16 September Monday

ദേശീയപാതയിലെ കുഴിയടക്കൽ ഇന്ന്‌ തുടങ്ങും

സ്വന്തം ലേഖകൻUpdated: Friday Aug 23, 2019
കാസർകോട്‌
മഴയിൽ തകർന്ന കാസർകോട്‌ മംഗളൂരു ദേശീയപാതയിലെ കുഴിയടക്കൽ വെള്ളിയാഴ്‌ച ആരംഭിക്കും. കുമ്പള പെർവാഡ്‌ മുതൽ മൊഗ്രാൽ വരെയുള്ള റോഡിലെ കുഴികളാണ്‌ ആദ്യം അടക്കുക. വാഹനങ്ങൾക്ക്‌ കടന്നുപോകാൻ പറ്റാത്ത നിലയിലാണ്‌ ഇവിടെ റോഡ്‌ തകർന്നിരിക്കുന്നത്‌. ദേശീയപാത അതോറിറ്റി തുക അനുവദിക്കാത്തതിനാൽ സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ്‌ കുഴിയടക്കൽ. കുമ്പള പെർവാഡ്‌ മുതൽ  കാലിക്കടവ്‌ വരെയുള്ള റോഡിലെ അറ്റകുറ്റ പണിക്ക്‌ രണ്ടര കോടി രൂപയുടെ എസ്‌റ്റിമേറ്റ്‌  പൊതുമരാമത്ത്‌ വിഭാഗം സംസ്ഥാന സർക്കാരിന്‌ നൽകിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ കുഴിയടക്കൽ തുടങ്ങുന്നത്‌. 
തലപ്പാടി മുതൽ കുമ്പള പെർവാഡ്‌ വരെ ദേശീയപാത റീ ടാർ ചെയ്യാൻ 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ദേശീയപാത അതോറിറ്റി മുഖേന ലഭിച്ച തുകയിൽ  തലപ്പാടി–- ഉപ്പള, ഉപ്പള–- കുമ്പള പെർവാഡ്‌ റീച്ചുകളിൽ കുഴി അടച്ച്‌ അടിത്തറ ബലപ്പെടുത്തിയാണ്‌ റോഡ്‌ റീ ടാർ ചെയ്യുക. തലപ്പാടി–- ഉപ്പള റീച്ചിൽ ടെൻഡർ പൂർത്തിയായി 6.60 കോടി രൂപയുടെ പ്രവൃത്തിക്ക്‌ കരാറായി. വേഗത്തിൽ പ്രവൃത്തി തുടങ്ങും. ഉപ്പള–- കുമ്പള പെർവാഡ്‌  റീച്ചിൽ 5.40 കോടി രൂപയുടെ ചെലവ്‌ വരും.  ഇവിടെയും വൈകാതെ പ്രവൃത്തി തുടങ്ങും.
ആറുവരി  ദേശീയപാത വികസനത്തിന്റെ പേരിൽ കേന്ദ്രസർക്കാർ യഥാസമയം കുഴി അടച്ച്‌ റീ ടാർ ചെയ്യുന്നതിന്‌ തുക അനുവദിക്കാത്തതിനാൽ റോഡിലെങ്ങും ഗർത്തങ്ങളാണ്‌. അടുക്കത്ത്‌ബയൽ, മൊഗ്രാൽ, ആരിക്കാടി,  ഉപ്പള, മഞ്ചേശ്വരം പാലത്തിന്‌ സമീപം, ഗോവിന്ദ പൈ കോളേജിന്‌ സമീപം, മഞ്ചേശ്വരം പെട്രോൾ പമ്പ്‌,  തുമിനാട്‌, ഉദ്യാവർ, തലപ്പാടി എന്നിവിടങ്ങളിൽ റോഡ്‌ പൂർണമായും തകർന്നു. 
കേരള, കർണാടക കെഎസ്‌ആർടിസി  ബസുകൾക്ക്‌ നേരത്തെ ഒന്നര മണിക്കൂർ കൊണ്ട്‌ മംഗളൂരുവിലെത്തിയിരുന്നയിടത്ത്‌  ഇപ്പോൾ രണ്ട്‌ മണിക്കൂറിലധികം വേണം. തലപ്പാടി വരെയുള്ള സ്വകാര്യ ബസുകൾ ഇടയ്‌ക്കിടയ്‌ക്ക്‌ സർവീസ്‌ നിർത്തുന്നുണ്ട്‌. ബസിന്റെ പാർട്‌സുകൾ തകർന്നും തേയ്‌മാനം സംഭവിച്ചും വലിയ നഷ്ടമുണ്ടാകുന്നുവെന്ന്‌ ഉടമകൾ പറയുന്നു.  
നടുവേദന കാരണം ജോലിയെടുക്കാൻ കഴിയുന്നില്ലെന്നാണ്‌ ജീവനക്കാരുടെ പരാതി. അധികസമയം ജോലി ചെയ്യേണ്ടി വരുന്നതും പ്രയാസമാകുന്നു. മിന്നൽ പണിമുടക്ക്‌ ജില്ലാ ബസ്സുടമസ്ഥ സംഘം ഇടപെട്ട്‌ തടയുന്നുണ്ട്‌. 
വ്യാഴാഴ്‌ച ചില ബസുകൾ സർവീസ്‌ നിർത്തിയത്‌ പുന:സ്ഥാപിച്ചു. ജീവനക്കാർ ജോലി  വരാതിരിക്കുന്ന അവസ്ഥയിലും പൊതുജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാനാണ്‌ സർവീസ്‌ നടത്താൻ നിർബന്ധിതരാകുന്നതെന്ന്‌ ജില്ലാ ബസ്സുടമസ്ഥ സംഘം പ്രസിഡന്റ്‌ കെ ഗിരിഷ്‌ സന്ധ്യ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top