08 December Sunday
നിയമവിരുദ്ധമെന്ന്‌ ജോസ്‌ കെ മാണി

കേരള കോൺഗ്രസ്‌ പിളർപ്പിലേക്ക്‌ ; ജോസ്‌ കെ മാണി പക്ഷത്തെ ഒഴിവാക്കി പി ജെ ജോസഫ്‌

പ്രത്യേക ലേഖകൻUpdated: Saturday Nov 2, 2019


തിരുവനന്തപുരം
കേരള കോൺഗ്രസ്‌ പിളർപ്പിന്‌ ആക്കം കൂട്ടി ജോസ്‌ കെ മാണി പക്ഷത്തെ ഒഴിവാക്കി പി ജെ ജോസഫ്‌ നിയമസഭാകക്ഷി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫിനെ കക്ഷിനേതാവായും സി എഫ്‌ തോമസിനെ ഉപനേതാവായും  മോൻസ്‌ ജോസഫിനെ വിപ്പും സെക്രട്ടറിയുമായും തീരുമാനിച്ചു. ജോസ്‌പക്ഷത്തെ റോഷി അഗസ്‌റ്റിൻ, എൻ ജയരാജ്‌ എന്നിവരെ ഒഴിവാക്കി. ജോസ്‌ കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട  അപ്പീൽ കട്ടപ്പന കോടതി തള്ളിയതിനെത്തുടർന്നാണ്‌ ജോസഫിന്റെ നീക്കം. 

നിയമസഭ കോൺഫറൻസ്‌ ഹാളിൽ അഞ്ച്‌ എംഎൽഎമാരിൽ ജോസഫ്‌ വിഭാഗത്തിലെ മൂന്നുപേർ യോഗംചേർന്നാണ്‌ സ്ഥാനംപങ്കിട്ടത്‌.  ഇക്കാര്യം സ്‌പീക്കറെ അറിയിച്ചു. എന്നാൽ നിയമസഭാകക്ഷി ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടില്ലെന്ന്‌ ജോസ്‌ കെ മാണി പക്ഷവും കത്തുനൽകി. 

എംപിമാരായ ജോസ്‌ കെ മാണിയും തോമസ്‌ ചാഴിക്കാടനും രണ്ട്‌ എംഎൽഎമാരും  ജോസ്‌ പക്ഷത്താണ്‌. ഫലത്തിൽ കേരള കോൺഗ്രസ്‌ രണ്ട്‌ പാർടിയായി. പാലാ ഉപതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രൂക്ഷമായ ചേരിപ്പോരിന്റെ തുടർച്ചയാണിത്‌.


 

 

ജോസ്‌ സ്വയം പുറത്തായി: -ജോസഫ്‌
തിരുവനന്തപുരം
കട്ടപ്പന കോടതിയുടെ വിധി പൂർണമായും തങ്ങൾക്കനുകൂലമെന്ന് കേരള കോൺഗ്രസ്- എം വർക്കിങ്‌ ചെയർമാൻ പി ജെ ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ജോസ് പക്ഷത്തിന്റെ അവകാശവാദത്തിൽ കഴമ്പില്ല.  ഈ വിധിയോടെ എതിർപക്ഷത്തെ കൂടുതൽപേരും മടങ്ങിവരും. കേരള കോൺഗ്രസ് -എം ഒറ്റ പാർടിയേയുള്ളൂ. പാർടിയിൽനിന്ന് സ്വയം പുറത്തുപോയ ജോസ് കെ മാണിയെ ഇനി പുറത്താക്കേണ്ടതില്ല.

ജോസഫിനുള്ള തിരിച്ചടി: ജോസ്‌
കോട്ടയം
കട്ടപ്പന സബ്‌ കോടതി വിധി  പി ജെ ജോസഫിനുള്ള തിരിച്ചടിയാണെന്നും വിധി തെറ്റായി വ്യാഖ്യാനിച്ച്‌ നുണ പ്രചരിപ്പിക്കുകയാണെന്നും ജോസ്‌ കെ മാണി പറഞ്ഞു. തന്നെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിക്രമങ്ങൾ മാത്രമാണ്‌ കോടതി പരാമർശിച്ചത്‌. എന്നാൽ വർക്കിങ്‌ ചെയർമാനായ പി ജെ ജോസഫിന്‌ ചെയർമാന്റെ അധികാരമില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ വിധിയെന്നും ജോസ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top