23 May Monday

ബിജിലിനും ബിനിലിനും 
സ്നേഹഭവനം ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

പാമത്തട്ടിലെ ബിജുവും ബീനയും മക്കളോടൊപ്പം തങ്ങളുടെ കുടിലിന് മുന്നിൽ

വെള്ളരിക്കുണ്ട് 
ഓലക്കുടിലിലെ ദുരിതജീവിതത്തിന് അറുതി; ബിജിലിനും ബിനിലിനും വീടൊരുക്കാൻ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സും മാലോത്ത് കസബയും ഒരുങ്ങി. മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. സ്‌കൂളിൽ നിന്ന് ഏഴ് കിലോമീറ്ററോളം ദൂരത്ത് വനാതിർത്തിയിൽ പാമത്തട്ട് മലയിലാണ് ഇവരുടെ ജീവിതം. 
കൂലിതൊഴിലാളിയാണ് അഛൻ ബിജു. അമ്മ ബീന രോഗിയും. സഹോദരി വൃക്കരോഗിയുമാണ്. വർഷങ്ങളായി മിച്ചഭൂമിയിലാണ് താമസം. സ്വന്തമായി ഒരു വീട് എന്നത് ഇവർക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. ബിജിൽ ഒമ്പതിലും ബിനിൽ രണ്ടിലും പഠിക്കുന്നു. പലപ്പോഴും സ്കൂൾ അധികൃതരാണ് ഇവർക്ക് പഠനസഹായം നൽകുന്നത്. ഇവരുടെ ജീവിത പ്രയാസം കണ്ടറിഞ്ഞ സ്കൗട്ട് അധികൃതരാണ്  സ്നേഹഭവനം ഒരുക്കുന്നത്‌.  ഇതിനോട് മാലോത്ത് കസബ സ്‌കൂളും ചേർന്നതോടെ വീടിന്റെ പ്രാരംഭ പ്രവർത്തനത്തിന് തുടക്കമായി. 
വീടിനുള്ള സ്ഥലം മാലോത്ത് കസബയിലെ അധ്യാപകർ വില കൊടുത്ത് വാങ്ങും. തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ്സ് ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷനും മാലോത്ത് കസബയിലെ അധ്യാപകർ, പിടിഎ, കുട്ടികൾ എന്നിവർ ചേർന്ന് വീട് നിർമിക്കും. 
സ്‌കൂളിൽ നടന്ന യോഗത്തിൽ വീട് നിർമാണ കമ്മിറ്റി രൂപീകരിച്ചു. ചിറ്റാരിക്കാൽ എഇഒ ഉഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷനായി. സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ പ്രസിഡന്റ് വി വി മനോജ്, ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് ജോസ് തയ്യിൽ, സെക്രട്ടറി ആർ കെ ഹരിദാസ്, പ്രിൻസിപ്പൽ കെ വിജി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സിൽബി മാത്യു സ്വാഗതവും ഗൈഡ്സ് ക്യാപ്റ്റൻ ദീപ ജോസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ:  സനോജ് മാത്യു (ചെയർമാൻ), പി എ മധു (വൈസ് ചെയർമാൻ), സിൽബി മാത്യു (കൺവീനർ), മാർട്ടിൻ ജോർജ്, എമിറ ജയിംസ് (ജോയിന്റ് കൺവീനർ), വി ജെ മാത്യു (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top