26 August Monday

വിത്തുകേന്ദ്രത്തിൽ പശുപരിപാലനവും

സ്വന്തം ലേഖകൻUpdated: Thursday Jun 27, 2019
കാസർകോട‌്
സംസ്ഥാന സർക്കാരിന്റെ കറന്തക്കാട‌് വിത്തുൽപാദന കേന്ദ്രത്തിൽ ബുധനാഴ‌്ച പശു പ്രസവിച്ചു.  പെൺകുട്ടി പിറന്നതിന്റെ സന്തോഷത്തിലാണ‌്  കാസർകോട‌്  നഗരമധ്യത്തിലെ  ഫാം ജീവനക്കാർ. അടുത്തിടെ പശുക്കൾ പ്രസവിച്ചതൊക്കെയും ആൺകുട്ടികളാണ‌്. പെൺകുട്ടി പിറന്നാൽ ഭാവിയിൽ ഫാമിലെ പശുക്കളുടെ  പരമ്പര കൂടും.  പുതിയ കിടാരിയടുക്കം 25 കന്നുകാലികളുണ്ട‌് ഫാമിൽ. കാസർകോട‌ൻ കുള്ളൻ പശുക്കളുമുണ്ട‌്. പ്രതിദിനം ഏഴ‌് ലിറ്റർ പാൽ കിട്ടും.  2013 മാർച്ചിൽ  അഞ്ച‌് പശുവും മൂന്ന‌് കിടാരികളുമായി തുടങ്ങിയതാണ‌് ഫാമിലെ പശു വളർത്തലും പരിപാലനവും.  ഫാമിൽ വിവിധ തരം  വിത്തുകൾ ഉൽപാദിപ്പിക്കുന്നത‌് ചാണകം കലർന്ന ജൈവ വളത്തിൽ. ജൈവ  ഉൽപ്പന്നങ്ങളും കീടങ്ങൾക്കെതിരെയുള്ള എതിർ പ്രാണികളും  ഉണ്ടാക്കുന്ന സംസ്ഥാനത്തെ പ്രധാന ഫാമാണിത‌്. പശുകൾക്കായി ജില്ലാ പഞ്ചായത്ത‌് ഫണ്ടിൽ വിശാലമായ തൊഴുത്ത‌് നിർമിക്കുന്നുണ്ട‌്. 
    മഴയെത്തി മണ്ണ‌് നനഞ്ഞതോടെ കർഷകരെ കാത്ത‌് വിവിധ വിത്തിനങ്ങൾ ഫാമിൽ തയ്യാറായി. പച്ചക്കറി, നെൽ വിത്തുകൾക്കായി കർഷകർ ആശ്രയിക്കുന്ന ഉത്തരകേരളത്തിലെ പ്രമുഖ ഫാമാണ‌് കറന്തക്കാടുള്ളത‌്. വിത്തുകളുടെയും തൈകളുടെയും  ഉൽപാദനവും വിതരണവുമാണ‌് ഇവിടെ.  പയർ, വെണ്ട, ചീര, പടവലം, കയ‌്പ്പ, വെള്ളരി, മുളക‌്, വഴുതന, മത്തൻ, കുമ്പളം ചൂരക്ക, നരമ്പൻ എന്നീ പച്ചക്കറികളുടെ വിത്തുണ്ട‌്.  വെണ്ട, കാബേജ‌്, കോളിഫ‌്ളവർ, തക്കാളി, മുളക‌്, വഴുതന എന്നിവയുടെ തൈകളുമുണ്ട‌്. ആതിര, ഐശ്വര്യ, മട്ടത്രിവേണി, കാഞ്ചന, ജയ എന്നീ നെൽ വിത്തുകളുണ്ട‌്.  മാവ‌്, മുരിങ്ങ, ചാമ്പ, പപ്പായ എന്നിവയുടെ തൈകൾ ലഭിക്കും. കുരുമുളകിൽ കുറ്റി കുരുമുളകും വേര‌്പിടിപ്പിച്ച കുരുമുളകും ലഭിക്കും. വാഴയിൽ ടിഷ്യൂ കൾച്ചർ വാഴ,  (നേന്ത്രൻ, ജി–- 9),  മറ്റ‌് വാഴക്കന്നുകൾ എന്നിവയുണ്ട‌്. മരച്ചീനി തൈ ലഭിക്കും.  ജൈവള കൂട്ടുകളിൽ ജീവാമൃതം, ഗോമൂത്രം ഉണ്ടാക്കുന്നു.  സസ്യ സംരക്ഷണ ഉപാധികളായി കീട നിയന്ത്രണത്തിന‌് ഫിറമോൺ കെണികൾ (പച്ചക്കറി, മാവ‌്),  എതിർപ്രാണികളായ തെങ്ങൊലപ്പുഴു എന്നിവ  ഉണ്ടാക്കുന്നു. രോഗ നിയന്ത്രണത്തിന‌് സ്യൂഡോമൊണാസ‌്, ട്രൈക്കോഡർമ്മ എന്നിവ ഉൽപാദിപ്പിക്കുന്നു. 
          പതിനായിരത്തോളം കർഷകരാണ‌് വർഷത്തിൽ വിത്തുകൾക്കും തൈകൾക്കുമായി ഇവിടെയെത്തുന്നത‌്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന‌് കർഷകർ എത്തുന്നു. ഫാമിനോട‌് ചേർന്നുള്ള ഏഴ‌് ഹെക്ടർ പാടത്താണ‌് നെൽ വിത്തിനായുള്ള കൃഷി. പച്ചക്കറി വിത്തുകൾക്കായി രണ്ട‌് ഹെക്ടറിലാണ‌് കൃഷി.  ഇത്തവണ കൃഷിഭവനുകൾ വഴി വിതരണം ചെയ്യാൻ 25000 കുരുമുളക‌് തൈകൾ തയ്യാറാക്കിയിട്ടുണ്ട‌്. വരുന്ന വർഷം മാവിന്റെയും പ്ലാവിന്റെയും ഗ്രാഫ‌്റ്റ‌് തൈകൾ തയ്യാറാക്കും.  ഔഷധ സസ്യങ്ങളുടെ അപൂർവ ശേഖരവുമായി ഹെർബൽ മ്യൂസിയം പുതുതായി ഇവിടെ ഒരുക്കിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top