11 August Tuesday

കേന്ദ്ര സർക്കാർ വാക്ക്‌ പാലിക്കണം എയിംസ്‌ അനുവദിക്കണം: എം വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

 

കാസർകോട്‌
കേന്ദ്ര സർക്കാർ നേരത്തെ വാഗ്‌ദാനംചെയ്‌ത എയിംസ്‌  കേരളത്തിന്‌ അനുവദിക്കണമെന്ന്‌  സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. അതിനുള്ള പ്രക്ഷോഭം ഉയർന്നുവരണം. അനുവദിച്ചാൽ അത്‌ കാസർകോട്‌ കൊണ്ടുവരുവാനുള്ള എല്ലാ രാഷ്‌ട്രിയ സമ്മർദവും സിപിഐ എം നടത്തും. എയിംസ്‌ കേരളത്തിന്‌ നൽകാമെന്ന വാഗ്‌ദാനത്തിൽ നിന്ന്‌  കേന്ദ്ര ബിജെപി സർക്കാർ കാരണമൊന്നുമില്ലാതെ  പിൻവാങ്ങുകയായിരുന്നു. അത്‌ നേടിയെടുക്കാനുള്ള പ്രക്ഷോഭമാണ്‌ ഉയർത്തികൊണ്ടുവരേണ്ടത്‌.  
കേരളത്തിന്‌ എയിംസ്‌  അനുവദിക്കുമെന്ന്‌  പ്രഖ്യാപിച്ച ഘട്ടത്തിൽ ജില്ലയിലേക്ക്‌ കൊണ്ടുവരുന്നതിന്‌  അന്ന്‌ എംപിയായിരുന്ന  പി കരുണാകരനും പാർടിയും പരിശ്രമിച്ചിരുന്നു. അതിനിടയിലാണ്‌ രാഷ്‌ട്രീയ വൈരം വച്ചു കേന്ദ്രസർക്കാർ പിറകോട്ടുപോയത്‌.  കോവിഡ്‌  വ്യാപന ഘട്ടത്തിൽ ജില്ലയുടെ തൊട്ടടുത്തുള്ള മംഗളൂരുവിലേക്ക്‌  അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നത്‌ കർണാടക സർക്കാർ തടസ്സപ്പെടുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്‌. ജില്ലയിൽ അത്യാധുനിക സൗകര്യങ്ങളുള്ള  കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ വരേണ്ടതിന്റെ ആവശ്യകത അത്‌ ഓർമിപ്പിക്കുന്നു.  
ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്‌ സംസ്ഥാന സർക്കാർ പരമാവധി ശ്രമം നടത്തുന്ന ഘട്ടം കൂടിയാണിത്‌. എയിംസ്‌ പോലുള്ള സ്ഥാപനം കൂടി ജില്ലയിൽ വരുന്നത്‌ സ്വാഗതാർഹമാണ്‌. കേരളത്തിന്‌  വാഗ്‌ദാനംചെയ്‌ത   എയിംസ്‌ കേന്ദ്ര സർക്കാർ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള  പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top