23 October Friday

തെയ്യങ്ങളുടെ അണിയറയിൽ ഇനി കുഞ്ഞിരാമൻ വൈദ്യരില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
പിലിക്കോട് 
തെയ്യങ്ങളുടെ അണിയറയിൽ ഇനി കുഞ്ഞിരാമൻ വൈദ്യരില്ല. ശൈശവാവസ്ഥയില്‍ പോളിയോ പിടിപെട്ട് വൈകല്യം ബാധിച്ചതിനാല്‍ തെയ്യക്കോലമണിയാന്‍ അവസരം കിട്ടിയില്ലെങ്കിലും ആറുപതിറ്റാണ്ട് കാലം തെയ്യം കലയുടെ പിന്നണിയില്‍ നിറ സാന്നിധ്യമായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞ് വീണാണ് മരിച്ചത്. 
മുഖത്തെഴുത്ത്, തോറ്റംപാട്ട്, വാദ്യം, ആടയാഭരണനിര്‍മാണം തുടങ്ങിയ മേഖലകളിലെ  പ്രാഗത്ഭ്യവും തെയ്യങ്ങളുടെയും ക്ഷേത്രങ്ങളുടെയും പുരാവൃത്തങ്ങളെക്കുറിച്ചുള്ള അവഗാഹവും വൈദ്യരെ മറ്റുള്ളവരില്‍നിന്ന് 
വ്യത്യസ്തനാക്കി. 
പിലിക്കോട് വയലിലെ പ്രസിദ്ധ തെയ്യം കലാകാരന്‍ പരേതനായ കെ വി രാമന്‍ മണക്കാടന്റെയും കൊടക്കാട് വെള്ളച്ചാലിലെ പരേതയായ ഏഴോത്ത് പാറുവിന്റെയും മൂത്ത മകനാണ്‌. 13-ാം വയസ്സില്‍ അച്ഛന്റെ മുഖത്തെഴുതിക്കൊണ്ടാണ്  കലാരംഗത്തേക്ക് ചുവടുവച്ചത്. പരേതനായ കണ്ണന്‍ പെരുവണ്ണാന്‍, അമ്മാവന്‍ വെള്ളച്ചാലിലെ നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാന്‍ എന്നിവരില്‍നിന്ന് ചെറുപ്പത്തിൽ തന്നെ ബാലവൈദ്യം പഠിച്ചു. കൂടാതെ  തെയ്യങ്ങളുടെ തോറ്റംപാട്ടും മുഖത്തെഴുത്തും പരിശീലിച്ചു. 
1982-ല്‍ ഡല്‍ഹി ഏഷ്യാഡിന്റെ ഉദ്ഘാടനച്ചടങ്ങിലും കൊല്‍ക്കത്തയില്‍ നടന്ന ലോകോത്സവത്തിലും മുംബൈ, ബാംഗ്ലൂര്‍, മംഗളൂരു എന്നിവിടങ്ങളിലും 1987 -ലെ തിരുവനന്തപുരം നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും വൈദ്യരുടെ സംഘം തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി നിരവധി ശിഷ്യന്മാര്‍ ഉണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ജെ.റിച്ചാര്‍ഡ്‌സ് ഫ്രീമന്‍, ജാപ്പാനീസ് ഗവേഷക മയൂരി കോഹ തുടങ്ങിയവര്‍ മാസങ്ങളോളം വൈദ്യരുടെ ശിഷ്യന്മാരായിരുന്നു. 
തെയ്യം മുഖത്തെഴുത്തിലെ പ്രാവീണ്യത്തെ മാനിച്ചുകൊണ്ട് 2005-ല്‍ കേരള ഫോക്‌ ലോര്‍ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. 2014ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു. ആയുര്‍വേദ ബാലചികിത്സകന്‍ കൂടിയാണ് . കാലിക്കടവിലെ അദ്വൈത് വൈദ്യശാലയില്‍ ദൂരെദിക്കുകളിൽ നിന്നുപോലും വൈദ്യരെ തേടി ആളുകൾ എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top