24 July Saturday

പിലിക്കോട്‌ ഊർജ വിപ്ലവം

പി മഷൂദ്Updated: Saturday Mar 21, 2020
പിലിക്കോട്
ഇന്ത്യയിലെ ആദ്യ ഫിലമെന്റ്‌ രഹിത പഞ്ചായത്തായി ഖ്യാതി നേടിയ പിലിക്കോട്  ഊർജയാനത്തിലുടെ  വീണ്ടും നാടിനാകെ മാതൃകയാവുകയാണ്‌. ജനകീയാസൂത്രണം വരുന്നതിന് മുമ്പ് ജനപങ്കാളിത്തത്തോടെ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയ പാരമ്പര്യമാണ്‌ പഞ്ചായത്തിന്‌.   1996 ൽ ടി വി ഗോവിന്ദൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് 2200 കുടുംബങ്ങൾക്ക്കക്കൂസ് നിർമ്മിച്ച് രാജ്യത്തെ ആദ്യ നിർമ്മൽ പുരസ്കാരം നേടി. അതേ ഊർജത്തോടെയാണ്‌  ടി വി ശ്രീധരൻ പഞ്ചായത്ത് പ്രസിഡന്റായ ഭരണസമിതി  ഒരോ പദ്ധതിയും ഏറ്റെടുത്തു നടപ്പാക്കുന്നത്‌.  സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി, സമ്പൂര്‍ണ്ണ സാക്ഷരത, ജനകീയാസൂത്രണം, അഴിമതി മുക്ത പഞ്ചായത്ത്, പുഞ്ചപ്പാടം, ജനമിത്രസേവന കേന്ദ്രം, പൈതൃകം നെല്‍വിത്ത് ഗ്രാമം, പൈതൃകം നാട്ടുമാവ് തുടങ്ങി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതികൾ ഒട്ടേറേയാണ്.   
 ഊർജയാനം
 ഊര്‍ജം പാഴാവുന്നത്‌ എങ്ങിനെ കുറക്കാമെന്ന ആലോചനയിൽ നിന്ന്‌  2016–-17 വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് 'ഊര്‍ജ്ജയാനം'.   എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സഹകരണവും കെഎസ്ഇബിയുടെ പിന്തുണയും കിട്ടി.  2016–--17 വര്‍ഷം 12,20,328 യൂനിറ്റ് വൈദ്യുതി മുൻവർഷത്തേക്കാൾ കുറക്കാന്‍ കഴിഞ്ഞു. യൂനിറ്റിന് അഞ്ചുരൂപ നിരക്കില്‍ 60 ലക്ഷം രൂപ ലാഭിക്കാൻ അതുവഴിയായി എന്നാണ്‌  കെഎസ്ഇബിയുടെ കണക്ക്‌.  2017-ലെ സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡും പിലിക്കോട് കരസ്ഥമാക്കി.8900 വീടുകളില്‍ 45,000 എല്‍ഇഡി ബള്‍ബുകൾ  നൽകി.  തെരുവ് വിളക്കുകളും എൽ ഇ ഡിയാക്കി.  എല്ലാ വിദ്യാലയങ്ങളിലും ഊര്‍ജ ക്ലബ്ബുകള്‍ രൂപീകരിച്ചു.  തുടർന്ന്‌ സൗരോര്‍ജ വൈദ്യുതിയിലേക്ക്‌ തിരിഞ്ഞു.  
സോളാറിലുടെ  122 കിലോവാൾട്ട് വൈദ്യുതി 
അനർട്ടിന്റ സഹകരത്തോടെ പഞ്ചായത്തിലെ 44 സർക്കാർ സ്ഥാപനങ്ങളും സൗരോർജവൽകരിച്ചു. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ ചിലവഴിച്ച് 22 അങ്കണവാടികളും എട്ട് വിദ്യാലയങ്ങളും ഉൾപ്പെടെ 44 കേന്ദ്രങ്ങൾ സോളാർ വൈദ്യുതിയിലേക്ക്‌ മാറി. 122 കിലോവാൾട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
ഹരിതം പിലിക്കോട്
കൃഷി ഭവന്റെയും കുടുംബശ്രീയുടേയും സഹകരണത്തോടെയാണ് ഹരിതം പിലിക്കോട്‌ ജനകീയമാക്കിയത്. മലപ്പ് പാതാളം 45 ഏക്കർ വയലിലാണ് അഗ്രികൾച്ചറൽ റിസർച്ച്‌ സ്‌റ്റേഷന്റെ  സഹകരണത്തോടെ കൃഷി ആരംഭിച്ചത്.  കൃഷിക്ക് നിലമൊരുക്കൽ മുതൽ വിത്തിടലും പരിചരണവും വിളവെടുപ്പും കൃഷി ശാസ്ത്രഞ്ജരുടെ മേൽനോട്ടത്തിൽ യന്ത്ര സഹായത്തോടെ. രാസവളം, ജൈവ വളം വേർതിരിച്ചുള്ള കൃഷി പരീക്ഷണവും നടന്നു. പിന്നീട് ജൈവ പുഞ്ചകൃഷി 13 പാടശേഖര സമിതികൾ ഏറ്റടുത്തു. 
പൈതൃക നെൽവിത്ത് ഗ്രാമം
പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്‌ഞ ടി വനജയുടെ ശേഖരത്തിലെ 75 നാടൻ നെൽ വിത്തുകളാണ്‌  പൈതൃക നെൽവിത്ത് ഗ്രാമം പദ്ധതിയിൽ കൃഷിയിറക്കിത്‌. കണ്ണകൈ പാടശേഖരത്തിൽ അഞ്ച് വർഷം കൊണ്ടാണ് ഇവ പൂർത്തിയാക്കുന്നത്. മൂന്ന് വർഷത്തിനിടയിൽ അഞ്ച് വീതം കർഷകർ 45 ഇനം നെൽവിത്തുകൾ പരീക്ഷിച്ച് വിജയം കണ്ടു. ജൂണിൽ നാടൻ നെൽവിത്ത് പ്രദർശനവും വിതരണവും സംഘടിപ്പിക്കുന്നു. 
പൈതൃക നെൽവിത്ത് ഗ്രാമമെന്ന അംഗീകാരവും പിലിക്കോട്‌ സ്വന്തമാക്കി.വരുന്ന ജൂൺ മുതൽ തെരഞ്ഞെടുത്ത കർഷകരുംശാസ്‌ത്രജ്ഞരും പങ്കെടുക്കുന്ന വിത്തുത്സവത്തിന്‌ പിലിക്കോട് വേദിയാവും. 
കയർ ഭൂവസ്ത്രം
കൃഷി, കുടിവെള്ള സ്രോതസ് ലക്ഷ്യമാക്കിയാണ് കയർ ഭൂവസ്ത്രം നടപ്പിലാക്കിയത്. ഇരുപത്തിയഞ്ചര കിലോമീറ്റർ നീളത്തിലുള്ള ചാലുകൾക്ക് 7100 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രമാണ് വിരിച്ചത്. മലബാറിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കാവുന്ന പിലിക്കോടിന്റെ കൃഷി സംരക്ഷിക്കാനുള്ള ജലാശയങ്ങൾ സംരക്ഷിച്ചതിന്  കയർ ബോർഡിന്റെ  അവാർഡും തേടിയെത്തി.
പൈതൃക നാട്ടുമാവ്
2010 ൽ ഇന്ത്യയിൽ ആദ്യമായി തയ്യാറാക്കിയ സമ്പൂർണ ജൈവ വൈവിധ്യ രജിസ്റ്ററിൽ 45 ഇനം നാടൻ നാട്ടുമാവുകൾ പഞ്ചായത്തിൽ കണ്ടെത്തിയിരുന്നു. അത്‌ 17 എണ്ണമായി ചുരുങ്ങി. ഇവ സംരക്ഷിക്കുന്നതിനാണ് നാട്ടുമാവ് പദ്ധതി നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ വിത്തുകൾ ശേഖരിച്ചു. വിദ്യാർഥികൾ നാടൻ മാവ് നഴ്സറിയിലൂടെ 1050 തൈകൾ മുളപ്പിച്ചു. ഇവ 13 വാർഡുകളിലെ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രി, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽവച്ചു പിടിപ്പിച്ചു.  മൂന്ന് വർഷം കൊണ്ട് മാങ്ങ കായ്ച്ച് തുടങ്ങി. കൂടാതെ വിദ്യാർഥികൾ സർവെ നടത്തി ജൈവ വൈവിധ്യ രജിസ്റ്ററും തയ്യാറാക്കി.  പൈതൃക നാട്ടുവാഴ പദ്ധതിക്കും തുടക്കമാവുകയാണ്‌. 
1000 കിണറുകൾ 
റീചാർജ്‌ ചെയ്യും
വയോജന വിശ്രമ കേന്ദ്രവും 16 വാർഡുകളിൽ യോഗ പരിശീലനവും ഫിസിയോ തെറാപ്പി സെന്ററും പ്രവർത്തിക്കുന്നു. മുഴുവൻ വിദ്യാലയങ്ങളിലും ശൗചാലയങ്ങളുമുണ്ട്‌.  തൊഴിലുറപ്പ് പദ്ധതിയിൽ 1000 തൊഴിൽ ദിനങ്ങളിലൂടെ പുത്തിലോട്ടും ഏച്ചി കൊവ്വലിലും കുളങ്ങളും 21 കിണറുകളും 15 റോഡുകളും നിർമിച്ചു. 
63 കിണർ റീചാർജും ചെയ്‌തു.  763 പേർക്ക് 100 തൊഴിൽ ദിനങ്ങൾ നൽകി  4.29 കോടിയുടെ പ്രവർത്തനമാണ് നടത്തിയത്. വരും വർഷം 1000 കിണറുകൾ റീചാർജ് ചെയ്യാനും 16 പുതിയ റോഡ് നിർമ്മിക്കുന്നതിനുമാണ്‌ തീരുമാനം. 
ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ആനിക്കാടിയിൽ  പ്ളാസ്റ്റിക് ശേഖരണ കേന്ദ്രവും 2.35 കോടി ചിലവിൽ കാസർക്കോട് പാക്കേജിൽ ഉൾപ്പെടുത്തി പഞ്ചായത്ത് മൈതാനം നവീകരണവും ഹൈവെ വികസനത്തിനിടയിൽ കുടിയൊഴിയുന്ന കച്ചവടക്കാരെ പുനരധിസിപ്പിക്കാൻ ഷോപ്പിംഗ് കെട്ടിടത്തിനും പദ്ധതിയുണ്ട്. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top