25 August Sunday

‘സ്പളാഷി'ന‌് തുടക്കം; ആദ്യം 6000 കുട്ടികൾ നീന്തല്‍ പഠിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019


തൃശൂർ
സംസ്ഥാന സർക്കാർ കായിക യുവജനകാര്യാലയംവഴി തെരഞ്ഞെടുത്ത ഏജൻസികളുടെ സഹകരണത്തോടെ സ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന അതിജീവന നീന്തൽ പരിശീലന പദ്ധതിയായ ‘സ്പളാഷി'ന് തുടക്കമായി. തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിത ജലഅപകടങ്ങളെ അതിജീവിക്കാൻ ആവശ്യമായ നീന്തൽ കഴിവുകൾ കുട്ടികളിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 6000 വിദ്യാർഥികൾക്ക് പരിശീലനം നൽകും.

ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽനിന്നും 1200 കുട്ടികൾ വീതം ആദ്യഘട്ടത്തിൽ പരിശീലനം നേടും. 12നും 18വയസ്സിനും ഇടയിലുള്ള വിദ്യാർഥികൾക്ക് സൗജന്യമായാണ് അഞ്ച‌് മാസത്തെ നീന്തൽ പരിശീലനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിദഗ്ധ പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിലാണ് പരിശീലനം. ഒരു ബാച്ചിൽ 60 കുട്ടികൾക്ക‌് ദിവസേന ഒന്നേകാൽ മണിക്കൂർ എന്ന കണക്കിൽ  ഒരു വിദ്യാർഥിക്ക് 20 മുതൽ 25 മണിക്കൂർവരെ പരിശീലനം ലഭിക്കും.

ദൈനംദിന പരിശീലനം, വാരാന്ത്യ–- അവധിക്കാല പരിശീലനം എന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പെൺകുട്ടികൾക്കായി വനിതാ പരിശീലകരുടെ സേവനം ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.


പ്രധാന വാർത്തകൾ
 Top