10 August Monday

ഡെങ്കിക്കെതിരെ ജാഗ്രതയോടെ കയ്യൂർ‐ ചീമേനിയും ചെറുവത്തൂരും

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ചെറുവത്തൂർ
കൊവിഡ്–- മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രതയുമായി കയ്യൂർ ചീമേനിയും ചെറുവത്തൂരും. പഞ്ചായത്തുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് മാതൃകാപരമായ പ്രതിരോധ പ്രവർത്തനം നടത്തുന്നത്.
കയ്യൂർ ചീമേനി പഞ്ചായത്തിൽ ഇതുവരെയായും കോവിഡ് പോസിറ്റീവ് കേസുകൾ റിപോർട്ട്‌ ചെയ്തിട്ടില്ല. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി 153 പേരാണ് പഞ്ചായത്തിൽ എത്തിയത്‌. എല്ലാവരും കൃത്യമായ നിരീക്ഷണത്തിലാണ്‌. ഭൂരിപക്ഷം പേരും വീടുകളിലാണ് കോറന്റൈനിൽ പോയത്. വീടുകളിൽ പോകാൻ സാധിക്കാത്തവർക്ക് ചീമേനി എൻജിനിയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലും ഒരുക്കി. 25 പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഇതിൽ 12 പേരും നിരീക്ഷണം പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി. എത്തിയവരിൽ എൺപതിലധികം പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കി.
ചെറുവത്തൂരിൽ 382 പേരാണ് എത്തിയത്. ഇതിൽ അഞ്ചു കേസുകൾ പോസിറ്റീവായിരുന്നു. ഇവർക്ക് ആശുപത്രികളിൽ ചികിത്സ നൽകി വരികയാണ്. വീടുകളിൽ കോറന്റൈനിൽ കഴിയാൻ സാഹചര്യമില്ലാത്തവർക്ക്‌ കുഴിഞ്ഞടി മർക്കസ്, ചെറുവത്തൂർ ജെടിഎസ്, കൈതക്കാട്, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കി.  ഭൂരിഭാഗം പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കി. 178 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
മഴക്കാലം ആരംഭിച്ചതോടെ നിരവധി ഡെങ്കി കേസുകളാണ് റിപോർട്ട്‌ ചെയ്തത്. കയ്യൂർ ചീമേനി പഞ്ചായത്തിൽ 210 കേസുകളും ചെറുവത്തൂരിൽ 18 കേസുകളുമാണുള്ളത്. മഴക്കാലത്തിന് മുമ്പ് തന്നെ ശുചീകരണവും  ബോധവൽക്കരണ പരിപാടികളും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. കൂടുതൽ കേസ് റിപ്പോർട് ചെയ്ത പ്രദേശങ്ങളിൽ ഡങ്കി പടരാതിരിക്കാൻ ആരോഗ്യ പ്രവർത്തകർ ജാഗ്രതയിലാണ്‌.   കയ്യൂർ പിഎച്ച്‌സി കുടുംബാരോഗ്യമായി ഉയർത്തിയതോടെ ലാബ് സൗകര്യം ലഭ്യമാണ്. ചെറുവത്തൂർ സിഎച്ച്‌സിയിലും ലാബുണ്ട്‌.  കൂടുതൽ പേരെ ടെസ്റ്റിന് വിധേയമാക്കാൻ ഇതുവഴി സാധിക്കുന്നു. ഫോഗിങ്ങ്, ഉറവിട നശീകരണം, ബോധവൽക്കരണം എന്നിവ സജീവമാണ്‌.
വിവിധ കേന്ദ്രങ്ങളിൽ റിവ്യു യോഗവും ആരംഭിച്ചു. 27ന് പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം നടക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top