27 February Thursday

ഭരണഘടനാ ആമുഖം വായിച്ചു; ബിജെപി എതിർത്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കാസർകോട്‌

പൗരത്വ നിയമ ദേദഗതിയിൽ പ്രതിഷേധിച്ച്‌ ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ ഭരണഘടനാ ആമുഖം വായിച്ചു. എൽഡിഎഫ്‌ പ്രതിനിധി ജോസ്‌ പതാലിലാണ്‌ വായിച്ചത്‌.   ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത്‌ ബിജെപി അംഗം കെ ശ്രീകാന്തിന്റെ ഹർജിയിൽ ഹൈക്കോടതി മൂന്നാഴ്‌ചത്തേക്ക്‌ സ്‌റ്റേ ചെയ്‌തിരുന്നു. ഡോ. വി പി പി മുസ്‌തഫ, ഫരീദ സക്കീർ എന്നിവരാണ്‌ പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. കോടതി സ്‌റ്റേ ഉള്ളതിനാൽ പ്രമേയം അവതിപ്പിക്കാനാകില്ലെന്ന്‌  പ്രസിഡന്റ്‌ എ ജി സി ബഷീർ അറിയിച്ചു. അതോടെയാണ്‌ ഭരണഘടനയുടെ ആമുഖം വായിക്കണം എന്നാവശ്യപ്പെട്ട്‌ ജോസ്‌ പതാലിൽ എഴുന്നേറ്റത്‌. 
ആമുഖം വായിക്കാനാരംഭിച്ചപ്പോൾ എതിർപ്പുമായി ബിജെപി അംഗങ്ങളായ കെ ശ്രീകാന്തും പുഷ്‌പ അമേക്കളയും എഴുന്നേറ്റു. ഇരുവരും ബഹളമുണ്ടാക്കിയപ്പോൾ ശാന്തരായിരിക്കാൻ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു. ഇവർ കൂട്ടാക്കിയില്ല. അതോടെ എൽഡിഎഫ്‌, യുഡിഎഫ്‌അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനാ വായന തടസപ്പെടുത്താനുള്ള ബിജെപി അംഗങ്ങളുടെ ശ്രമം വിലപോയില്ല. ആമുഖം വായിച്ച്‌ തീർന്നപ്പോൾ ബിജെപി അംഗങ്ങൾക്കും സംസാരിക്കാൻ അവസരം നൽകി. അതേസമയം മറ്റുള്ളവർ സംസാരിക്കുമ്പോൾ  ഇവർ ബഹളമുണ്ടാക്കി. ഇരിക്കാൻ പ്രസിഡന്റ്‌ റൂളിങ് നൽകിയിട്ടും അനുസരിച്ചില്ല. ചട്ടപ്രകാരം യോഗത്തിൽ നിന്ന്‌ പുറത്താക്കുമെന്ന്‌ പ്രസിഡന്റ്‌ മുന്നറിയിപ്പ്‌ നൽകി. ബിജെപി അംഗങ്ങൾ പ്രസിഡന്റിനെ വെല്ലുവളിച്ച്‌ ബഹളമുണ്ടാക്കിയപ്പോൾ എൽഡിഎഫ്‌, യുഡിഎഫ്‌ അംഗങ്ങൾ ഒന്നായി ശബ്ദമുയർത്തി.  തീർത്തും ഒറ്റപ്പെട്ട ബിജെപി അംഗങ്ങളുടെ എതിർപ്പ്‌ കണക്കിലെടുക്കാതെ രാജ്യത്ത്‌ അലയടിക്കുന്ന പൗരത്വ ദേദഗതി നിയമത്തിനെതിരെയുള്ള വികാരത്തിനൊപ്പം ജില്ല പഞ്ചായത്തും നിന്നു.
പ്രധാന വാർത്തകൾ
 Top