20 October Sunday
വിജയിച്ചത് സർക്കാരിന്റെ ജാഗ്രത

മെഡിക്കൽ പ്രവേശനം: അധികം ലഭിച്ചത്‌ 730 എംബിബിഎസ്‌ സീറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 2019–- 20 അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ അധികമായി ലഭിച്ചത്‌ 730 എംബിബിഎസ്‌ സീറ്റ്‌.
സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണർ മുഖാന്തരം അലോട്ട്മെന്റ് നടത്താനായി ലഭിച്ച   ഗവ. മെഡിക്കൽ കോളേജുകളിലെ 1305  എംബിബിഎസ്‌ സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ  2200 സീറ്റുകളിലേക്കും പ്രവേശനം  പൂർത്തിയായി. കഴിഞ്ഞ വർഷം ഇത് യഥാക്രമം 1076, 1699 സീറ്റുകളായിരുന്നു. ഇത്തവണത്തെ അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് സ്വാശ്രയ കോളേജുകളിലേക്ക് ഫീ റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച ഫീസിനെതിരെ മാനേജുമെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതിലിടപെടാതെ ഹൈക്കോടതിയെ സമീപിക്കാനാണ് നിർദ്ദേശം വന്നത്. മാനേജ്മെന്റുകൾക്ക് ബാങ്ക് ഗ്യാരന്റി നൽകേണ്ടി വന്നേക്കാമെന്ന് പരസ്യപ്പെടുത്തണമെന്ന് പ്രവേശന പരീക്ഷാകമീഷണർക്ക് കോടതിനിർദേശം വന്നുവെങ്കിലും അതിനെതിരെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്‌ മാനേജുമെന്റുകൾക്ക്‌ തിരിച്ചടിയായി.  

മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് കേരളത്തിലെ സ്വാശ്രയകോളേജുകളിൽ എം ബി ബി എസിന് അപേക്ഷിക്കാൻ അവസരം ലഭിക്കണമെന്ന വാദവുമായി സുപ്രീം കോടതിയെ സമീപിച്ചതും ഉയർന്ന തുക ഫീസായി വാങ്ങി എൻആർഐ ക്വാട്ടയിലേതുപോലെ പ്രവേശനം നടത്താനായിരുന്നു. സുപ്രീംകോടതി കേരളത്തിന് പുറത്തുള്ളവർക്കും അപേക്ഷിക്കാൻ അവസരം നൽകണമെന്ന്‌ ഉത്തരവിട്ടപ്പോൾ അതിനു  പ്രത്യേകം ഫീസ് ഘടനയില്ലാതെ 10 ശതമാനം ക്വാട്ട നിശ്ചയിച്ച്‌ ഉത്തരവിറക്കുകയും അതിൽ ജനനസ്ഥലം പരിഗണിക്കാതെ എല്ലാ ഇന്ത്യാക്കാർക്കും പ്രവേശനം നേടാമെന്ന വ്യവസ്ഥ വരികയും ചെയ്തപ്പോൾ കേരളത്തിലുള്ളവർക്കുതന്നെ അതിലും പ്രവേശനം ലഭിക്കുന്ന സാഹചര്യം വന്നു.

പ്രത്യേക നേട്ടമൊന്നുമില്ലാതെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ടിവന്നപ്പോൾ മാനേജ്മെന്റുകൾ അങ്ങനെ വന്ന വിദ്യാർഥികളെ പരമാവധി പ്രവേശിപ്പിക്കുന്നതിൽനിന്ന്‌  നിരുത്സാഹപ്പെടുത്തുന്നതാണ് കണ്ടത്.  സംവരണാനുകൂല്യമില്ലാത്തവരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്  സർക്കാർ കോളേജുകളിൽ 25 ശതമാനം സീറ്റ് വർധന അനുവദിക്കുമെന്ന മെഡിക്കൽ കൗൺസിൽ ഉത്തരവിനനുസരിച്ച് കേരളം അപേക്ഷ നൽകിയെങ്കിലും 285 സീറ്റുകൾക്ക് പകരം 155 സീറ്റുകളാണ് അനുവദിച്ചത്. കോളേജടിസ്ഥാനത്തിൽ 10 ശതമാനം സംവരണം നടപ്പാക്കാൻ കഴിയാത്ത വിധമാണ് സീറ്റനുവദിച്ചതെന്നതിനാൽ അതിൽ 15 ശതമാനമെന്നനിലയിൽ 25 സീറ്റുകൾ കേന്ദ്ര അലോട്ട്മെന്റിന് വിട്ടുകൊടുത്തിട്ട് ബാക്കി 130 സീറ്റും പ്രത്യേക പൂളെന്ന നിലയിൽ ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. അല്ലെങ്കിൽ സംസ്ഥാനത്തിന് ലഭിച്ച 155 സീറ്റുകളും നഷ്ടമാകുമായിരുന്നു. മുൻവർഷങ്ങളിൽ സർക്കാർ കോളേജുകളിൽ സംവരണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന സീറ്റുകളൊന്നും കുറയാത്ത വിധമാണ് ഇഡബ്ല്യുഎസ് വിഭാഗത്തിലെ പുതിയസീറ്റുകളിൽ അലോട്ട്മെന്റ് നടത്തിയത്.

കഴിഞ്ഞ 18 ന് സംസ്ഥാനതല എംബിബിഎസ് പ്രവേശനം അവസാനിക്കേണ്ടതായിരുന്നു. ഇഎസ്ഐ ക്വാട്ടയിൽ ഗവ. മെഡിക്കൽ കോളേജുകളിലേക്കുള്ള അഖിലേന്ത്യാ അലോട്ട്മെന്റ് വൈകിയതിനാൽ സ്വാശ്രയകോളേജുകളിൽ അഡ്മിഷനെടുത്തിരുന്ന വിദ്യാർഥികൾക്ക് വിട്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ സർക്കാർ കേന്ദ്രആരോഗ്യ മന്ത്രാലയത്തിനും മെഡിക്കൽ കൗൺസിലിനും പ്രവേശനതീയതി നീട്ടാൻ കത്ത് നൽകി.

സംസ്ഥാന പ്രവേശനാധികാരികൾക്ക് പൊതുവിൽ ബാധകമാണെന്ന വിധത്തിൽ ആഗസ്‌ത്‌ 31 വരെ എംബിബിഎസ് പ്രവേശനത്തീയതി നീട്ടി ഉത്തരവിറങ്ങിയെങ്കിലും ഹൈക്കോടതിയിൽ ഇത് സംബന്ധമായ കേസ് വന്നപ്പോൾ പ്രസ്തുത ഉത്തരവ് കേരളത്തിന് ബാധകമല്ലെന്ന നിലപാടാണ് മെഡിക്കൽ കൗൺസിൽ സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ നിലപാട് അംഗീകരിച്ച് കേരളത്തിനും എംബിബിഎസ്  പ്രവേശനത്തിനുള്ള തീയതി ആഗസ്‌ത്‌ 31വരെ നീട്ടിനൽകാൻ കോടതിയുത്തരവുണ്ടായതിലൂടെ 27 എംബിബിഎസ്‌ സീറ്റുകൾ തത്സമയം നികത്താനായി.

ഇത്തവണ  ബിഡിഎസ്  കോഴ്സിന് സർക്കാർ കോളേജുകളിലെ 289 സീറ്റുകളിലും  സ്വാശ്രയകോളേജുകളിലെ 1610 സീറ്റുകളിലും അലോട്ട്മെന്റ് നടന്നു. ഓരോഘട്ടത്തിലും സമയബന്ധിതമായി പ്രവേശനനടപടികൾ പൂർത്തീകരിക്കുന്നതിന് പ്രയത്നിച്ച പ്രവേശന പരീക്ഷാ കമീഷണറെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു.


പ്രധാന വാർത്തകൾ
 Top