രാജപുരം
കള്ളാറിലും പനത്തടിയിലും കോൺഗ്രസിൽ നിന്ന് കൂട്ടരാജി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ടവർക്ക് സീറ്റ് നൽകാതെ പാർടിയുമായി ബന്ധമില്ലാത്തവരെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി തുടരുന്നത്. ബളാൽ ബ്ലോക്ക് പ്രസിഡന്റ് ബാബുകദളിമറ്റം സ്ഥാനം രാജി വെച്ചതോടെയാണ് കൂടുതൽ പേർ രംഗത്ത് വന്നത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി എൻ ഗംഗാധരൻ, കള്ളാർ മണ്ഡലം വൈസ് പ്രസിഡന്റ് എം യു തോമസ്, മണ്ഡലം സെക്രട്ടറിമാരായ റോയി ആശാരികുന്നേൽ, എ ഉമ്മർ, സി സി ബേബി, കെ രാമചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് എൻ എം കുഞ്ഞമ്പു നായർ, സജി മണ്ണൂർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അബ്രാഹാം കടുതോടി, വി കെ ബാലകൃഷ്ണൻ, മഹിള കോൺഗ്രസ് പ്രസിഡന്റ് പ്രേമ സുരേഷ് എന്നിവരാണ് കള്ളാറിൽ നിന്നും രാജിവെച്ച മണ്ഡലം ഭാരവാഹികൾ. നിരവധി പ്രവർത്തകരും ഇവരോടൊപ്പമുണ്ട്. പനത്തടി പഞ്ചായത്തിലെ 13 വാർഡ് കോൺഗ്രസ് പ്രസിഡന്റ് കെ വി ജോസഫും 9-ാം വാർഡ് പ്രസിഡന്റ് രജിത രാജനും യുത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീകാന്ത് എന്നിവരും രാജി വെച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തില 3,4,5,7,10,12 വാർഡുകളിലും, പനത്തടി പഞ്ചായത്തിലെ 9,13 വാർഡുകളിലും കോൺഗ്രസ് റിബലുകൾ മത്സരരംഗത്തുണ്ട്. വിവിധ തലത്തിലുള്ള ഭാരവാഹികൾ രാജി വെച്ചത് കോൺഗ്രസിന് വലിയ തലവേദനയായിട്ടുണ്ട്. കെപിസിസി അംഗം കെ പി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ പനത്തടി, കള്ളാർ പഞ്ചായത്തുകളിലെ നേതാക്കളെയും പ്രവർത്തകരെയും അനുനയിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..