21 February Thursday
സിപിഐ എം പ്രക്ഷോഭത്തിന്‌ ‌

ബഡ‌്സ‌് സ‌്കൂളിനുള്ള തുക പാഴാക്കി വലിയപറമ്പ്‌ പഞ്ചായത്ത്‌

സ്വന്തം ലേഖകൻUpdated: Monday Jan 21, 2019
തൃക്കരിപ്പൂർ
വലിയപറമ്പ്  പഞ്ചായത്തിലെ ഇടയിലെക്കാട്ടിലെ ബഡ്സ് സ്കൂളിന് അനുവദിച്ച ഫണ്ട് പാഴാക്കുന്ന  യുഡിഎഫ് നേതൃത്വത്തിലുള്ള  പഞ്ചായത്ത് ഭരണസമിതിയുടെ സമീപനത്തിനെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്. 2017–--18 ൽ ലോക ബേങ്ക് അനുവദിച്ച അരക്കോടി രൂപ നഷ്ടപ്പെടുത്തിയിനു  പിന്നാലെ സംസ്ഥാന സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ കൂടി ചെലവഴിച്ചില്ല.  
പിന്നോക്ക പഞ്ചായത്ത് എന്ന പരിഗണനയിൽ നാലു  പദ്ധതികൾക്കായി രണ്ടു കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ ബഡ്സ് സ്കൂളിന്വ കയിരുത്തിയിരുന്നത് 98 ലക്ഷം രൂപയായിരുന്നു. എന്നാൽ 72,14,885 രൂപ മാത്രമാണ് ചെലവാക്കിയത്. മറ്റു പദ്ധതികൾക്ക് അനുവദിച്ച പണം ചെലവഴിക്കുന്നതിലും യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും: ബീ ച്ചാരക്കടവ് അങ്കണവാടി നിർമാണം 18 ലക്ഷം (ചെലവഴിച്ചത‌്–- 11.76 ലക്ഷം), കന്നുവീട് കടപ്പുറം അങ്കണവാടി നിർമാണം - 18 ലക്ഷം (11.64 ലക്ഷം), പടന്നക്കടപ്പുറം പി എച്ച്‌ സി കെട്ടിട നിർമാണം, ഉപകരണങ്ങൾ വാങ്ങൽ -66 ലക്ഷം (50.52 ലക്ഷം) എന്നിങ്ങനെയാണ് ചെലവഴിച്ചത്.   വേണ്ടത്ര സമയമുണ്ടായിട്ടും കിട്ടിയ പണം പാഴാക്കിയത‌്  ന്യായീകരിക്കാനാകില്ല.  
സംസ്ഥാന സർക്കാർ  കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്ത് 200 ബഡ്സ് സ്കൂൾ തുടങ്ങാൻ  ഫണ്ട് വകയിരുത്തിയിരുന്നു. ഇതു പ്രകാരം ഇടയിലെക്കാട് ബഡ്സ് സ്കൂളിൽ ക്ലാസ്സുകൾ ആരംഭിക്കാൻ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, ഫർണിച്ചറുകൾ, വിനോദോപാധികൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, തൊഴിലുപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന 25 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ആദ്യ ഗഡുവായി പഞ്ചായത്തിന് 12.5 ലക്ഷം രൂപ 15.11.2018 ന് അനുവദിച്ചിരുന്നു. 
മൂന്നു  മാസത്തിനകം ധനവിനിയോഗ സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം.  എന്നാൽ പണം കിട്ടി രണ്ടു  മാസമായിട്ടും ടെൻഡർ,  എഗ്രിമെന്റ് തുടങ്ങിയ  നടപടിക്രമങ്ങളും ആരംഭിച്ചില്ല.  ആദ്യ ഗഡു ചെലവഴിച്ചതിന്റെ വിവിരങ്ങൾ സമർപ്പിച്ചാലേ  അടുത്ത ഗഡുവായ 12.5 ലക്ഷം രൂപ ലഭിക്കു. ഈ പണവും നഷ്ടപ്പെടുന്ന സ്ഥിതിയാണ‌്.  പൊതു തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുമ്പോൾ ഈ നടപടികളാകെ സ്തംഭിക്കുമെന്ന്  പഞ്ചായത്തിലെ സിപിഐ എം അംഗങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയുണ്ടായില്ല.  പഞ്ചായത്തിന്റെ 2018–--19 വർഷത്തെ  പദ്ധതിയിൽ ബഡ്സ് സ്കൂൾ ജീവനക്കാർക്ക് ശമ്പളം നൽകാൻ രണ്ടു  ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും സ്കൂൾ തുടങ്ങാൻ സാധിക്കാത്തതിനാൽ ആ പണവും പാഴാകും. 
ഇടയിലെക്കാട്ടിൽ പഞ്ചായത്തിന്റെ സ്ഥലത്ത‌്  ഒരു വർഷം മുമ്പാണ് 650 ചതുരശ്ര മീറ്ററുള്ള  ബഡ്സ് സ്കൂൾ കെട്ടിടം നിർമിച്ചത‌്.  ഭിന്ന ശേഷിക്കാർക്കുള്ള പ്രീ പ്രൈമറി, പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തൊഴിൽ പരിശീലനത്തിനും ഫിസിയോ തെറാപ്പിക്കുമടക്കം നൂറോളം കുട്ടികൾക്ക് പ്രവേശനം ലഭിക്കും. സമീപ പഞ്ചായത്തുകളിലൊന്നും ഇത്തരം ബഡ്സ് സ്കൂളുകളില്ല.  ഭരണ സമിതി അധികാരമേറ്റെടുത്ത കാലം തൊട്ട് യുഡിഎഫിൽ അധികാരത്തർക്കങ്ങൾ മാത്രമെയുളളൂ. ആദ്യം ലീഗിൽ പ്രസിഡന്റ് പദവിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. പിന്നീട് മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിൽ തുടർച്ചയായുള്ള തർക്കമാണ്. ഇതിനിടയിൽ ഭരണം പേരിനു മാത്രമായി.
ബഡ്സ് സ്കൂൾ അടിസ്ഥാന സൗകര്യമൊരുക്കൽ പ്രവൃത്തി അടിയന്തരമായും ആരംഭിച്ചില്ലെങ്കിൽ ഉടൻ തന്നെ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങാൻ  സിപിഐ എം വലിയപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. സി വിജയൻ അധ്യക്ഷനായി.  കെ വി ജനാർദനൻ, വി വി സജീവൻ, കെ പി ബാലൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top