വൈപ്പിൻ
വൈപ്പിനിൽനിന്നുള്ള സ്വകാര്യബസുകളുടെ നഗരപ്രവേശത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് ബസ് ഉടമകൾ. ബസുകളുടെ നഗരപ്രവേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഓച്ചന്തുരുത്തിൽ ചേർന്ന യോഗത്തിലാണ് ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ പിന്തുണ അറിയിച്ചത്.
വൈപ്പിൻകരക്കാരുടെ വർഷങ്ങളായുള്ള ആഗ്രഹം എത്രയുംവേഗം യാഥാർഥ്യമാക്കണം. അതേസമയം, തങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ബസ് ഉടമാ പ്രതിനിധികൾ പറഞ്ഞു. സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം ചേർന്ന യോഗത്തിന് ജോയിന്റ് ട്രാൻസ്പോർട്ട് കമീഷണർ കെ മനോജ്കുമാർ നേതൃത്വം നൽകി. ടി ജെ വിനോദ് എംഎൽഎ, ജില്ലാപഞ്ചായത്ത് അംഗം എം ബി ഷൈനി, പഞ്ചായത്ത് പ്രസിഡന്റുമാരായ രസികല പ്രിയരാജ്, കെ എസ് നിബിൻ, ടി ടി ഫ്രാൻസിസ്, രമണി അജയൻ, ബസ് ഉടമകൾ, വിവിധ പാർടി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, മത സാമുദായിക സംഘടനാ നേതാക്കൾ, കലാസാംസ്കാരിക സംഘടനാ പ്രതിനിധികൾ, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിന്റെ റിപ്പോർട്ട് ഏഴിനുമുമ്പ് ഗതാഗതമന്ത്രിക്ക് സമർപ്പിക്കുമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമീഷണർ കെ മനോജ്കുമാർ പറഞ്ഞു. ജനുവരി ആദ്യവാരം മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധിയോഗം ചേർന്നത്.
വൈപ്പിൻ, നോർത്ത് പറവൂർ, മുനമ്പം ഭാഗങ്ങളിൽനിന്നുള്ള നൂറ്റമ്പതോളം ബസുകളാണ് നിലവിൽ ഹൈക്കോടതി ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..