25 May Monday

ഇനി പേടിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കാസർകോട്‌ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ്‌

കാസർകോട്‌ 
ജില്ലയിൽ കൂടുതൽപേർക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചതോടെ  ജില്ലയിൽ ഭീതി പരന്നു. വൈറസ്‌ ബാധിച്ചവർ ആയിരക്കണക്കിനാളുകളുമായി ബന്ധപ്പെട്ടു എന്ന വാർത്തയാണ്‌ ഭയമുണർത്തിയത്‌.  അവരിൽ പലരും ഇതുവരെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടില്ല എന്നതും ആശങ്കയുണ്ടാക്കുന്നതാണ്‌.  രോഗം പരക്കാതിരിക്കാൻ  സർക്കാർ നൽകുന്ന കർശന നിയന്ത്രണങ്ങൾ അതുപോലെ പാലിക്കാൻ ചിലർ വിസമ്മതിക്കുന്നത്‌  പ്രശ്‌നത്തെ കൂടുതൽ വഷളാക്കും. ജനങ്ങൾ സ്വയം ബോധ്യത്തോടെ ജാഗ്രത പാലിച്ചാൽ മാത്രമേ  നടപടി  ഫലപ്രദമാവുകയുള്ളൂവെന്ന്‌ കലക്ടർ ഡോ ഡി സജിത്ത്‌കുമാർ പറഞ്ഞു. 
ശനിയാഴ്‌ച മുതൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി. കടകളും സ്ഥാപനങ്ങളും രാവിലെ 11 മുതൽ വൈകിട്ട്‌ 5വരെ മാത്രമേ തുറക്കാൻ പാടുള്ളൂവെന്ന്‌ ഉത്തരവായിട്ടുണ്ട്‌. അത്‌ ല്ംഘിച്ച 13 കടകൾക്കെതിരെ കേസ്‌ എടുത്തു. വൈറസ്‌ ബാധ സ്ഥിരീകരിച്ച എരിയാൽ സ്വദേശി നാലായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. അതിൽ കുട്ടികളടക്കം ഉൾപ്പെടും. അയാളുടെ ഒരു  സുഹൃത്തിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.  നിരീക്ഷണത്തിൽ കഴിയുന്ന അയാൾ  നാട്ടിൽ കറങ്ങി നടക്കുന്നുവെന്ന പരാതിയിലാണ്‌ നടപടി.  നിയന്ത്രണം ശക്തമായതോടെ ട്രെയിനുകളിലും ബസുകളിലും യാത്രക്കാർ കുറഞ്ഞു. സ്വകാര്യബസുകളും കെഎസ്‌ആർടിസിയും സർവീസ്‌ നിർത്തിവച്ചു. ഞായറാഴ്‌ച ജനതാ കർഫ്യൂയായതിനാൽ  സ്വകാര്യ വാഹനങ്ങളടക്കം ഓടരുതെന്ന്‌   അധികൃതർ പൊതു അനൗൺസ്‌മെന്റ്‌ നടത്തി. 
പ്രധാന വാർത്തകൾ
 Top