28 May Saturday

പൊലിയംതുരുത്ത്‌ ഇക്കോ 
ടൂറിസത്തിന്‌ ഇന്ന്‌ കല്ലിടും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

പൊലിയം തുരുത്ത് ഇക്കോ ടൂറിസം വില്ലേജ് രൂപരേഖ

കാസർകോട്‌ 
എരിഞ്ഞിപ്പുഴ മലാങ്കടപ്പിന്‌ സമീപമുള്ള പയസ്വിനിപ്പുഴക്ക്‌ നടുവിൽ പൊലിയം തുരുത്തിൽ  ഇക്കോ ടൂറിസം വില്ലേജ്‌ വരുന്നു. കാസർകോടിന്റെ  പ്രകൃതി സൗന്ദര്യം അറിയാനും അനുഭവിക്കാനും പാകത്തിൽ  നിർമിക്കുന്ന വില്ലേജിന്റെ  പ്രവൃത്തി ഉദ്‌ഘാടനം  ബുധൻ വൈകിട്ട്‌ നാലിന്‌ ഒളിയത്തടുക്കം പൊലിയം തുരുത്തിൽ  സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ നിർവഹിക്കും. 
ജില്ലയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനും തൊഴിൽ സാധ്യത വർധിപ്പിക്കാനും 2018 ലാണ്‌ ഈ സഹകരണസ്ഥാപനം തുടങ്ങിയതെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നൽകുന്ന  കർമംതൊടി ആസ്ഥാനമായുള്ള ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്‌മെന്റ്‌ കോ ഓപ്പ്‌ സൈാസൈറ്റി (സിറ്റ്‌കോസ്‌) ചെയർമാൻ സിജി മാത്യു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 എരിഞ്ഞിപ്പുഴ, ഒളിയത്തടുക്കയിൽ ആറേക്കറോളം വരുന്ന തുരുത്തിന്റെ ഭൂപ്രകൃതിയിൽ മാറ്റം വരുത്താതെ പ്രകൃതി സൗഹൃദമായാണ്‌ വില്ലേജ്‌ ഒരുക്കുക. ഒന്നാം ഘട്ടം ഏപ്രിലോടെയും  പൂർണമായും മൂന്ന്‌ വർഷം കൊണ്ടും പൂർത്തിയാവുന്ന വില്ലേജിന്റെ ചെലവ്‌ ഏഴ്‌ കോടിയാണ്‌.  പ്രവാസികളിൽ നിന്നടക്കം ഓഹരി സമാഹരിച്ചാണ്‌   സ്വകാര്യവ്യക്തിയുടെ ഭൂമി ലീസിനെടുത്തു പദ്ധതി നടപ്പാക്കുന്നത്‌. 
തുരുത്തിലേക്ക്‌ വാഹനങ്ങൾക്ക്‌ പ്രവേശനമുണ്ടാകില്ല. തൂക്കുപാലം വഴി എത്തണം.  പുഴയും സമീപത്തെ കാടും വെള്ളച്ചാട്ടങ്ങളും കാണാൻ  ഒമ്പത്‌ മീറ്റർ ഉയരമുള്ള വാച്ച്‌ ടവറുണ്ടാകും. കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കോൺഫറൻസ്‌ ഹാൾ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറി തോട്ടം, യോഗ, ആയുർവേദ, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ചെറുതും വലുതുമായ കോട്ടേജുകൾ,ചുറ്റും നടപ്പാത, കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്‌കുകൾ എന്നിവയുമുണ്ടാകും. 
വാർത്താസമ്മേളനത്തിൽ വൈസ്‌ പ്രസിഡന്റ്‌ കെ ദാമോദരൻ, ആർകിടെക്ട്‌ ലക്ഷ്‌മി ദാസ്‌, വി കെ നാരായണൻ,  വി ഭവാനി, കെ നാസർ, വി വിജയൻ, കെ വി നവീൻ, ടി അശോകൻ,സെക്രട്ടറി ജി കെ നികേഷ്‌കുമാർ എന്നിവരും പങ്കെടുത്തു. 
 സിറ്റ്‌കോസിന്‌ വേണ്ടി സുജിത്‌ സഹദേവൻ തയ്യാറാക്കിയ പ്രമോ വീഡിയോ  കാസർകോട്‌ വികസനപാക്കേജ്‌ ഓഫീസർ ഇ  പി  രാജമോഹൻ, സിജി മാത്യുവിന്‌ നൽകി പ്രകാശിപ്പിച്ചു. ബ്രോഷർ സിനിമാ നടൻ സുബീഷ്‌, കെ വിനോദിന്‌ നൽകി പ്രകാശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top