12 July Sunday

ലീന ആശുപത്രി വിട്ടു; ലാലിയെ ഹൃദയത്തിലേറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


കൊച്ചി
ഹൃദയമാറ്റ ശസ്ത്രക്രിയക്ക്‌ വിധേയയായ ലീന ആരോ​ഗ്യവതിയായി തിങ്കളാഴ്ച ആശുപത്രി വിട്ടു. അവയവദാനത്തിന്റെ മഹത്വം മനസ്സിലാക്കി ലീനയുടെ മക്കൾ ഷിയോണയും ബേസിലും ലിസി ആശുപത്രിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അവയവദാന പ്രതിജ്ഞ ചൊല്ലി, സമ്മതപത്രം കൈമാറി. മെയ് ഒമ്പതിനാണ് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ​ഗോപകുമാറിന്റെ ഹൃദയം എറണാകുളം ഭൂതത്താൻകെട്ട് സ്വദേശി ലീനയിൽ തുന്നിച്ചേർത്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച ലാലിയുടെ ഹൃദയം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ എയർ ആംബുലൻസിലാണ് ലിസി ആശുപത്രിയിലെത്തിച്ചത്. പൂർണമായും സൗജന്യമായിരുന്നു ഹെലികോപ്റ്റർ സേവനം.

അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഹ-ൃദയം മാറ്റിവച്ചു.  അഞ്ചു ദിവസങ്ങൾക്കുശേഷം തീവ്രപരിചരണവിഭാഗത്തിൽനിന്ന് മാറ്റിയ ലീന ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്ന് ചികിത്സയ്ക്കും ശസ്ത്രക്രിയക്കും നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. തുടർപരിശോധനകൾക്കും വിശ്രമത്തിനുമുള്ള സൗകര്യത്തിനായി വടുതലയിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ലീന പോയത്.

ആരോ​ഗ്യമന്ത്രി കെ കെ ശൈലജ വീഡിയോകോളിലൂടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത് ലിസി ആശുപത്രിയെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും അവയവദാന സമ്മതപത്രം നൽകിയ ലീനയുടെ മക്കളെയും അഭിനന്ദിച്ചു. ‌എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ  പ്രഭാഷണം നടത്തി. കെഎൻഒഎസ് മധ്യമേഖല നോഡൽ ഓഫീസർ ഡോ. ഉഷ സാമുവൽ ഡോണർ കാർഡ് നൽകി. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമീഷണർ കെ‌ ലാൽജി സംസാരിച്ചു. ലീനയുടേത് ലിസി ആശുപത്രിയിൽ നടന്ന ഇരുപത്തിനാലാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്.


പ്രധാന വാർത്തകൾ
 Top