27 May Wednesday

കരുതലിന്റെ കുറുഞ്ചേരി മാതൃക

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
വെള്ളരിക്കുണ്ട്   
ഭീതിയെ കഴുകിക്കളയാം രോഗാണുക്കളോട് വിടപറയാം സന്ദേശവുമായി വീടുകളിൽ ഹാൻഡ്‌ വാഷ്‌ എത്തിച്ച്‌ ഒരുകൂട്ടം യുവാക്കൾ.  കുറുഞ്ചേരി എ കെ ജി വായനശാലയുടെയും കുറുഞ്ചേരി മോഡേൺ ആർട്സ് ആൻഡ് സ്‌പോർട്‌സ്‌ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ്‌ കോവിഡ് 19 നെതിരെ ബോധവൽക്കരണം നടത്തിയത്‌. വായനശാലയുടെ പരിധിയിലുള്ള 112 വീടുകളിലും ഹാൻഡ് വാഷും  ലഘുലേഖകളും നൽകി. പ്രളയകാലത്ത്‌ വായനശാല നേതൃത്വത്തിൽ ഒരു ലോഡ്‌ ഭക്ഷ്യവസ്‌തുക്കൾ കയറ്റി അയച്ച്‌ മാതൃകയായിരുന്നു. ഇപ്പോഴാകട്ടെ എല്ലാ വീടുകളിലും മുൻവശത്ത് ഹാൻഡ് വാഷും വെള്ളവും വെച്ച് ചേർന്ന് ബ്രേയ്ക്ക് ദി ചെയ്ൻ പോസ്റ്ററും പതിച്ചാണ് പ്രവർത്തകരുടെ മടക്കം. 15 ഓളം വരുന്ന യുവാക്കളുടെ സംഘം ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം രണ്ട് പേരടങ്ങുന്ന നിരവധി സ്ക്വാഡുകളായാണ് വീടുകൾ കയറിയത്‌. എം വി ബാലകൃഷ്ണൻ, സി വിനോദ് കുമാർ, കെ സനീഷ്, കെ സുധീഷ്, കെ വി വിപിൻ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top