14 December Saturday

പാണ്ടിക്കണ്ടത്ത‌് ഭൂമി താണു

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ രാഘവൻ നായരുടെ കവുങ്ങിൻ തോട്ടത്തിൽ ഭൂമി താഴ‌്ന്ന‌് രൂപപ്പെട്ട കുഴി

കുണ്ടംകുഴി
കനത്ത മഴയെ തുടർന്ന് മൂന്ന‌് സെന്റോളം ഭൂമി താഴ‌്ന്നു. കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ രാഘവൻ നായരുടെ കവുങ്ങിൻ തോട്ടത്തിലാണ്  മൂന്ന് സെന്റോളം ഭൂമി പത്ത് മീറ്ററിലധികം ആഴത്തിൽ താഴ‌്ന്ന‌് വലിയ കുഴി രൂപപ്പെട്ടത്. പതിനഞ്ചോളം കവുങ്ങും നശിച്ചു. രാവിലെ  തോട്ടത്തിലെത്തിയപ്പോഴാണ് വലിയ കുഴി ശ്രദ്ധയിൽപ്പെട്ടത്. തോട്ടത്തിൽ കൃഷി ആവശ്യത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനടക്കം താഴ‌്ന്നു. വലിയ താഴ്ചയിൽ രൂപപ്പെട്ട കുഴിയിലെ മണ്ണ് മൊത്തം അതിനടിയിലൂടെ ഒലിച്ച് പോയതോടെ  നാട്ടുകാർ പരിഭ്രാന്തരായി. കുഴിയുടെ അടിഭാഗത്തൂടെ വെള്ളം ഒഴുകി പോകുന്നുണ്ട‌്. വർഷങ്ങളായി തൊട്ടടുത്തൂടെയുള്ള ഓട മണ്ണിട്ട് മൂടിയത് കൊണ്ട് വെള്ളം ഗതി മാറി ഒഴുകിയതാവാം മണ്ണിടിയാൻ കാരണമെന്ന് കരുതുന്നു.  സ്ഥലം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ മാധവൻ, രോഹിണി, സിപിഐ എം  ഏരിയ സെക്രട്ടറി സി ബാലൻ, മുരളീധരൻ  എന്നിവർ സന്ദർശിച്ചു.  
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. വലിയ കുഴി രൂപപ്പെട്ടതറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്ന‌് ജനങ്ങൾ എത്തുന്നു. മഴ കനത്താൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലാണ്.
 
 
പ്രധാന വാർത്തകൾ
 Top