18 June Tuesday

ആവേശം അലയടിച്ച ശിലാസ്ഥാപനച്ചടങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക്‌ സ്വീകരിച്ചാനയിക്കുന്നു

കാസർകോട‌്

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന‌് പ്രവർത്തകരെ സാക്ഷിയാക്കി വിദ്യാനഗർ ചാല റോഡിലാണ‌് പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ പേരിലുള്ള കെട്ടിടത്തിന‌് തറക്കല്ലിട്ടത‌്.  
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ എംപി അധ്യക്ഷനായി.  വിദ്യാനഗർ ദേശീയപാതക്കരികിൽ നിലവിലുള്ള കെട്ടിടമുള്ള സ്ഥലത്തിൽ ഒരുഭാഗം  നാലുവരി പാത  വികസനത്തിന‌് ഏറ്റെടുത്തിരിക്കുകയാണ‌്. ഇവിടെ തുടർന്ന‌് പ്രവർത്തിക്കാനുള്ള സ്ഥലവും സൗകര്യവുമില്ല. ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി ഒാഫീസും ഇവിടെയാണ‌് പ്രവർത്തിക്കുന്നത‌്.  വാഹനങ്ങൾക്ക‌് പാർക്ക‌് ചെയ്യാനുള്ള സൗകര്യവുമില്ല. തുടർന്നാണ‌് ചാലയിൽ 40 സെന്റ‌് സ്ഥലം വിലക്ക‌് വാങ്ങിയത‌്.   നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള ഭൂമി  ബെദിരയിലെ ബി എം എ മുഹമ്മദ‌് കുഞ്ഞി ഹാജിയാണ‌് കുറഞ്ഞ വിലക്ക‌് കൈമാറിയത‌്.  അവിഭക്ത കാസർകോട‌് ജില്ലാ കമ്മിറ്റി നിലവിൽ വന്നപ്പോൾ കാസർകോട‌് നഗരത്തിലെ  പഴയ ഏരിയാ കമ്മിറ്റി ഓഫീസിലാണ‌് പ്രവർത്തിച്ചിരുന്നത‌്.  1992 ലാണ‌് വിദ്യാനഗറിൽ  പുതിയ കെട്ടിടം നിർമിച്ചത‌്.  
പുതിയ കെട്ടിടം നിർമിക്കാനും സ്ഥലം വാങ്ങാനും ജനങ്ങളിൽ നിന്ന‌് വലിയ  സഹായമാണ‌് ലഭിച്ചത‌്. സംഘടനാ പ്രവർത്തനത്തിനൊപ്പം ബഹുജനങ്ങൾ വിവിധ കാര്യങ്ങൾക്കായി  നിരന്തരം ബന്ധപ്പെടുന്ന ജില്ലാ  കമ്മിറ്റി ഓഫീസിൽ അത്യാധുനിക സൗകര്യങ്ങൾ ആവശ്യമുണ്ട‌്. കോൺഫറൻസ‌് ഹാളും ലൈബ്രറിയും മറ്റ‌് സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ  ഉണ്ടാകും.  
ആവേശവും ആഹ്ലാദവും നിറഞ്ഞതായിരുന്നു ശിലാസ്ഥാപന ചടങ്ങ‌്. ശിങ്കാരിമേളം സദസിനെ ആവേശത്തിലാഴ‌്ത്തി.  പി കരുണാകരൻ എംപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച‌് വർഷത്തിൽ കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിൽ നടപ്പാക്കിയ വികസന, ക്ഷേമ പദ്ധതികൾ വിവരിക്കുന്ന  വികസന വസന്തം ലഘുലേഖ മുഖ്യമന്ത്രി പ്രകാശനം ചെയ‌്തു.  
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ സ്വാഗതം പറഞ്ഞു.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ‌്ചന്ദ്രൻ, സി എച്ച‌് കുഞ്ഞമ്പു,  മുൻ ജില്ലാ സെക്രട്ടറിമാരായ എ കെ നാരായണൻ, കെ കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ പി ജനാർദനൻ, കെ വി കുഞ്ഞിരാമൻ, വി പി പി മുസ‌്തഫ, വി കെ രാജൻ, സാബു അബ്രഹാം, കെ ആർ ജയാനന്ദ, എം എൽഎമാരായ എം രാജഗോപാലൻ, കെ കുഞ്ഞിരാമൻ എന്നിവർ  വേദിയിൽ സന്നിഹിതരായി.

 

പ്രധാന വാർത്തകൾ
 Top