07 July Tuesday

ജീവിതവഴികളിലെ മനുഷ്യസ്നേഹി

ജയകൃഷ്‌ണൻ നരിക്കുട്ടിUpdated: Saturday Oct 19, 2019
മഞ്ചേശ്വരം
‘ബയ്യമല്ലികെ’ തുളു നാടകത്തിൽ എം ശങ്കർ റൈ സ്‌ത്രീവേഷത്തിലായിരുന്നു.   ചിക്കമ്മയെന്ന സ്‌ത്രീയെ വർഷങ്ങളോളം എത്രയോ  വേദികളിൽ  അവതരിപ്പിച്ചു.  ജീവിതവഴികളിൽ പലപ്പോഴും ശങ്കർ റൈ വേറിട്ടാണ്‌ നടന്നത്‌. കലാകാരൻ, ബഹുഭാഷാ പണ്ഡിതൻ, അധ്യാപകൻ എന്നൊക്കെ അറിയപ്പെട്ടു. കഠിനാധ്വാനത്തിന്റെയും വേദനയുടെയും നാളുകൾ അതിലേറെയുണ്ട്‌.  
    മുംബൈയിലായിരുന്നു കുറച്ചുകാലം.  അറ്റംപോയ ചൂണ്ടുവിരൽ കാട്ടി അദ്ദേഹം പറയുന്നു–-ഇതിനുമുണ്ട്‌  ഒരു കഥ. മുംബൈയിലെ അന്ധേരിയിൽ  ടൂൾസ്‌ കമ്പനിയിൽ ഫോർമാനായി. വിശ്രമമില്ലാത്ത ജോലിക്കിടെ  ഒരു ദിവസം കൈ മെഷീനിൽ കുടുങ്ങി. വിരലറ്റം നഷ്ടപ്പെട്ടു.  ജീവിതാനുഭവങ്ങൾ നർമത്തിൽ പൊതിയാൻ ശങ്കർ റൈക്കുണ്ട്‌ പ്രത്യേക വൈഭവം.   മടിക്കേരിയിൽനിന്ന്‌   അധ്യാപക ട്രെയിനിങ്‌ കഴിഞ്ഞ്‌ നാട്ടിലെത്തിയപ്പോൾ  അത്‌  കേരളത്തിൽ അംഗീകരിക്കില്ലെന്ന തീരുമാനം വന്നു. പ്രശ്‌നം ശ്രദ്ധയിൽപെടുത്താൻ മന്ത്രിയെ കണ്ടു.  ഒടുവിൽ തീരുമാനിച്ചു,  യക്ഷഗാന കലാകാരനായി ജീവിക്കാമെന്ന്‌.  ദാമോദർ മണ്ടച്ചയുടെ ശിഷ്യനായി.  യക്ഷഗാനവുമായി നിരവധി വേദികൾ പിന്നിട്ടു. അതിനിടെ, വിദ്യാഭ്യാസമന്ത്രി കെ ചന്ദ്രശേഖരൻ അധ്യാപക ട്രെയിനിങ്‌ കോഴ്‌സിന്‌ അനുകൂലമായി തീരുമാനമെടുത്തു.  അങ്ങനെ  ബാഡൂർ സ്‌കൂളിൽ അധ്യാപകനായി. അപ്പോഴും യക്ഷഗാനത്തെയും തുളുനാടകത്തിലെ  ചിക്കമ്മയെയും കൈവിട്ടില്ല.
   ശങ്കർ റൈയുടെ  അച്ഛൻ തിമ്മണ്ണ റൈ പറയുന്നു–-  ‘‘അവൻ കഠിനാധ്വാനിയാണ്‌.  രാവിലെ കൃഷിപ്പണിക്ക്‌ വയലിൽ ഇറങ്ങും.  കൃഷി ഉപകരണങ്ങളുണ്ടാക്കും. വൈദ്യചികിത്സക്കുവേണ്ട സഹായവും ചെയ്യും’’. 
 പുത്തിഗെയിലെ പെർള റൂട്ടിൽ മുഗർ ഗ്രാമത്തിൽ നാട്ടക്കല്ല്‌ മണ്ഡപാടി തറവാട്‌ പാമ്പുവിഷ ചികിത്സക്ക്‌ പേരുകേട്ടതാണ്‌.  ചർമരോഗം മാറ്റാനും നിരവധിപേർ  എത്തുന്നു. ശങ്കർ റൈയുടെ അച്ഛൻ വാർധക്യസഹജമായ പ്രയാസം നേരിടുന്നുവെങ്കിലും തറവാട്ടിൽ എത്തുന്നവർക്ക്‌ ചികിത്സ മുടക്കാറില്ല. ഔഷധസസ്യങ്ങൾ ശേഖരിക്കുന്നത്‌  ഇപ്പോഴും ശങ്കർ റൈയാണ്‌. അച്ഛന്റെ കാലശേഷമേ  ചികിത്സ ഏറ്റെടുക്കാവൂവെന്ന  പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
    വിശ്വാസിയായ അച്ഛനെ പിന്തുടർന്നാണ്‌ ശങ്കർ റൈക്കും കമ്യൂണിസ്‌റ്റ്‌ ആഭിമുഖ്യം വന്നത്‌.   കമ്യൂണിസ്‌റ്റ്‌–- കർഷക പോരാട്ട ഭൂമിയായ അംഗഡിമുഗറിൽ ഇ എം എസ്‌, എ കെ ജി അടക്കമുള്ള കമ്യൂണിസ്‌റ്റ്‌ നേതാക്കൾ എത്താറുണ്ടായിരുന്നു. വൈ അനന്തന്റെയും ബി കെ മുഹമ്മദ്‌ മാസ്‌റ്ററുടെയും പ്രവർത്തനങ്ങളും ആവേശംപകർന്നു. 
   കേരള  യക്ഷഗാന കലാകേന്ദ്രം പ്രസിഡന്റായിരുന്ന ഘട്ടത്തിൽ  രണ്ട്‌ യക്ഷഗാന കലാകാരന്മാർ ശങ്കർ റൈയെ വന്നുകണ്ടു. പെൻഷൻ ശരിയാക്കണമെന്നായിരുന്നു  ആവശ്യം. പെൻഷൻ ലഭിച്ചപ്പോൾ അവർ 3500 രൂപ ഏൽപ്പിച്ചിട്ടു പറഞ്ഞു–-ആദ്യ പെൻഷൻ മാഷ്‌ക്കാണ്‌. എത്ര ശ്രമിച്ചിട്ടും അവർ പണം തിരികെ വാങ്ങുന്നില്ല. ഒടുവിൽ ശങ്കർ റൈ പണം വാങ്ങി കീശയിലിട്ടശേഷം പറഞ്ഞു–- നിങ്ങൾ തന്ന തുക കൈപ്പറ്റിയിരിക്കുന്നു.  അമ്പതു രൂപ കൂടുതൽ ചേർത്ത്‌  അവർക്ക്‌ തുക  തിരികെ നൽകി. ആരുടെയും ഔദാര്യമല്ല, നിങ്ങളുടെ അവകാശമാണിതെന്ന്‌ അവരോട്‌ പറയുകയും ചെയ്‌തു. സ്ഥാനാർഥിയായതിന്റെപേരിൽ അധിക്ഷേപിക്കുന്നവർ അതു ചെയ്‌തോട്ടെ. കൂടെയുള്ള മനുഷ്യന്റെ കണ്ണീര്‌ കാണാനുള്ള മനസ്‌ കമ്യൂണിസ്‌റ്റുകാരനേയുള്ളൂ. തൊഴിലാളികളുടെയും കർഷകന്റെയും മറ്റു ജോലി ചെയ്യുന്നവരുടെയും ജീവിതം എനിക്കറിയാം–-ശങ്കർ റൈ പറയുന്നു.
പ്രധാന വാർത്തകൾ
 Top