25 May Saturday

പൊതുവിദ്യാഭ്യാസത്തിന്റെ നന്മകൾ പറയാൻ നാടകയാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
കാഞ്ഞങ്ങാട്
പൊതുവിദ്യാഭ്യാസത്തിന്റെ നന്മകൾ പ്രമേയമാക്കി മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂളിലെ കുട്ടികളുടെ "പൂവിതളുകൾ പറക്കുന്നു 'നാടകയാത്ര പ്രയാണം തുടങ്ങി. അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി അപ്പുക്കട്ടൻ ഉദ്ഘാടനം ചെയ്തു. പി കുഞ്ഞികൃഷ്‌ണൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ  കൊടക്കാട് നാരായണൻ, ബി ബാബു, കെ വി സുഗതൻ എന്നിവർ സംസാരിച്ചു.
പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയും സൗന്ദര്യവും  നില നിർത്താൻ ആഹ്വാനം ചെയ്യുകയാണ് 'പൂവിതളുകൾ പിറക്കുന്നു ' എന്ന അര മണിക്കൂർ  നാടകത്തിലൂടെ. ഗ്രീക്ക് പുരാണത്തിലെ പ്രൊമിത്യൂസ് ദേവന്മാർക്ക് മാത്രം അവകാശപ്പെട്ട വിദ്യ സർവ മനുഷ്യർക്കും  കൊടുത്ത പ്രൊമിത്യൂസിനോടാണ് നാടകത്തിൽ കേരളീയ പൊതുവിദ്യാഭ്യാസ മുന്നേറ്റത്തെ ചേർത്തുവയ‌്ക്കുന്നത്. ദേവരാജാവായ സേയുസ് സമ്പന്ന വർഗത്തിനായി വിദ്യാഭ്യാസത്തെ തീറെഴുതുന്ന ഉപരിവർഗത്തിന്റെ പ്രതീകമായ പ്രൊമിത്യൂസിന്റെ പൂന്തോട്ടം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ നാട്ടുമ്പുറ വിദ്യാർഥികളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.  
കൊടക്കാട് നാരായണന്റെ ആശയത്തിന്  അധ്യാപകനും നാടകകൃത്തുമായ പ്രകാശൻ കരിവെള്ളൂരാണ് നാടക രൂപം നൽകിയത്. സംവിധാനം രതീഷ് അന്നൂർ. വൈഗ, സൂര്യ, ദേവനന്ദ, ജിഷ്ണ, ആദിത്യൻ, വിഷ്ണു, രാമു ജയൻ, രാംഗോപാൽ, ശ്രീരാജ്, ഷാരോൺ എന്നിവരാണ് രംഗത്ത്. നാടകയാത്രയ്ക്ക് ശനിയാഴ‌്ച കാഞ്ഞിരപ്പൊയിലിലും മടിക്കൈ അടമ്പിലും സ്വീകരണം നൽകും. ജില്ലയിൽ എവിടെയും അവതരിപ്പിക്കാൻ സംഘം തയ്യാറാണ‌്.
പ്രധാന വാർത്തകൾ
 Top