22 October Friday

വെള്ളാപ്പിലെ റേഷൻകട തർക്കം: കലക്ടർ ഇന്ന്‌ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

വെള്ളാപ്പിലെ റേഷൻകട മാറ്റിയ വിഷയത്തിൽ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന യോഗം

തൃക്കരിപ്പൂർ
തൃക്കരിപ്പൂർ  വെള്ളാപ്പിലെ റേഷൻ കട വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി  ശനിയാഴ്ച പകൽ ഒന്നിന്‌  സ്ഥലം സന്ദർശിക്കും. 
എം രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ്‌ സന്ദർശനം. ഞായറാഴ്‌ച പകൽ  11ന്  ചേരുന്ന യോഗത്തിൽ തുടർനടപടി തീരുമാനിക്കും. ഇടയിലെക്കാടിന് പുറമെ വെള്ളാപ്പിലും റേഷൻ ഷാപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ പൊതുവിതരണ മന്ത്രി, സിവിൽ സപ്ലൈസ് കോർപറേഷൻ ഡയറക്ടർ എന്നിവർക്ക്  നിവേദനം നൽകിയിരുന്നു.  വെള്ളാപ്പിലെ റേഷൻകട  വാടക മുറി ഒഴിയാൻ ഉടമ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇടയിലെക്കാടിലേക്ക് മാറ്റിയത്. വി നാരായണന്റെ  ഉടമസ്ഥതയിലുള്ള റേഷൻകടയിലെ 817 കാർഡുടമകളിൽ അഞ്ഞൂറിലേറെ പേരും ഇടയിലെ കാട്ടിലുള്ളവരാണ്. ഇരു പ്രദേശത്തും പ്രതിഷേധം ഉയർന്നതിനാൽ റേഷൻ കട താൽകാലികമായി അടച്ചിട്ടിരിക്കുകയാണ്.
     കലക്ടറേറ്റിൽ നടന്ന യോഗത്തിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സത്താർ വടക്കുമ്പാട്, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവൻ, ജില്ലാ സപ്ലൈ ഓഫീസർ കെ പി അനിൽകുമാർ, ഹൊസ്‌ദുർഗ്‌ താലൂക്ക് സപ്ലൈ ഓഫീസർ കെ എൻ ബിന്ദു,  ജില്ലാ പഞ്ചായത്തംഗങ്ങളായ സി ജെ സജിത്ത്, എം മനു, ജനപ്രതിനിധികളായ വി പി പി ശുഹൈബ്, ഫരീദ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top