20 April Saturday

കാലവർഷം ശക്തം; എങ്ങും ദുരിതം

സ്വന്തം ലേഖകർUpdated: Saturday Jul 21, 2018
കാസർകോട്‌
കലിതുള്ളി പെയ്യുകയാണ്‌ കാലവർഷം. മലയോരത്ത്‌ കാറ്റും മഴയും മണ്ണിടിച്ചിലും മരം വീണ്‌ നാശവും വരുത്തിയപ്പോൾ തീരദേശം കടൽക്ഷോഭ ഭീഷണിയിലാണ്‌. താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്‌. പലയിടത്തും വൈദ്യുതി ബന്ധം തകർന്നു. കള്ളാർ ആടകം കരിപ്പോടിയിൽ ഒരാൾ വെള്ളക്കെട്ടിൽ വീണുമരിച്ചു.  കരിപ്പോടിയിലെ ഐത്തപ്പു നായ്കിനെ (90)യാണ്  മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളരിക്കുണ്ട്‌ താലൂക്കിലാണ്‌ നാശം കൂടുതൽ. 
ചെറുവത്തൂര്‍  ഞാണങ്കൈയില്‍ മണ്ണിടിച്ചിലിനെ തുടർന്ന്‌ ദേശീയപാതയില്‍ അപകട ഭീഷണി. കൂറ്റന്‍ പാറക്കല്ലുകള്‍ ഏതുനിമിഷവും റോഡിലേക്ക് വീഴാമെന്ന നിലയിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് കുന്നിടിച്ചിലുണ്ടായത്. രണ്ട് വലിയ പാറക്കല്ലുകള്‍ താഴേക്ക് പതിച്ചെങ്കിലും റോഡരികിലേക്ക് വീണതിനാല്‍  അപകടവും ഗതാഗത തടസ്സവും ഒഴിവായി. മൂന്ന് പാറക്കല്ലുകളാണ് ഇപ്പോള്‍ അപകടാവസ്ഥയിലുള്ളത്. ഭാരമുള്ള കല്ലുകളായതിനാല്‍ എടുത്തുമാറ്റുക പ്രയാസമാണ്. കല്ലുകള്‍ പൊട്ടിച്ചുമാറ്റാനാണ് തീരുമാനം. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയും പൊതുമരാമത്ത്‐  റവന്യു  അധികൃതരും സ്ഥലത്തെത്തി. സിപിഐ എം നാപ്പച്ചാല്‍ ബ്രാഞ്ചിനായി  നിര്‍മിക്കുന്ന ഓഫീസ് കെട്ടിത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് ചുവരുകള്‍ തകര്‍ന്നു. ചെറുവത്തൂര്‍ റെയിൽവേ  സ്റ്റേഷന് സമീപത്തെ റോഡും  മടിവയല്‍ റോഡും വെള്ളത്തിനടിയിലായി. കാടങ്കോട് കോളനിയില്‍ കുളങ്ങാട്ട് മലയില്‍നിന്നും വെള്ളമൊഴുകി വന്ന് വീടിനുള്ളിലേക്ക് കയറി. വെള്ളംകയറിയ വീടുകളിലെ കുടുംബങ്ങള്‍ താല്‍കാലികമായി താമസം മാറ്റിയിരിക്കുകയാണ്. കയ്യൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി കൃഷിനാശം സംഭവിച്ചു.
ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായതോടെ, മടിക്കൈ മണക്കടവ് പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളം കയറിയതോടെയാണ്‌  മടിക്കൈയിലെ പ്രധാന റോഡുപാലമായ മണക്കടവിൽകൂടി ഗതാഗതം നിലച്ചത്. മുണ്ടോട്ട്, പൂത്തക്കാൽ പ്രദേശങ്ങളിലുള്ളവർക്ക്  നീലേശ്വരം, മടിക്കൈ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലെത്താനുള്ള എളുപ്പവഴിയാണിത്. രണ്ടുദിവസമായി പാലത്തിലൂടെ ഗതാഗതം മുടങ്ങിയിട്ട്‌. ചാർത്താങ്കാൽ പാലത്തിന് മുകളിൽ വെള്ളം കയറിയതോടെ ഇതിലൂടെയുള്ള യാത്രയും ദുഷ്കരമായി. പാലങ്ങളുടെ ഉയരക്കുറവാണ് വെള്ളം കയറാൻ കാരണം. പുളിക്കാൽ പാലം അപകടവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് ഒരുമാസമായി. ചാർത്താങ്കാൽ, ചാളക്കടവ്, മണക്കടവ്, കക്കാട്ട്, കണിച്ചിറ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മേൽപറന്പിൽ കനത്ത മഴയിൽ വീട്‌ തകർന്നു.  വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കീഴൂർ ടൗണിലെ ചെറിയ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി ഇസുദ്ധി മുസ്ലിയാറുടെ വീടാണ്‌  തകർന്നത്‌. ബേക്കൽ പുതിയകടപ്പുറം ഹസൈനാറിന്റെ വീട് തകർന്നു. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പള്ളിക്കര പുതിയ കടപ്പുറത്തെ  ബേബിയുടെ വീട്‌ തകർന്നു. 
കാലവര്‍ഷം അതിശക്തമായതോടെ കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കന്‍ മേഖല ഒറ്റപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം സ്തംഭിച്ചു.  പടിഞ്ഞാറന്‍ മേഖലയിലെ തീരദേശ ഗ്രാമങ്ങളിലും വെള്ളംകയറിയതോടെ ജനജീവിതം ദുസ്സഹമായി.  കവ്വാചിറ, ചെമ്മട്ടംവയല്‍‐ മടിക്കൈ റോഡുകള്‍ വെള്ളത്തിലാണ്. ഇതോടെ പുതുവൈ അടമ്പില്‍ ആലയി ഭാഗങ്ങളിലേക്കുള്ള യാത്ര തടസപ്പെട്ടു. മഴ ഇതേരീതിയില്‍ തുടര്‍ന്നാല്‍ അരയി പാലവും വെള്ളത്തില്‍ മുങ്ങും. അതോടെ ഇതുവഴിയുള്ള യാത്രയും തടസപ്പെടും. കവ്വായി, ബല്ലത്ത് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാര്യമായ അപകടമുണ്ടായിട്ടില്ലെങ്കിലും ജലവിതാനമുയരുന്നത്‌ ആശങ്ക പരത്തുന്നുണ്ട്‌. 
കാറ്റില്‍ കോടോം‐ ബേളുര്‍ മുണ്ടപ്ലാവില്‍ പരേതനായ കൃഷ്ണന്റെ  ഭാര്യ കാര്‍ത്യായനിയുടെ ഓടിട്ട വീട്  നിലംപൊത്തി.  വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കാര്‍ത്യായനിയും മക്കളും അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടത്‌. 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top