25 April Thursday

ഇടുക്കിയിൽ ജലനിരപ്പ്‌ 2395.92; നീരൊഴുക്കിന്റെ വേഗത കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

ഇടുക്കി> ഇടുക്കി ഡാമിന്റെ ജലനിരപ്പ്‌ 2395.92 ലെത്തി. രാവിലെ ഒമ്പതുവരെയുള്ള കണക്കാണിത്‌. അതേസമയം ഡാമിലേക്കുള്ള   നീരൊഴുക്കിന്റെ വേഗത കുറഞ്ഞിട്ടുണ്ട്‌. 2403 അടിയാണ്‌ ഡാമിന്റെ സംഭരണശേഷി .

മഴ കുറയുകയാണെങ്കിൽ ഡാം തുറക്കേണ്ടിവരില്ല. കഴിഞ്ഞവർഷം ഇതേദിവസം 2320.70 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്‌. ജലനിരപ്പ്‌ 2397 അടിപിന്നിട്ടാൽ ട്രയൽ റൺ നടത്താനാണ്‌ ആലോചന.

ജലനിരപ്പ്‌ 2400 അടിയിലെത്തുമ്പോൾ തുറന്നാൽ മതിയാകുമെന്ന്‌ ഡാം സേഫ്‌റ്റി ആൻഡ്‌ റിസർച്ച്‌ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. നിലവിലെ സ്‌ഥിതിയിൽ 2400 അടിയിലെത്താൻ ദിവസങ്ങൾവേണ്ടിവരും. മൂലമറ്റം പവർഹൗസിൽ വൈദ്യുതോൽപാദനം പൂർണതോതിൽ നടത്തിയാൽ ഡാം നിറയാൻ വീണ്ടും സമയമെടുക്കും.  നിലവിൽ രണ്ടുദിവസം കൊണ്ടാണ്‌ ഒരടി വെള്ളം ഉയർന്നത്‌. ഇന്നലെ 36.6 മി. മീറ്റർ മഴ രേഖപ്പെടുത്തി. മൂലമറ്റത്ത‌് അഞ്ച‌് ജനറേറ്ററുകളിൽനിന്നും 15.051 ദശലക്ഷം യൂണിറ്റ‌് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട‌്.

അതേസമയം ഡാം തുറക്കേണ്ടിവന്നാൽ എന്നാൽ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും  സജ്ജമാക്കിയതായി വൈദ്യുത വകുപ്പ്‌ അറിയിച്ചു. ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനിയർ ബാബുരാജിന്റെ നേതൃത്വത്തിൽ വിദഗ്‌ധസംഘം ചൊവ്വാഴ്‌ച അണക്കെട്ട്‌ പരിശോധിച്ചു.

മന്ത്രി എം എം മണിയും മുഖ്യമന്ത്രിയുടെ ഓഫീസും സൂക്ഷ‌്മമായി നിരീക്ഷിച്ച‌്  ആവശ്യമായ നിർദേശങ്ങളും മുന്നൊരുക്കങ്ങളും നടത്തിവരുന്നു.മാത്യു ടി തോമസ‌് ഇടുക്കി കലക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ചചെയ‌്ത‌് സ്ഥിതിഗതികൾ വിലയിരുത്തി.

ഡാം സൈറ്റിൽതന്നെ കൺട്രോൾ റൂം തുറന്നിട്ടുണ്ട‌്. ജലനിരപ്പ‌് 2398ലോ 2399ലോ എത്തിയാലേ തുറക്കാനുള്ള സാഹചര്യം  നിലവിലുള്ളൂവെന്ന നിഗമനത്തിലാണ‌് കെഎസ‌്ഇബിയും ജില്ലാ ഭരണകേന്ദ്രവും. ഒറ്റയടിക്ക‌് ഡാം തുറക്കില്ലെന്ന‌് മന്ത്രി എം എം മണി അറിയിച്ചിട്ടുണ്ട്‌.

ഷട്ടർ തുറക്കാൻ തീരുമാനിച്ചിട്ടുള്ള ചെറുതോണി ഡാം ഗേയ‌്റ്റിൽതന്നെയാണ‌് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത‌്. ജലനിരപ്പ‌് 2395 പിന്നിട്ട‌് അതിജാഗ്രതാ നിർദേശം നൽകിയശേഷം ഓരോമണിക്കൂർ ഇടവിട്ട‌് ജലനിരപ്പ‌് നോക്കുന്ന ചുമതലയും കൺട്രോൾ റൂമിനാണ‌്. അടിയന്തര സാഹചര്യം ഉണ്ടായാൽ ആശങ്കകൾക്ക‌് ഇടനൽകാതെ ട്രയൽറൺ നടത്തി തുറക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.

മാറ്റിപാർപ്പിക്കേണ്ട അഞ്ച‌് പഞ്ചായത്ത‌് പരിധിയിൽ താമസിക്കുന്ന 58 കുടുംബങ്ങൾക്കായി നാല‌് സെന്ററുകൾ തയ്യാറായി. ചിലയാളുകൾ ഇതിനകം താമസം മാറ്റി. 36 അംഗ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട‌്.

ചെറുതോണി ഷട്ടർ തുറന്നാൽ 10 മിനിറ്റിനകം വെള്ളമെത്തുന്നടൗണിന‌് സമീപത്തെ തോട‌് വൃത്തിയാക്കൽ  പൂർത്തിയായി. നിലവിലുള്ള നീർച്ചാലിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കി. ആഴവും വർധിപ്പിച്ചു.

ജില്ലയിൽ  സ്വീകരിച്ചിട്ടുള്ള നടപടികളും ക്രമീകരണങ്ങളും വിലയിരുത്താൻ കലക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗംചേർന്നു. ഒരാശങ്കയ‌്ക്കും വകയില്ലെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കലക്ടർ നിർദേശിച്ചു.

പ്രധാന വാർത്തകൾ
 Top