12 November Tuesday

റോഡിൽ പ്ലാസ‌്റ്റിക‌് വിപ്ലവം ; മാലിന്യത്തിൽനിന്ന‌് 906 കിലോമീറ്റർ റോഡ‌്

എം ജഷീനUpdated: Sunday Jun 2, 2019


കോഴിക്കോട‌്
പറമ്പിലും പരിസരത്തും കുന്നുകൂട്ടിയിട്ടിരുന്ന  പ്ലാസ‌്റ്റിക‌് മാലിന്യങ്ങൾ ഇപ്പോൾ റോഡിലാണ‌്. അതും ചില്ലറയൊന്നുമല്ല,  571 ടൺ വരും.  ഇതുകൊണ്ട‌് മലിനീകരണമില്ലെന്ന‌് മാത്രമല്ല, പൊട്ടിപ്പൊളിയാത്ത റോഡിലൂടെ  സുഖയാത്രയും നടത്താം.  പ്ലാസ‌്റ്റിക‌് മാലിന്യംകൊണ്ട‌്  906 കിലോമീറ്റർ റോഡ‌് നിർമിച്ച‌് മാലിന്യ നിർമാർജനത്തിൽ  മുന്നേറുകയാണ‌് സംസ്ഥാനം. 2018–-19 സാമ്പത്തിക വർഷത്തിൽ റെക്കോഡ‌് പുരോഗതിയാണ‌് ഈ ഉദ്യമത്തിൽ കൈവരിച്ചത‌്.

പരിസ്ഥിതി മലിനീകരണം കുറയ‌്ക്കുക എന്ന ലക്ഷ്യത്തോടെയാണ‌്  പ്ലാസ‌്റ്റിക‌് കൊണ്ടുള്ള റോഡ‌് നിർമാണത്തെ  സർക്കാർ പ്രോത്സാഹിപ്പിക്കുന്നത‌്.  ക്ലീൻ കേരള കമ്പനിയാണ‌് സംസ‌്കരിച്ച പ്ലാസ‌്റ്റിക‌് നൽകുന്നത‌്. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ 712 കിലോമീറ്ററും പിഡബ്ല്യുഡിയുടെ 194 കിലോമീറ്ററും റോഡുകളിൽ പ്ലാസ‌്റ്റിക‌് ഉപയോഗിച്ചു.  

ഇരുവിഭാഗങ്ങളിലുമായി 2018–-19 വർഷം 495 കിലോമീറ്റർ റോഡ‌ാണ‌് നിർമിച്ചത‌്. 2017–-18ൽ ഇത‌് 357 കിലോമീറ്ററും 2016–-17ൽ  വെറും 51 കിലോമീറ്ററുമായിരുന്നു.  പിഡബ്ല്യുഡി വിഭാഗത്തിൽ മലപ്പുറം ജില്ലയാണ‌് മുന്നിൽ. ജില്ലയിൽ വിവിധയിടങ്ങളിലായി  70 കിലോമീറ്റർ റോഡാണ‌് നിർമിച്ചത‌്.  തദ്ദേശസ്ഥാപന വിഭാഗത്തിൽ  പാലക്കാട‌്  ജില്ലയാണ‌് മുന്നിൽ. 95 കിലോമീറ്ററാണിത‌്.

മാലിന്യനിർമാർജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടുകയും  ചെലവ‌് കുറയ‌്ക്കുകയും ചെയ്യാമെന്നതാണ‌് പ്രത്യേകത.  പ്ലാസ‌്റ്റിക‌് ചേർക്കുന്ന റോഡുകൾ കൂടുതൽ കാലം നിൽക്കും. റോഡ‌് നിർമാണത്തിനുപയോഗിക്കുന്ന ബിറ്റുമിൻ അളവ‌് ഏഴ‌് ശതമാനം വരെ കുറയ‌്ക്കാനും കഴിയും.  ഒരു കിലോമീറ്റർ റോഡിന‌് ഒരു ടൺ പ്ലാസ‌്റ്റിക്കാണ‌് ആവശ്യം. ക്ലീൻ കേരളയുടെ  വിവിധ ജില്ലകളിലുള്ള 117 മാലിന്യ ശേഖര യൂണിറ്റുകൾ വഴിയാണ‌് (ആർആർഎഫ‌്) പ്ലാസ‌്റ്റിക‌് വേർതിരിച്ച‌്  ഷ്രഡ‌് ചെയ‌്ത‌് ഗ്രാന്യൂളുകളായി മാറ്റുന്നത‌്. 50 മൈക്രോണും അതിനു താഴെമുളള പ്ലാസ‌്റ്റിക്കാണ‌് ഇതിനുപയോഗിക്കുന്നത‌്.  ഈ ഗ്രാന്യൂളുകൾ പിന്നീട‌്  പ്ലാന്റുകളിൽ എത്തിച്ച‌് ടാറുമായി ചേർത്താണ‌് റോഡ‌് നിർമിക്കുന്നത‌്.  തദ്ദേശസ്ഥാപനങ്ങൾ, പിഡ്ലബ്യുഡി എന്നിവ  ആവശ്യപ്പെടുന്നതിനനുസരിച്ച‌ാണ‌്  പ്ലാസ‌്റ്റിക‌് ലഭ്യമാക്കുന്നതെന്ന‌് ക്ലീൻ കേരള സിവിൽ എൻജിനിയർ എൻ സൽമ ബീവി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും പിഡബ്ല്യുഡിയും  നിർമിക്കുന്ന റോഡുകളിൽ പ്ലാസ‌്റ്റിക‌് ഉപയോഗിക്കണമെന്ന  സർക്കാർ  ഉത്തരവാണ‌്   ഈ ഉദ്യമത്തിന‌് ശക്തിപകർന്നത‌്.


പ്രധാന വാർത്തകൾ
 Top