28 May Thursday
എൻജിഒ അസോ. തെറ്റിദ്ധാരണ പരത്തുന്നു

പൊലീസ്‌ ഉദ്യോഗസ്ഥർ ദുരിതാശ്വാസ സംഭാവന നൽകണം: ഓഫീസേഴ്‌സ്‌ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കൊച്ചി
കോവിഡ്‌ പ്രതിരോധത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ എല്ലാ പൊലീസ്‌ ഓഫീസർമാരും സംഭാവന നൽകണമെന്ന്‌ കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ അഭ്യർഥിച്ചു. സംസ്ഥാനം നേരിട്ട ദുരിതസാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവും കുടുംബവും ഉപേക്ഷിച്ച് ജനസേവനം ചെയ്യുന്നവരാണ് പൊലീസുകാർ. ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ടു കാണുകയും ചെയ്യുന്നു. നിത്യവരുമാനക്കാർ പലരും തൊഴിലില്ലാത്തവരായി. സ്ഥിരവരുമാനക്കാർപോലും പ്രയാസമനുഭവിക്കുമ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണം. ഈ മാനവികതാ ബോധത്തിലേക്ക് കേരളത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ഉയർന്നു ചിന്തിക്കണം.

ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ  ഇതിനകം നിരവധി പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടുണ്ട്‌. അതിനു കഴിയുന്നവരാണ് ബഹുഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരും. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ അതിനു കഴിയാത്ത ചിലരുമുണ്ട്‌. അവരും പങ്കാളിത്തം ഉറപ്പാക്കി സാധ്യമായ പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവനയായി നൽകണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു അഭ്യർഥിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ കൂട്ടത്തിൽനിന്ന് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ  ഒഴിവാക്കണമെന്ന് എൻജിഒ അസോസിയേഷന്റേതായി വാട്‌സാപ്‌ സന്ദേശം പ്രചരിപ്പിക്കുന്നതിൽ കെപിഒഎ പ്രതിഷേധിച്ചു. നാടിന്റെ വേദനയിൽ പങ്കുചേരാനുള്ള അവസരം നിഷേധിക്കപ്പെട്ടാൽ അതിൽ സന്തോഷിക്കുന്നവരാണ് പൊലീസെന്ന ധാരണ തെറ്റാണ്‌. പ്രളയദുരിതാശ്വാസത്തിന്‌ മുഖ്യമന്ത്രി സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തെ 90 ശതമാനം പോലീസ്‌ ഉദ്യോഗസ്ഥരും അതിൽ പങ്കാളികളായിരുന്നു.

ദുരിതകാലത്ത്‌ സഹായം നൽകാതിരിക്കുന്നതിനെക്കുറിച്ച്‌ ഗവേഷണം നടത്തിയതും അതിന്റെ പേരിൽ കോടതിയെ വരെ സമീപിച്ചതും പൊലീസുകാരല്ല. ആ ഗണത്തിൽ പൊലീസിനെ ഉൾപ്പെടുത്താൻ ശ്രമിക്കരുത്‌. എൻജിഒ അസോസിയേഷന്റെ പ്രസ്‌താവനയിലെ ആ ഭാഗം പിൻവലിക്കണമെന്നും സി ആർ ബിജു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top