22 February Saturday

കുട്ടികളിലെ കേൾവിക്കുറവ് പരിഹരിക്കാൻ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കാസർകോട്‌

കേൾവി വൈകല്യമുള്ള കുട്ടികൾ സ്‌കൂളിൽ എത്തുന്നതിന്റെ മുമ്പു തന്നെ കേൾവിക്കുറവ് തിരിച്ചറിഞ്ഞ് സംസാര വൈകല്യ മില്ലാതാക്കാനുള്ള പുതിയ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. കലക്ടർ  ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന വീ ഡിസെർവ് പദ്ധതി യോഗത്തിലാണ് തീരുമാനം. ജില്ലാ അധികൃതർ നേതൃത്വം നൽകുന്ന വീ ഡിസേർവ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് സർക്കാരിന്റെ അനുയാത്ര, കാതോരം പദ്ധതികളുമായി സഹകരിച്ച് പുതിയ പദ്ധതി ആരംഭിക്കുക. ജില്ലയിലെ ആറു വയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കേൾവിക്കുറവും അനുബന്ധ പ്രശ്നങ്ങളും പരിശോധിച്ച് ആവശ്യമായ ശ്രവണ സഹായ ഉപകരണവും ഓഡിറ്ററി വെർബൽ തെറാപ്പിയും ലഭ്യമാക്കുന്നതാണ്  പദ്ധതി. ജില്ലയിലെ നവജാത ശിശുക്കൾക്ക് ബധിരത പരിശോധന നിർബന്ധമാക്കും.
പദ്ധതിയുടെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നവജാത ശിശുക്കളുടെ കേൾവിക്കുറവ് തുടക്കത്തിലേ  പരിഹരിക്കുന്നതിനുള്ള ആധുനിക പരിശോധന സംവിധാനം ഒരുക്കും. ഹൈ റിസ്‌ക് രജിസ്റ്റർ വിഭാഗത്തിലുള്ള കുട്ടികളെ ചെർക്കള മാർത്തോമ്മ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷനിൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. ഇതിനായി  ബെറ (ബ്രയിൻ സ്റ്റം  ഇവോക്ഡ് റെസ്‌പോൺസ് ഓഡിയോമെട്രി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പരിശോധന.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ  ജനിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ബധിരതാ പരിശോധന നിർബന്ധമാക്കും. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ശ്രവണ പരിശോധന ഉറപ്പാക്കും. ഇതിനുള്ള സംവിധാനം ഇല്ലാത്ത ആശുപത്രിയാണെങ്കിൽ ആ വിവരം മദർ ആന്റ് ചൈൽഡ് പ്രൊട്ടക്ഷൻ കാർഡിൽ(എം സി പി സി)  രേഖപ്പെടുത്തി ശ്രവണ പരിശോധന സംവിധാനമുള്ള ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയക്കണം. ജില്ലയിൽ നവജാത ശിശുക്കളുടെ കേൾവി ശക്തി പരിശോധനയ്ക്ക് ഒ.എ.ഇ മെഷീൻ സ്ഥാപിക്കാനും തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചാണ് പദ്ധതി.
ആശുപത്രികളിൽ  ശ്രവണ പരിശോധന സംവിധാനം ഏർപ്പെടുത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളും ഉപയോഗപ്പെടുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനക്കായെത്തുന്ന കുട്ടികളിൽ ശ്രവണ വൈകല്യം കണ്ടെത്തുകയാണെങ്കിൽ അവരെ വിദഗ്ധ ചികിത്സക്ക് അയക്കും.  കുട്ടികളിൽ കേൾവിക്കുറവ് ശ്രദ്ധയിൽപെട്ടാൽ ആ വിവരം  ആശുപത്രികളിൽ അറിയിക്കാൻ ആശ വർക്കർമാർക്കും സന്നദ്ധ സംഘടനകൾക്കും അങ്കണവാടി പ്രവർത്തകർക്കും  നിർദ്ദേശം നൽകും.
പ്രധാന വാർത്തകൾ
 Top