീവിതം വേണ്ടെന്ന് കുടുംബവീട്ടിലേക്ക് വിളിച്ചറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
പുത്തൻവിള ക്ഷേത്രോത്സവത്തിൽ മേളത്തോടൊപ്പം ന‌ൃത്തംവച്ചാണ് ചന്ദന ശ്രദ്ധേനേടിയത്. പ്രമുഖ ചാനലുകളിലും പരിപാടി അവതരിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്‌ക്കായി മന്ത്രി കെ കെ ശൈലജ, ആർ രാജേഷ് എംഎൽഎ തുടങ്ങിയവർ ആശുപത്രി അധിക‌ൃതരുമായി സംസാരിച്ചിരുന്നു. രണ്ടുവർഷംമുമ്പ്‌ ചന്ദ്രബാബുവിന്റെ ഇളയകുട്ടി ജനിച്ച്‌ രണ്ട്‌ ദിവസത്തിനുള്ളിൽ മരിച്ചിരുന്നു. രജിതയാണ്‌ ഭാര്യ. അമ്മ: ചന്ദ്രിക.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top