15 December Sunday
വട്ടംചുറ്റി ഇടപാടുകാർ

തപാൽ ഓഫീസ‌് ഒന്ന‌്;പ്രവർത്തനം രണ്ടിടത്ത‌്

സ്വന്തം ലേഖകൻUpdated: Friday Jul 19, 2019
കാഞ്ഞങ്ങാട‌്
തപാൽ ഓഫീസ‌് ഒന്ന‌്; പ്രവർത്തനം രണ്ടിടത്ത‌്. കാഞ്ഞങ്ങാട‌് ഹെഡ‌്പോസ‌്റ്റോഫീസാണ‌് ഇടപാടുകാരെ വട്ടം ചുറ്റിക്കുന്നത‌്. നാലു പതിറ്റാണ്ടു മുമ്പ‌് സബ‌്പോസ‌്റ്റോഫീസായി പ്രവർത്തിച്ച അതേ കെട്ടിടത്തിലാണ‌് ഇന്നും ഹെഡ‌്പോസ‌്റ്റോഫീസിന്റെ പ്രവർത്തനം. സ്ഥലപരിമിതി മൂലം സേവിങ‌്സ‌് ബാങ്ക‌് സെക‌്ഷൻ, സബ‌് ഡിവിഷണൽ ഇൻസ‌്പെക്ടറുടെ ഓഫീസ‌് എന്നിവ ബേക്കൽ ഇന്റർ നാഷണൽ ഹോട്ടൽ കെട്ടിടത്തിന്റെ രണ്ടാം നില  വാടകയ‌്ക്കെടുത്ത‌് പ്രവർത്തിക്കുകയാണ‌്. വൃദ്ധരും വികലാംഗരും പടി കയറി രണ്ടാം നിലയിലെത്താൻ ബുദ്ധിമുട്ടുകയാണ‌്. മുമ്പ‌് സേവിങ‌്സ‌് അക്കൗണ്ടിലൂടെ കൊടുത്തിരുന്ന സാമൂഹ്യസുരക്ഷാപെൻഷനുകൾ സഹകരണ ബാങ്കുകളിലേക്ക‌് മാറ്റിയെങ്കിലും റെയിൽവേ, ടെലികോം, തപാൽ മുതലായ കേന്ദ്രസർക്കാർ സർവീസുകളിൽനിന്ന‌് റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ പോസ‌്റ്റ‌് ഓഫീസ‌് സേവിങ‌്സ‌് ബാങ്ക‌് അക്കൗണ്ടിലൂടെയാണ‌് കൊടുക്കുന്നത‌്. ഇതിനുപുറമെ 24 മഹിളാപ്രധാൻ ഏജന്റുമാർ ഈ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഇവർ മുഖാന്തരമുള്ള അക്കൗണ്ടുകൾ കാലാവധി പൂത്തിയാകുമ്പോൾ ചെക്കാണ‌് കൊടുക്കേണ്ടതെങ്കിൽ നിക്ഷേപകർ പ്രധാന ഓഫീസിൽകൂടി പോകേണ്ടിവരുന്നു. വെസ‌്റ്റേൺ യൂണിയൻ മണി ട്രാൻസ‌്ഫർ അമ്പതിനായിരത്തിനു മുകളിലാണെങ്കിൽ പോസ‌്റ്റ‌് ഓഫീസ‌് എസ‌്ബി അക്കൗണ്ടിലാണ‌് ക്രെഡിറ്റ‌് ചെയ്യുന്നത‌്‌. ഇവരും പോസ‌്റ്റ‌് ഓഫീസിനെ  ആശ്രയിക്കേണ്ടി വരുന്നു‌. 
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സെക്യൂരിറ്റി നിക്ഷേപങ്ങൾ(നാഷണൽ സേവിങ‌്സ‌് സർട്ടിഫിക്കറ്റ‌്) എടുക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള പ്ലെഡ‌്ജിങ‌് ഫീസ‌് അടയ‌്ക്കേണ്ടത‌് പ്രധാന ഓഫീസിലും ഇടപാട‌് നടത്തേണ്ടത‌് സേവിങ‌്സ‌് ബാങ്ക‌് സെക‌്ഷനിലുമാണെന്ന ബുദ്ധിമുട്ട‌് വേറെ. കെട്ടിടം നിർമിക്കാൻ സൗകര്യപ്രദമായ സ്ഥലമുണ്ടായിട്ടും കനത്ത വാടക നൽകി  ജനങ്ങളെ ബുദ്ധിമുട്ടിച്ച‌് എന്തിനാണ‌് പോസ‌്റ്റ‌് ഓഫീസ‌് രണ്ടു സ്ഥലത്തായി പ്രവർത്തിക്കുന്നത‌് എന്ന ജനങ്ങളുടെ ചോദ്യത്തിനുമാത്രം ഉത്തരമില്ല. ടെലികോം ഹെഡ‌്പോസ‌്റ്റ‌് ഓഫീസ‌് കെട്ടിടം നിൽക്കുന്ന സ്ഥലത്തും കെട്ടിടം നിർമിക്കാൻ സൗകര്യപ്രദമായ സ്ഥലമുണ്ട‌്. ദുർഗ ഹൈസ‌്കൂൾ ജങ‌്ഷനിൽ പി ആൻഡ‌് ടി ക്വാർട്ടേഴ‌്സ‌് നിൽക്കുന്ന സ്ഥലവും പോസ‌്റ്റൽ വകുപ്പിന്റെ കൈയിലാണ‌്. ഇവിടെയൊക്കെ കെട്ടിടം നിർമിക്കാനാവശ്യമായ ഭൂമി സ്വന്തമായി ഉണ്ടായിട്ടും വൃദ്ധരെയും അവശന്മാരെയും പതിനെട്ടാം പടി കയറ്റി വിഷമിപ്പിക്കാൻ തുടങ്ങിയിട്ട‌് നാളേറെയായി. ഭാരമേറിയ തപാൽ ഉരുപ്പടികൾ ചുമന്ന‌് രണ്ടാം നിലയിൽ എത്തിക്കുന്ന ജീവനക്കാരുടെ പ്രയാസം വേറെ. ഇക്കാര്യങ്ങളെല്ലാം പി കരുണാകരൻ എംപി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പ്രയാസത്തിന‌് പരിഹാരം ആവശ്യപ്പെട്ട‌് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന‌്  എൻഎഫ‌്പിഇ സംസ്ഥാന ട്രഷറർ സി കെ അശോക‌്കുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top