26 October Monday

തട്ടിപ്പും വെട്ടിപ്പുമായി ലീഗ്‌ നേതാക്കൾ; പണം നഷ്ടപ്പെട്ടവർ ഇപ്പോഴുംപെരുവഴിയിൽ

പി മഷൂദ്‌Updated: Saturday Sep 26, 2020
തൃക്കരിപ്പൂർ> നേതാക്കളുടെ തട്ടിപ്പിനെതിരെ മിണ്ടാട്ടമില്ലാത്തെ മുസ്ലിംലീഗ്‌ നേതൃത്വത്തിനെതിരെ അണികളിൽ രോഷം ഉയരുന്നു.   അനുയായികളെ വഞ്ചിക്കലും കബളിപ്പിക്കലുമാണ്‌  ജില്ലയിലെ  പ്രമുഖനേതാക്കളുടെ പ്രവർത്തനമേഖലയെന്ന്‌  പുറത്തുവന്ന സംഭവങ്ങൾ തെളിയിക്കുമ്പോഴും നേതൃത്വത്തിന്‌ അനക്കമില്ല.  പാർടി പ്രവർത്തകരെ പല സ്ഥാപനങ്ങളുടെ പേരിൽ കബളിപ്പിച്ച  നേതാക്കൾ സുഖലോലുപരായി ജീവിക്കുകയാണ്‌. പണം നഷ്ടപ്പെട്ടവർ ഇപ്പോഴുംപെരുവഴിയിലാണ്‌. 
 
  നിരവധി പേർക്ക്‌ അവരുടെ ജീവിതസമ്പാദ്യം മുഴുവൻ നഷ്ടമായ കഥകൾ മാസങ്ങളായി   ലീഗ്‌ അകത്തളങ്ങളിൽ ഉയരുന്നുണ്ട്‌.  അവർക്ക്‌ വേണ്ടി ഇതുവരെ  എന്തുചെയ്‌തുവെന്ന ചോദ്യത്തിന്‌ നേതൃത്വത്തിന്‌ മറുപടിയില്ല. അതേസമയം കബളിപ്പിക്കാൻ നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ നടപടി വരാൻ തുടങ്ങിയതോടെ  സംസ്ഥാനനേതൃത്വത്തിന്‌ പൊള്ളി. അവരെ സംരക്ഷിക്കാൻ മധ്യസ്ഥവുമായി ഇറങ്ങി. വെട്ടിച്ച കോടികൾ  നേതാക്കളെ കൊണ്ട്‌ തിരിച്ചു കൊടുപ്പിക്കുമെന്നാണ്‌ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ ജനങ്ങളെ അറിയിച്ചത്‌. പറഞ്ഞിട്ട്‌ ആഴ്‌ചകളായി  കണക്കെടുപ്പ്‌ പോലും നടന്നില്ല. പണം നഷ്ടമായവർക്ക്‌ തിരിച്ചുലഭിക്കുമെന്ന്‌ ബോധ്യപ്പെടുത്താനും  നേതൃത്വത്തിന്‌ കഴിയുന്നില്ല.   തട്ടിപ്പിന്‌ നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കുക പതിവാണ്‌. ഇവിടെ അതുപോലുമില്ല.
 
 ജ്വല്ലറി തട്ടിപ്പ്‌
ഫാഷൻ ഗോൾഡ്‌ ജ്വല്ലറിതട്ടിപ്പിൽ  800ഓളം പേരാണ്‌ ഇരയായത്‌.ജില്ലയിലെ ലീഗിന്റെ പ്രമുഖനായ നേതാവ്‌ എംസി ഖമറുദ്ദീനാണ് അതിന്‌ നേതൃത്വം നൽകിയത്‌. അദ്ദേഹം ഇപ്പോൾ മഞ്ചേശ്വരം എംഎൽഎ കൂടിയാണ്‌.  ലീഗ്‌ ജില്ല നിർവാഹകസമിതി അംഗം ടി കെ പൂക്കോയതങ്ങളാണ്‌ ജ്വല്ലറിതട്ടിപ്പിൽ കൂട്ട്‌.  150 കോടി രൂപ തട്ടിയെടുത്തുവെന്നാണ്‌ പുറത്തുവന്നത്‌. 
 
ടാസ്‌ക്‌ കോളേജ്‌
തൃക്കരിപ്പൂർ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കീഴിൽ നടത്തുന്ന കോളേജിന്റെ പേരിൽ 85ഓളം പേരിൽനിന്ന്‌ 15 കോടിയോളം രൂപ പിരിച്ചെടുത്തുവെന്നാണ്‌ പുറത്തുവന്ന വിവരം. 400 ഓളം വിദ്യാർഥികൾ പഠിക്കുന്ന കോളേജ്‌ ഇപ്പോഴും ഒരു ബിസിനസ്‌ കോംപ്ലക്‌സിന്റെ മൂന്നാം നിലയിൽ  വാടക നൽകിയാണ്‌ പ്രവർത്തിക്കുന്നത്‌. എല്ലാ വർഷവും സർവകലാശാലയെ കബളിപ്പിച്ചു അഫിലിയേഷൻ സംഘടിപ്പിക്കുന്നതുകൊണ്ടുമാത്രം മുന്നോട്ടുപോകുന്നു.  എം സി ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ ബാവ എന്നിവരാണ്‌ കോളേജ് ഭാരവാഹികൾ.
 
വഖഫ്‌ ഭൂമിയും തട്ടി 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തൃക്കരിപ്പൂരിൽ പ്രവർത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരമടങ്ങുന്ന വഖഫ് സ്വത്ത്  ആരുമറിയാത രജിസ്റ്റർ ചെയ്ത് സ്വന്തമാക്കി .  ആറ്‌ കോടിയോളം വിലവരുന്ന ഭൂമിയാണിത്‌.  വഖഫ്‌ ഭൂമി തട്ടിയെടുത്തത്‌ പുറത്തറിഞ്ഞപ്പോൾ വൻ എതിർപ്പുയർന്നു. അതോടെ ഭൂമി തിരിച്ചു രജിസ്‌റ്റർ ചെയ്‌തു. മോഷണ വസ്‌തു തിരിച്ചെൽപ്പിച്ചാൽ അതു കുറ്റമല്ലാതാവുമോ എന്ന ചോദ്യമാണിവിടെ ഉയരുന്നത്‌.
 
ആശുപത്രിയുടെ മറവിലും തട്ടിപ്പ്‌
സംസ്ഥാന കൗൺസിൽ അംഗമായ നേതാവ് 10 വർഷം മുമ്പാണ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയുടെ പേരിൽ 50 പേരിൽ നിന്നും 25 ലക്ഷം രൂപ തോതിൽ പിരിച്ചെടുത്തത്. പത്ത് കോടിയിലേറെ സമാഹരിച്ച നേതാവ് ഒരു രൂപ പോലും മുടക്കാതെ ആശുപത്രി  ഡയറക്ടർമാരിൽ ഒരാളായി .  ആശുപത്രിയിൽ നിന്ന്‌ മാസം കൃത്യമായ വിഹിതം കൈപറ്റുന്നു. നിക്ഷേപകർക്ക് ഒരു രൂപ പോലും ലാഭ വിഹിതം നൽകിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top