11 April Sunday

ഇതാണ്‌ മുഹമ്മദലിയുടെ പ്രതിഷേധ സ്കൂട്ടർ സൈക്കിൾ

കെ പി വേണുUpdated: Monday Mar 1, 2021


കളമശേരി
ഏലൂർ വടക്കുഭാഗത്ത് കണപ്പള്ളിപ്പറമ്പിൽ മുഹമ്മദലി നിർമിച്ച സ്കൂട്ടർ സൈക്കിൾ, ഉയരുന്ന പെട്രോൾവിലയോടുള്ള പ്രതിഷേധംകൂടിയാണ്. മുൻഭാഗം സ്കൂട്ടറും ബാക്കി ഭാഗം സൈക്കിളുമായ സ്കൂട്ടർ സൈക്കിൾ ഇളയ മകന്റെ ആഗ്രഹമനുസരിച്ചാണ് നിർമിച്ചത്. പണി പൂർത്തിയായ സ്‌കൂട്ടർ സൈക്കിൾ നാട്ടുകാർക്ക് കൗതുകമായി. 

ഗൾഫിൽ 13 വർഷം ജോലി ചെയ്ത മുഹമ്മദലി മൂന്നുവർഷമായി ഏലൂരിൽ കണപ്പള്ളി എൻജിനിയറിങ് വർക്സ് എന്ന പേരിൽ വർക്‌ഷോപ് നടത്തിവരികയാണ്. മഞ്ഞുമ്മൽ സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് ഷിഫാസ് ഫെയ്‌സ്ബുക്കിൽ കണ്ട സ്‌കൂട്ടറെന്ന ആശയമാണ്‌ മുഹമ്മദലി നടപ്പാക്കിയത്‌. തുടർന്ന് ചേതക് സ്‌കൂട്ടറിന്റെ ഹാൻഡിൽ, വീൽ, ഹെഡ്‌ലൈറ്റ് തുടങ്ങിയവ ഉൾപ്പെടുന്ന മുൻഭാഗം സംഘടിപ്പിച്ചു. മുൻചക്രവും ഹാൻഡിലും നീക്കം ചെയ്ത സൈക്കിൾ ഫ്രെയിമിലേക്ക് സ്കൂട്ടർ ഭാഗം പിടിപ്പിച്ചു. മൂന്നുദിവസംകൊണ്ട് സ്കൂട്ടർ സൈക്കിൾ റെഡി. ബാറ്ററിയിൽ ഹെഡ്‌ലൈറ്റ്, ഹോൺ, ഇൻഡികേറ്ററുകൾ, ബ്രേക്ക്‌ലൈറ്റ് എന്നിവ പ്രവർത്തിക്കും.

സാധാരണ സൈക്കിൾ ചവിട്ടുന്നതിലും ആയാസം കുറവായതിനാൽ സ്കൂട്ടർ സൈക്കിളിന് ആവശ്യക്കാർ ഏറെയുണ്ട്. എന്നാൽ, സ്കൂട്ടറിന്റെ പ്രവർത്തനക്ഷമമായ മുൻഭാഗം ലഭിക്കാത്തതും ഉള്ളതിന് വരുന്ന വലിയ വിലയുമാണ് തടസ്സം. മുതിർന്നവർക്കും കുട്ടികൾക്കും സൈക്കിളിനോട് താൽപ്പര്യമുണ്ടാക്കാൻ വേഷം മാറിയ വാഹനത്തിനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പെട്രോൾവില വർധിപ്പിച്ചുകൊണ്ടിരിക്കുന്നവർക്കെതിരെയുള്ള  പ്രതിഷേധമാണ് പെട്രോൾ അടിക്കാതെ ഓടിക്കാവുന്ന സ്കൂട്ടർ സൈക്കിളെന്നാണ് സിപിഐ എം പ്രവർത്തകനായ അലിയുടെ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top