19 September Thursday

പാചകവാതകം ബില്ലിൽ രേഖപ്പെടുത്തിയ തുക നൽകിയാൽ മതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
കാസർകോട്‌
ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് ബില്ലിൽ രേഖപ്പെടുത്തിയ തുക മാത്രം ഡെലിവറി സമയത്ത് നൽകിയാൽ മതിയെന്ന് എഡിഎം എൻ ദേവിദാസ് പറഞ്ഞു. പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി കലക്ടറേറ്റിൽ ചേർന്ന വാതക വിതരണ ഏജൻസികളുടെയും ഓയിൽ കമ്പനികളുടെയും ഉപഭോക്തൃ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിലിണ്ടറിൽ ക്യത്യമായ അളവിൽ പാചക വാതകം ഉണ്ടോയെന്ന് ഉപഭോക്താക്കൾക്ക് പരിശാധിച്ച് ഉറപ്പ് വരുത്താം. ഇതിനായി ഗ്യാസ് സിലിണ്ടർ എത്തിക്കുന്ന വാഹനങ്ങളിൽ തൂക്കി നോക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാവും. വിതരണത്തിനായി ഗ്യാസ് ഗോഡൗണിൽ നിന്ന് ലോഡ് ചെയ്യുമ്പോൾ  ബിൽ പ്രിന്റ് ചെയ്തിട്ടുണ്ടാവും. ഇത് വിതരണത്തിനെത്തുന്ന വാഹനത്തിലുണ്ടാവും. 
സബ്‌സിഡി ക്യത്യമായി ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട്  സബ്‌സിഡി നൽകുന്ന സ്ഥാപനവുമായി ബാങ്ക് അധികൃതർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നും  ഉറപ്പ് വരുത്തണം.
പാചക വാതകവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങൾ ഇല്ലാതാക്കുന്നതിന്  സിവിൽ സപ്ലൈസ് വകുപ്പുമായി സഹകരിച്ച് ബോധവൽക്കരണം നടത്തും. രണ്ട് വർഷത്തിലൊരിക്കൽ ഗ്യാസ് സ്റ്റൗ, റഗുലേറ്റർ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. ഇതിന്  കമ്പനികൾക്ക് 150 രൂപയും നിയമാനുസൃത ജിഎസ്ടി യും ഈടാക്കാം. പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതിയിൽ നൽകാനുള്ള ഗ്യാസ് കണക്ഷൻ നടപടികൾ പൂർത്തിയാക്കി അടിയന്തിരമായി നൽകാനും നിർദേശം നൽകി. 
ഗ്യാസ് ബുക്ക് ചെയ്യാനും പെയ്‌മെന്റ് നൽകാനും ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താം. ഉപഭോക്താക്കൾക്ക് വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈൻ ആയോ ജില്ലാ ഓപൺ ഫോറം മുമ്പാകെയോ നൽകാം.  ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ്, വിവിധ വിതരണ ഏജൻസികൾ, ഉപഭോക്തൃ പ്രതിനിധികൾ തടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top