20 October Sunday

നിയമസഭാ പരിസ്ഥിതി സമിതി സിറ്റിങ് 30ഓളം പരാതികൾ; നടപടി 48 മണിക്കൂറിനുള്ളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

 

കാസർകോട്‌
കേരളീയ സമൂഹം പ്രകൃതിക്കനുസൃതമായി ജീവിതം ക്രമപ്പെടുത്തണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച തെളിവെടുപ്പിലാണ് സമിതി ചെയർമാൻ മുല്ലക്കര രത്‌നാകരൻ സുസ്ഥിര വികസനത്തിന്റെ ആവശ്യകത ഓർമപ്പെടുത്തിയത്.മുപ്പതോളം പുതിയ പരാതികൾ ലഭിച്ചു. 
നേരത്തേ ലഭിച്ച പരാതികളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്.  വ്യാപകമായി നീർത്തടം നികത്തുന്നുവെന്നാരോപിച്ച് പി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതി സമിതി പരിഗണിച്ചു.വയൽ നികത്തലിനെതിരെ താഴേതട്ടിൽ ശക്തമായ നടപടിയുണ്ടാവണമെന്ന്‌ സമിതി പറഞ്ഞു.  നിയമലംഘനങ്ങൾ ചില കൃഷി ഓഫീസർമാർ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും വില്ലേജ് ഓഫീസർമാരിൽ ചിലർ തുടർനടപടി സ്വീകരിക്കാറില്ലെന്നും സമിതി നിരീക്ഷിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 48 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന്‌ കലക്ടറും പ്രിൻസിപ്പൽ കൃഷി ഓഫീസറും അറിയിച്ചു.
കവ്വായി കായലിന് കുറുകെയുള്ള ബണ്ടുകൾ നീക്കം ചെയ്ത് തൃക്കരിപ്പൂർ, വലിയ പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കണമെന്ന ആവശ്യവും സമിതി പരിഗണിച്ചു. പാലം നിർമ്മിക്കാൻ 40 കോടിയോളം രൂപ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
അനധികൃത കരിങ്കൽ ക്വാറികൾ ജനജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നുവെന്നായിരുന്നു മറ്റൊരു പരാതി. അനധികൃതക്വാറികൾ പൂട്ടിയതായും മുന്നാട് ഒരു ക്വാറി നിയമാനുസൃതമായി പ്രവർത്തിക്കുന്നതായും ജിയോളജിസ്റ്റ് അറിയിച്ചു.പരപ്പ മുണ്ടത്തടം  ക്വാറി പ്രവർത്തിക്കുന്നില്ലെന്ന് കലക്ടർ അറിയിച്ചു. വിശദമായ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം നൽകാൻ ജിയോളജിസ്റ്റിനോട് നിർദേശിച്ചു.
കാറഡുക്കയിലെ റിസർവ്ഡ് വനത്തിൽ സിനിമാ ചിത്രീകരണത്തിനിടെ പരിസ്ഥിതി നശിപ്പിച്ചതായും അജൈവ വസ്തുക്കൾ കത്തിച്ചതായുമുള്ള പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സമിതിക്ക് വിശദീകരണം നൽകി. പരാതിയിൽ പറഞ്ഞ പ്രകാരം നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും സ്ഥലം സന്ദർശിച്ച കേന്ദ്ര സംഘത്തിന് ഇത് ബോധ്യപ്പെട്ടുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
തീരദേശ സംരക്ഷണത്തിനായുള്ള പരാതിയും പരിഗണിച്ചു.തെളിവെടുപ്പിന് ശേഷംവിവിധ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.സമിതി അംഗങ്ങളായ അനിൽ അക്കര, പി ടി എ റഹീം, എ വിൻസന്റ്,  നിയമസഭ ജോയിന്റ് സെക്രട്ടറി  കെ എ രാജൻ എന്നിവരും കലക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, എഡിഎം എൻ ദേവീദാസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top