22 September Sunday

തുല്യത സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽമാത്രം: എം ലീലാവതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018


തൃശൂർ
സ്ത്രീ പുരുഷ തുല്യത യാഥാർഥ്യമാവുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ മാത്രമാണെന്ന് ഡോ. എം ലീലാവതി പറഞ്ഞു. ഇത് താൻ അനുഭവത്തിലൂടെ മനസ്സിലാക്കിയാതാണ‌്.  'സ്ത്രീ സമൂഹം സാഹിത്യം' ശിൽപ്പശാലയും എഴുത്തുകാരികളുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ലീലാവതി. 'സ്ത്രീശബ്ദം' മാസികയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ചതാണ് ശിൽപ്പശാലയും സംഗമവും.

സോഷ്യലിസ‌്റ്റ‌് രാജ്യങ്ങളായിരുന്ന റഷ്യ, യുഗോസ്ലാവിയ, കിഴക്കൻ ജർമനിയും ചൈനയുമാണ‌് സന്ദർശിച്ചിട്ടുള്ള വിദേശരാജ്യങ്ങൾ.  അവിടെയൊക്കെ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അംഗീകാരവും അവസരസമത്വവും ഉണ്ട‌്.  ശ്രമകരമായ ജോലികൾ പോലും സ്ത്രീകൾ ചെയ്യുന്നുണ്ട്. ഗർഭധാരണം, പ്രസവം എന്നിവയെല്ലാം ദുരിതമല്ല സ്ത്രീക്ക് സമ്മാനിക്കുന്നത്. കൂടുതൽ പ്രസവിക്കുന്ന അമ്മമാരെ വീരാംഗനകളായി ബഹുമാനിക്കുന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഇന്ത്യ ലോകത്തിന് മുന്നിൽ തിളങ്ങണമെങ്കിൽ ഇവിടെയുള്ള സ്ത്രീകൾക്കും പുരുഷനോടൊപ്പം തുല്യതയുണ്ടാവണം. അതിന് സോഷ്യലിസം തന്നെയാണ് വേണ്ടതെന്ന് എം ലീലാവതി പറഞ്ഞു.

നട്ടെല്ല് നിവർത്തി നിൽക്കാൻ രണ്ട് കാലുകളും കഴുത്തിന് മുകളിൽ ചിന്തിക്കാൻ കഴിവുള്ള തലയും സ്ത്രീക്കും ഉണ്ടെന്ന് സമൂഹം മനസ്സിലാക്കണമെന്ന് പണ്ട് താൻ പറഞ്ഞ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് 'സ്ത്രീശബ്ദം' മാസികയിൽ ഒരു ലേഖനം കണ്ടപ്പോൾ സന്തോഷം തോന്നി. മനുഷ്യനെ പോലെ ജീവിക്കാനുള്ള അവകാശം സ്ത്രീക്കും ഉണ്ട്. സംവരണത്തിലൂടെയല്ല, അവകാശമായി തന്നെ നിയമനിർമാണ സഭകളിലും ഭരണനിർവഹണ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് സ്ഥാനമുണ്ടാവണം. 'ബില്ല്' ഇല്ലെങ്കിലും അതിനുള്ള 'വിൽ' സമൂഹത്തിനുണ്ടായാൽ മതി. സ്ത്രീകളെ മാത്രമല്ല, പുരുഷനേയും പ്രബുദ്ധരാക്കാൻ 'സ്ത്രീശബ്ദം' മാസികക്ക് കഴിയണമെന്നും ഡോ. എം ലീലാവതി കൂട്ടിച്ചേർത്തു.

'സ്ത്രീശബ്ദം' എഡിറ്റർ അഡ്വക്കറ്റ് പി സതീദേവി അധ്യക്ഷയായി.  പ്രൊഫ. ആർ ബിന്ദു സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷൻ മേധാവി ഡോ. ടി എൻ സീമ ആമുഖ പ്രഭാഷണവും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ‌് ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണവും നിർവഹിച്ചു.  'സ്ത്രീശബ്ദം'  200‐ാം പതിപ്പ് അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ പ്രൊഫ. ലളിത ലെനിന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വനിതാരത്നം പുരസ്കാര ജേതാവ് കെ പി സുധീര മാസികയുടെ ലോഗോ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് വിജയരാജ മല്ലികക്ക്  (സഹജ) നൽകി പ്രകാശനം ചെയ്തു. വിനീത രാജുവിന്റെ 'പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോൾ' എന്ന പുസ്തകം ഡോ. ഖദീജ മുംതാസ് വിജിലക്ക് നൽകി പ്രകാശനം ചെയ്തു. സ്ത്രീശബ്ദം മാസികയിലെ എഴുത്തുകാർ അടക്കമുള്ള പ്രവർത്തകർക്ക് സ്ത്രീശബ്ദം മാനേജർ സൂസൻ കോടി, സി എസ് സുജാത, ടി എൻ സീമ എന്നിവർ ഉപഹാരം നൽകി.

തുടർന്ന്  'വനിതാ പ്രസിദ്ധീകരണങ്ങളുടെ സമകാലിക ദൗത്യം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എൻ സുകന്യ വിഷയം അവതരിപ്പിച്ചു. പ്രൊഫ. ടി എ ഉഷാകുമാരി, എ കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. ഡോ. ടി കെ ആനന്ദി മോഡറേറ്ററായി. അഡ്വ. കെ ആർ വിജയ നന്ദി പറഞ്ഞു. 'സ്ത്രീ സ്വാതന്ത്ര്യം സർഗാവിഷ്കാരം' എന്ന വിഷയത്തിൽ നടന്ന സംവാദത്തിന് ഡോ. ബിന്ദു കൃഷ്ണൻ മോഡറേറ്ററായി. ഡോ. മ്യൂസ് മേരി ജോർജ് വിഷയം അവതരിപ്പിച്ചു.

സമാപനസമ്മേളനം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് മേരി തോമസ് അധ്യക്ഷയായി.

പ്രധാന വാർത്തകൾ
 Top