23 November Saturday

കാസർകോട്‌ നഗരസഭ ഹരിതകർമ സേനയെ തകർക്കുന്നു

കെ സി ലൈജുമോൻUpdated: Wednesday Oct 23, 2019

ചെന്നിക്കര "ദൊഡ്ഡി'യിൽ ചാക്കിൽകെട്ടി സൂക്ഷിച്ച പ്ലാസ്‌റ്റിക്‌ മാലിന്യം

കാസർകോട്‌
നഗരസഭയിൽ ഹരിതകർമസേനാ പ്രവർത്തനം ഇല്ലാതാക്കാൻ ശ്രമം. നഗരപരിധിയിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പ്രവൃത്തിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. വാർഡുകളിൽ ശേഖരിച്ച മാലിന്യം നീക്കംചെയ്യാൻ നഗരസഭ നടപടിയെടുക്കുന്നില്ല. ഫെബ്രുവരിയിലാണ്‌ ഹരിതകർമസേന പ്രവർത്തനം തുടങ്ങിയത്‌. പ്ലാസ്റ്റിക് ശേഖരിക്കുമ്പോൾ മാസത്തിലൊരിക്കൽ കടകളിൽനിന്ന് 100 രൂപയും വീടുകളിൽനിന്ന് 50 രൂപയുമാണ് ഈടാക്കുന്നത്. ഭൂരിഭാഗം കടയുടമകളും ഇതുമായി സഹകരിക്കുന്നില്ല. മാലിന്യം സ്വന്തമായി സംസ്‌കരിക്കുമെന്നാണ്‌ ഇവരുടെ പക്ഷം. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതെ ഒത്തുകളിക്കുകയാണ്‌ നഗരസഭാ ആരോഗ്യവിഭാഗം. വ്യാപാരസ്ഥാപനങ്ങൾക്ക്‌ ലൈസൻസ്‌ കൊടുക്കുമ്പോഴും പുതുക്കുമ്പോഴും വൻ തുക കൈക്കൂലിയായി ജീവനക്കാർ വാങ്ങുന്നുണ്ടെന്നും അതിനാലാണ്‌ ഇവർക്കെതിരെ നടപടിയെടുക്കാത്തതെന്നും ആക്ഷേപമുണ്ട്‌. വീടുകളിലും കടകളിലും  മാലിന്യം ശേഖരിക്കുന്നതിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെയാണ്‌ കിട്ടുക. ഈ തുക ഹരിതകർമ സേനാംഗങ്ങൾക്ക്‌ വീതിച്ച്‌ നൽകണം. ജൂൺ വരെയുള്ള വേതനമാണ്‌ ഇതുവരെ നൽകിയത്‌.
വിദ്യാനഗറിലെ വ്യവസായ എസ്‌റ്റേറ്റിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ്‌ പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങളാൽ നിറഞ്ഞു.  സംസ്‌കരിക്കാനുള്ള യന്ത്രോപകരണങ്ങളില്ലാത്തതാണ്‌ പ്രശ്‌നം. പഞ്ചായത്തുകൾപോലും പ്ലാസ്‌റ്റിക്‌ സംസ്‌കരണ യന്ത്രസാമഗ്രികൾ വാങ്ങി ഹരിതകർമ സേനാ പ്രവർത്തനം സുഗമമാക്കുമ്പോൾ ഇതൊന്നും  ബാധകമല്ലെന്ന നിലപാടാണ്‌ നഗരസഭയ്‌ക്ക്‌. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യം അതത്‌ വാർഡുകളിൽ കെട്ടിക്കിടക്കുന്നു. നഗരത്തിൽനിന്ന്‌ ശേഖരിച്ച ലോഡുകണക്കിന്‌ മാലിന്യം ചെന്നിക്കര ശ്‌മശാനത്തിന്‌ സമീപമുള്ള "ദൊഡ്ഡി'യിലാണുള്ളത്‌. ഒരാഴ്‌ചക്കുള്ളിൽ മാറ്റുമെന്ന്‌ പറഞ്ഞെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ബേഡകം, പള്ളിക്കര, ചെറുവത്തൂർ പഞ്ചായത്തുകൾ മാതൃകാപരമായാണ്‌ പ്ലാസ്‌റ്റിക്‌ മാലിന്യം സംസ്‌കരിക്കുന്നത്‌. വാർഡുകളിൽനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യം കൊണ്ടുപോകാൻ വാഹനസൗകര്യവുമില്ല. 
നഗരത്തിൽനിന്ന്‌ ശേഖരിച്ച്‌ റോഡരികിലും മറ്റും സൂക്ഷിച്ച മാലിന്യങ്ങളിൽ വെള്ളംകെട്ടിനിന്ന്‌ കൊതുകുപെരുകുന്നത്‌ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു. പ്ലാസ്‌റ്റിക്‌ പൊടിച്ച്‌ അസംസ്‌കൃത വസ്‌തുക്കളാക്കുന്ന നിരവധി സ്ഥാപനങ്ങൾ ജില്ലയിലുണ്ട്‌. പ്ലാസ്‌റ്റിക്‌ മാലിന്യം എത്തിച്ചുനൽകിയാൽ ഏറ്റെടുക്കാൻ  ഇവർ തയ്യാറാണെങ്കിലും  നഗരസഭ മുഖംതിരിക്കുന്നു. പത്തുദിവസത്തിനകം പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കാൻ നടപടിയെടുക്കുമെന്നും ചില ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും നഗരസഭാ ഹെൽത്ത്‌ സൂപ്രണ്ട്‌ ദാമോദരൻ "ദേശാഭിമാനി'യോട്‌ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top