16 February Saturday
മുഖ്യമന്ത്രി ശിലയിട്ടു

പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്ക്‌ ഭവനസമുച്ചയം നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018


കൊച്ചി
ഒരു മഴ പെയ‌്താൽ അഴുക്കുവെള്ളത്തിൽ മുങ്ങിയിരുന്ന പി ആൻഡ് ടി കോളനി നിവാസികൾക്കായുള്ള പുതിയ ഭവനസമുച്ചയത്തിന്റെ നിർമാണത്തിന‌് തുടക്കമായി. 

തോപ്പുംപടി രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിച്ചു. മുുണ്ടംവേലിയിലാണ‌് ഭവന സമുച്ചയം ഒരുങ്ങുന്നത‌്. ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്ഥലം സാധാരണക്കാർക്ക് ഭവനത്തിനായി നൽകുന്നത് താഴെത്തട്ടിലുള്ളവരെകൂടി ഉൾപ്പെടുത്തികൊണ്ടുള്ള സമഗ്ര വികസന സമീപനത്തിന്റെ സാക്ഷ്യപത്രമാണെന്ന് കെ ടി ജലീൽ പറഞ്ഞു. ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യമാണ് ലൈഫ് മിഷൻ നിർവഹിക്കുന്നത്. അടുത്തഘട്ടമായി വിശന്നിരിക്കുന്നവരുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെ അഗതിരഹിതകേരളം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാരായ കെ ജെ മാക്‌സി, ജോൺ ഫെർണാണ്ടസ്, ഹൈബി ഈഡൻ, പി ടി തോമസ്, തേദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, കലക്ടർ മുഹമ്മദ് വൈ സഫീറുള്ള, ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ, നഗരസഭാ സെക്രട്ടറി എ  എസ് അനൂജ, പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ പൂർണിമ നാരായൺ, കൗൺസിലർമാരായ ശ്യാമള എസ് പ്രഭു, കെ ജെ പ്രകാശൻ, ജിസിഡിഎ സെക്രട്ടറി പി ആർ ഉഷാകുമാരി, സിപിഐ എം ഏരിയ സെക്രട്ടറി കെ എം റിയാദ്, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ‌് ഇടപ്പരത്തി, കെ ജെ ജേക്കബ്, അഡ്വ. കെ ഡി വിൻസെന്റ്, ജിസിഡിഎ മുൻ സെക്രട്ടറി എം സി ജോസഫ് എന്നിവർ പങ്കെടുത്തു.

കൊച്ചി നഗരസഭയുടെ 63 ﹣ാം ഡിവിഷനിലെ ഗാന്ധിനഗറിൽ സ്ഥിതിചെയ്യുന്ന പി ആൻഡ് ടി കോളിനിയിലെ 85 കുടുംബങ്ങൾക്കായാണ് തോപ്പുംപടി മുണ്ടംവേലിയിൽ ഭവനസമുച്ചയം ഒരുങ്ങുന്നത്. ഏകദേശം 70 സെന്റ് സ്ഥലത്ത് രണ്ടു ബ്ലോക്കുകളിലായി 88 വീടുകളുള്ള ഭവനസമുച്ചയമാണ് പണിയാനുദ്ദേശിക്കുന്നത്. ഒരു സ്വീകരണമുറി, രണ്ടു കിടപ്പുമുറികൾ, അടുക്കള, ടോയ്‌ലെറ്റ് എന്നിവയുൾപ്പെടുത്തി 400 സ്‌ക്വയർഫീറ്റിലായിരിക്കും ഒരു വീട്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന തുക കൂടാതെ പദ്ധതി നിർവഹണത്തിനായി വേണ്ടിവരുന്ന അധിക തുക പൊതുമേഖല കോർപറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാഫണ്ട് അടക്കമുള്ള ഇതര സാമ്പത്തിക സ്രോതസ്സുകളിൽനിന്ന് കണ്ടെത്തും.

പ്രധാന വാർത്തകൾ
 Top