30 November Monday

നെല്ല് പൊലിച്ച്‌ താപ്പിടി

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020

താപ്പിടി നിർമാണത്തിലേർപ്പെട്ട കയ്യൂരിലെ പി വി അമ്പാടി

കയ്യൂർ 
കാർഷിക സമൃദ്ധിയുടെ  പ്രതീകമാണ‌് താപ്പിടി. നെൽകതിരുകൾ ചേർത്തുവച്ച‌്പുല്ലുകൊണ്ട‌് കെട്ടിയുണ്ടാക്കുന്ന കതിർകൂട്ടമാണ‌് താപ്പിടി. കർഷക ഭവനങ്ങൾക്കു മുന്നിൽ നെൽക്കതിർകൊണ്ട‌് വിതാനം തൂക്കിയിടുന്നത‌് കാർഷിക പ്രതാപത്തിന്റെ ചിഹ്നമായിരുന്നു. 
കയ്യൂരിലെ പി വി അമ്പാടി എന്ന കർഷകൻ ഇത്തവണയും പതിവു മുടക്കിയില്ല‌. കന്നിമാസത്തിലെ കൊയ‌്ത്ത‌് കഴിഞ്ഞാലാണ‌് താപ്പിടി നിർമിക്കുക. വിളഞ്ഞുനിൽക്കുന്ന കതിർ ഉണങ്ങുന്നതിനു മുന്നേ കൊയ‌്തെടുക്കും.  പുല്ലും കതിരും വേർതിരിക്കും. കതിര‌് കുത്തനെ തൂക്കി ഒരുക്കി കെട്ടും. പുല്ലുകൊണ്ട‌് ഇഴപിരിച്ച‌് കതിർമണികൾക്ക‌് കച്ച കെട്ടി താപ്പിടി ഒരുക്കും. വൈദഗ‌്ധ്യം ആവശ്യമുള്ള ജോലിയാണ‌് ഇത്‌. ആവശ്യക്കാർക്കായും താപ്പിടി നിർമിമിക്കുന്നുണ്ട്‌. കൊയ‌്ത്തുകാലത്ത‌് വീടിന്റെ ഉമ്മറത്ത‌് തൂക്കിയിടുന്ന താപ്പിടികൾ ക്ഷാമകാലത്ത‌് ഉപയോഗിക്കാനുള്ളതാണ‌്. വരിക്ക എന്നും ചില സ്ഥലങ്ങളിൽ ഇതിന്‌ പേരുണ്ട‌്.  
ചാറ്റൽമഴയിൽനിന്നും രക്ഷ നേടാനുള്ള കൊട്ടൻപാള, മഴയത്ത‌് ചൂടാനുള്ള ഓലക്കുട, വിത്തുപൊതി, പുല്ലരിയാനുള്ള കൊട്ട, പൂരക്കളിപ്പന്തലിലെ അരങ്ങ‌് തൂക്കൽ, കുരുത്തോല കൊണ്ട‌് കലശത്തറ വിതാനിക്കൽ തുടങ്ങി  ജോലിയുടെ ഭാഗമായും അനുഷ‌്ഠാനച്ചടങ്ങുകളുടെ ഭാഗമായും അനേകം പ്രവർത്തനങ്ങളിൽ ഏർപ്പെടുമായിരുന്നു. അതിലൊന്നാണ‌് താപ്പിടി നിർമാണം. മീൻ പടിക്കാനുള്ള കുത്തൂട‌്, കള്ള‌് ശേഖരിക്കാനുള്ള പാത്രത്തിന‌് ചൂടികൊണ്ട‌് ആവരണം, വള്ളിക്കൂട്ടയ‌്ക്ക‌്  ചൂടി‌ വരിഞ്ഞുകെട്ടുക തുടങ്ങി അമ്പാടിക്ക‌് വഴങ്ങാത്ത അലങ്കാരപ്പണികളില്ല. സിപിഐ എം കയ്യൂർ മഠം ബ്രാഞ്ച‌ംഗം കൂടിയാണ‌്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top